യൂണിസെഫ് പ്രവർത്തകരിൽനിന്ന് പോളിയോ വാക്സിൻ സ്വീകരിക്കുന്ന ഒരു പാലസ്തീനിയൻ കുട്ടി യൂണിസെഫ് പ്രവർത്തകരിൽനിന്ന് പോളിയോ വാക്സിൻ സ്വീകരിക്കുന്ന ഒരു പാലസ്തീനിയൻ കുട്ടി  (ANSA)

ഗാസായിൽ കുട്ടികളുടെ ജീവിതത്തിന് നിശബ്ദഭീഷണിയുയർത്തി പോളിയോ: യൂണിസെഫ്

രണ്ട് വർഷത്തിലേറെയായി നീളുന്ന യുദ്ധത്തിന്റെ ഫലമായി, ആരോഗ്യപരിപാലന, ചികിത്സാമേഖലകൾ ഏതാണ്ട് എൺപത് ശതമാനത്തോളം തകർക്കപ്പെട്ട ഗാസാ മുനമ്പിലെ കുട്ടികൾ കടുത്ത പോളിയോവൈറസ് ഭീഷണിയാണ് നേരിടുന്നതെന്ന് യൂണിസെഫ്. ഇതിനോടകം പത്ത് വയസ്സിൽ താഴെയുള്ള ആറു ലക്ഷത്തിലധികം കുട്ടികൾക്ക് വാക്സിൻ നൽകാനായെന്ന് ഈ ഐക്യരാഷ്ട്രസഭാസംഘടന ഒക്ടോബർ 23-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബർ 24-നാണ് ലോകമെങ്ങും ആഗോളപോളിയോ ദിനം ആചരിക്കുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസയിലെ കുട്ടികളുടെ ആരോഗ്യത്തിനും ജീവിതത്തിനും പോളിയോ വൈറസ് കടുത്ത ഭീഷണിയാണുയർത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഒക്ടോബർ 23 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, പാലസ്തീന-ഇസ്രായേൽ യുദ്ധത്തിന്റെ ഭാഗമായി ആരോഗ്യപരിപാലന, ചികിത്സാമേഖലകൾ ഏതാണ്ട് എൺപത് ശതമാനത്തോളം തകർക്കപ്പെട്ട ഗാസാ മുനമ്പിലെ കുട്ടികൾ നേരിടുന്ന പോളിയോ രോഗപ്രതിസന്ധിയെക്കുറിച്ച് ശിശുക്ഷേമനിധി അറിയിച്ചത്.

"ഗാസായുടെ നിശബ്ദ ഭീഷണി" (Gaza's Silent Threat) എന്ന പേരിൽ യൂണിസെഫ് തയ്യാറാക്കിയ ഒരു ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഈ പത്രക്കുറിപ്പിൽ, ഏതാണ്ട് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് 2024 ഓഗസ്റ്റ് മാസത്തിൽ പോളിയോ രോഗം ഗാസാ മുനമ്പിൽ വീണ്ടും ഉയർന്നുവന്നതെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു. എന്നാൽ കടുത്ത യുദ്ധത്തിനിടയിലും പ്രദേശത്തെ പത്ത് വയസ്സിൽ താഴെയുള്ള ആറുലക്ഷത്തിലധികം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ തങ്ങൾക്കായെന്ന് യൂണിസെഫ് അവകാശപ്പെട്ടു. ഇതിൽ ലോകാരോഗ്യസംഘടനയുടെയും മറ്റ് സഹകാരികളുടെയും പങ്ക് പ്രധാനപ്പെട്ടതായിരുന്നുവെന്ന് സംഘടന കൂട്ടിച്ചേർത്തു.

സജീവമായ ഒരു യുദ്ധമേഖലയിൽ വാക്സിനുകൾ എത്തിക്കുക എന്നത് ഏറെ സങ്കീർണ്ണവും എന്നാൽ അടിയന്തിരവുമായ ഒരു പ്രക്രിയയാണെന്ന് തങ്ങളുടെ ഡോക്യൂമെന്ററിയിൽ അനുസ്മരിച്ച യൂണിസെഫ്, സുരക്ഷാഭീഷണി, പരിമിതമായ പ്രവേശനാനുമതി, മരുന്നും മറ്റ് ഉപകരണങ്ങളും എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ തുടങ്ങി നിരവധി പ്രതിസന്ധികളാണ് ഈ പോളിയോ വാക്സിൻ വിതരണയത്നത്തിൽ തങ്ങൾ നേരിട്ടതെന്ന് വിശദീകരിച്ചു.

യൂണിസെഫും സഹകാരികളും ചേർന്ന് ഗാസാ മുനമ്പിൽ നടത്തിയത് വെറുമൊരു പ്രതിരോധമരുന്ന് വിതരണം എന്നതിനെക്കാൾ, യുദ്ധം കുട്ടികളുടെ ആരോഗ്യമേഖലയിൽ ചെലുത്തുന്ന സ്വാധീനം എത്രമാത്രമാണെന്നതിനെയും, അതിജീവനത്തിനും, പരസ്പരമുള്ള സഹകരണത്തിനും കുടുംബങ്ങളും ആരോഗ്യപ്രവർത്തകരും എത്രമാത്രം ധൈര്യം കാട്ടിയെന്നതിനെയും കുറിച്ചുള്ള ഒരു നേർസാക്ഷ്യം കൂടിയാണെന്ന് സംഘടന തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി.

ലോകമെമ്പാടും ഒക്ടോബർ 24-ന് ആഗോള പോളിയോ ദിനം ആചരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ്, ഗാസായിലെ നിശബ്ദഭീഷണി എന്ന ഈ ഡോക്യൂമെന്ററി യൂണിസെഫ് പുറത്തിറക്കിയത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഒക്‌ടോബർ 2025, 14:33