പാരിസ്ഥിതിക പരിവർത്തനം നമ്മുടെ ചുമതല, കത്തോലിക്കാ സംഘടനകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാരിസ്ഥിതിക മാറ്റം നമ്മിൽ നിന്നുതന്നെ തുടങ്ങണമെന്നും അത് നമ്മിൽത്തന്നെ അവസാനിക്കരുതെന്നും നാല്പതോളം കത്തോലിക്കാ സംഘടനകളുടെ ഒരു സമ്മേളനം ഓർമ്മിപ്പിക്കുന്നു.
ഫ്രാൻസീസ് പാപ്പായുടെ ചാക്രികലേഖനമായ “ലൗദാത്തൊ സീ”യുടെ പത്താം വാർഷികത്തോടും വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ ജീവജാലങ്ങളുടെ സ്തുതിഗീതത്തിൻറെ എണ്ണൂറാം വാർഷികത്തോടും അനുബന്ധിച്ചു അസ്സീസിയിൽ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തിലാണ് കത്തോലിക്കാ സംഘടനകളുടെ ഈ ഓർമ്മപ്പെടുത്തൽ.
"പാരിസ്ഥിതിക പരിവർത്തനത്തിനായുള്ള ഉത്തരവാദിത്വത്തിലേക്കുള്ള വിളി: സംവാദത്തിൽ നിന്ന് സംഭാഷണങ്ങളിലേക്ക്, വാക്കുകളിൽ നിന്ന് പ്രവർത്തനത്തിലേക്ക്" എന്നതായിരുന്നു വിചിന്തന പ്രമേയം.
ഇന്ന്, എക്കാലത്തേക്കാളും കൂടുതൽ, വാക്കുകളിൽ നിന്ന് പ്രവൃത്തികളിലേക്കും, സംവാദങ്ങളിൽ നിന്ന് സംഭാഷണങ്ങളിലേക്കും, പ്രഖ്യാപനങ്ങളിൽ നിന്ന് ദൈനംദിന തിരഞ്ഞെടുപ്പുകളിലേക്കും കടക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കുന്ന ഈ സമ്മേളനം നീതിയുക്തമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് മൂർത്തമായ പ്രവർത്തനങ്ങളും ഊർജ്ജസ്വലമായ സമൂഹങ്ങളും ആവശ്യമാണെന്നും പങ്കാളിത്തത്തിലൂടെ മാത്രമേ യഥാർത്ഥ പരിവർത്തനം സംഭവിക്കൂ എന്നും അടിവരയിട്ടു പറയുന്നു.
പാരിസ്ഥിതിക ആത്മീയതയുടെ അനിവാര്യത എടുത്തുകാട്ടുന്ന സമ്മേളനം, നിസ്സംഗതയെ ചെറുക്കാനും കരുതലും സാമീപ്യവും തിരഞ്ഞെടുക്കാനും ഈ ആദ്ധ്യാത്മികത നമ്മെ ക്ഷണിക്കുന്നുവെന്ന് പറയുന്നു. അവിടെയാണ് വ്യത്യസ്തമായ ഒരു ഊർജ്ജം പുനരുപയോഗിക്കാവുന്നതും ജനാധിപത്യപരവും സമൂഹ്യവുമായ ഒന്ന് പരിപോഷിപ്പിക്കപ്പെടുന്നതെന്നും ഈ കത്തോലിക്കാ സംഘടനകൾ സമ്മേളനത്തിൽ വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: