തിരയുക

ആക്രമണത്തിൽ തകർന്ന ഗാസ നഗരത്തിലെ കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്ന ഗാസ നഗരത്തിലെ കെട്ടിടങ്ങൾ  

ഗാസയിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; ജനജീവിതം ദുരിത പൂർണ്ണം

ഗസ്സയിൽ ഇസ്രായേൽ ആക്രമണം വർധിക്കുന്നത് വ്യാപക നാശനഷ്ടങ്ങൾക്കും, സാധാരണക്കാരുടെ മരണത്തിനും, രൂക്ഷമായ മാനുഷിക പ്രതിസന്ധിക്കും കാരണമാകുന്നു.

സിസ്റ്റർ ജാസ്മിൻ SIC, വത്തിക്കാൻ ന്യൂസ്

 ഇസ്രായേൽ സൈന്യം ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെ, ഗാസ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു ബഹുനില കെട്ടിടം ഇസ്രായേൽ യുദ്ധവിമാനങ്ങൾ തകർത്തു. വ്യോമാക്രമണത്തിൽ അൽ കൗത്തർ മാളിക പൂർണ്ണമായും തകർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപെടുത്തുവാൻ, രക്ഷാപ്രവർത്തകർ ഊർജ്ജിതമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കെട്ടിടത്തിൽ ധാരാളം കുടുംബങ്ങൾ താമസിച്ചിരുന്നതായും, സമീപത്ത് നിരവധി അഭയാർത്ഥികേന്ദ്രങ്ങളുണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നു.  ഈ കെട്ടിടത്തിനുള്ളിൽ ഹമാസ് ആയുധധാരികൾ ഉണ്ടെന്നു ആരോപിച്ചാണ് ആക്രമണം നടത്തിയത്. എന്നാൽ, ഇത് വാണിജ്യ സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് വേണ്ടിയുള്ള കെട്ടിടമായിരുന്നു എന്നാണ് പ്രാദേശിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ശനിയാഴ്ച നടന്ന  ആക്രമണത്തിൽ കുറഞ്ഞത് 45 പലസ്തീൻ സാധാരണക്കാർ കൊല്ലപ്പെട്ടു, അതിൽ 29 പേർ ഗാസ നഗരത്തിൽ നിന്നുള്ളവരാണ്. വർധിച്ചുവരുന്ന ബോംബാക്രമണം കാരണം നിരവധി പ്രദേശവാസികൾ  പലായനം ചെയ്യാൻ നിർബന്ധിതരാകുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഗാസയുടെ ആരോഗ്യ മന്ത്രാലയം, ആശുപത്രികളിൽ നിലവിലുള്ള ആരോഗ്യസംവിധാന ഉപകരണങ്ങളുടെ അഭാവവും റിപ്പോർട്ട് ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 സെപ്റ്റംബർ 2025, 14:12