നീതിമാന്മാരും ദുഷ്ടരും ദൈവമേകുന്ന പ്രതിഫലവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നൂറ്റിപ്പതിനൊന്നാം സങ്കീർത്തനം പോലെ, ദൈവസ്‌തുതിക്കുള്ള ആഹ്വാനം ഉൾക്കൊള്ളുന്ന ഒന്നാം വാക്യമൊഴിച്ച്, ഹെബ്രായ അക്ഷരമാലാക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്നതും പത്തു വാക്യങ്ങളുള്ളതുമായ ഒരു ജ്ഞാനകീർത്തനമാണ് നൂറ്റിപന്ത്രണ്ടാം സങ്കീർത്തനം. ദൈവകല്പനകൾ അനുസരിച്ചും, ദൈവത്തോട് ചേർന്നും വസിക്കുന്നവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ് സങ്കീർത്തകൻ പ്രതിപാദിക്കുന്നത്. നീതി പ്രവർത്തിക്കുകയും കർത്താവിൽ അചഞ്ചലമായി ആശ്രയിക്കുകയും ചെയ്യുന്നവർക്ക് സന്തതിപരമ്പരയും സമ്പദ്‌സമൃദ്ധിയും ദൈവം നൽകുമെന്നും എന്നാൽ ദുഷ്ടന്മാരുടെ ആഗ്രഹങ്ങൾ നിഷ്‌ഫലമാകുമെന്നും, അവർ പരാജയപ്പെടുമെന്നും സങ്കീർത്തനം ഉദ്ബോധിപ്പിക്കുന്നു. പ്രവാസകാലത്തിന് ശേഷം എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ സങ്കീർത്തനത്തിലെ യുക്തി, ഒന്നും നൂറ്റിപ്പതിനൊന്നും സങ്കീർത്തനങ്ങളുടേതിനോട് സാമ്യമുള്ളതാണ്. ദൈവത്തിൽ ശരണപ്പെടാനും, അവന്റെ കൽപ്പനകൾ ഭയഭക്തികളോടെ അനുസരിച്ച് നീതിപൂർവ്വം ജീവിക്കാനും അങ്ങനെ അനുഗ്രഹങ്ങൾ അവകാശമാക്കാനും വിശ്വാസികളെ ആഹ്വാനം ചെയ്യുകയാണ് നൂറ്റിപന്ത്രണ്ടാം സങ്കീർത്തനം.
ദൈവഭക്തന്റെ സമൃദ്ധി
കർത്താവിനെ സ്തുതിക്കുവാൻ ഒന്നാം വാക്യത്തിൽത്തന്നെ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന സങ്കീർത്തകൻ, കർത്താവിനെ ഭയപ്പെടുകയും, അവനിൽ ആനന്ദിക്കുകയും ശരണപ്പെടുകയും ചെയ്യുന്നവർക്കുള്ള അനുഗ്രഹങ്ങളെക്കുറിച്ചാണ് രണ്ടും മൂന്നും വാക്യങ്ങളിൽ എഴുതുന്നത്. "കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്പനകളിൽ ആനന്ദിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ" (സങ്കീ. 112, 1) എന്ന ഒന്നാം വാക്യത്തിന്റെ ആരംഭം, തങ്ങളുടെ ദൈവമായ യാഹ്‌വെയോട് ചേർന്ന് ജീവിക്കാനുള്ള ഒരു ആഹ്വാനമാണ് നൽകുന്നത്. തന്റെ കൽപ്പനകളിലൂടെ മനുഷ്യരുടെ യഥാർത്ഥ നന്മയാണ് ദൈവം ലക്ഷ്യമാക്കുന്നതെന്ന് തിരിച്ചറിയുന്നതിൽനിന്നാണ് ശരിയായ ദൈവഭയവും ദൈവത്തോട് ചേർന്നുനിൽക്കുന്നതിലുള്ള ആനന്ദവും ഉളവാകുന്നത്. ഭയമെന്ന വികാരം തിന്മയിൽനിന്ന് മാറിനിൽക്കാൻ ഒരുവനെ നിർബന്ധിതനാക്കുമ്പോൾ, സ്നേഹവും ആനന്ദവും സന്തോഷപൂർവ്വമുള്ള അനുസരണത്തിലേക്കും, അതുവഴി നന്മയിലേക്കും കൂടുതൽ അനുഗ്രഹങ്ങളിലേക്കുമാണ് വിശ്വാസിയെ നയിക്കുക.
നീതിമാൻന്മാരായ വിശ്വാസികൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചില സൂചനകളും നൂറ്റിപന്ത്രണ്ടാം സങ്കീർത്തനം നൽകുന്നുണ്ട്. രണ്ടാം വാക്യത്തിൽ കാണുന്ന സന്തതിപരമ്പരയെക്കുറിച്ചുള്ള ചിന്തയാണ് ഇതിൽ ഒന്ന്. കർത്താവിനോട് ചേർന്നുനിൽക്കുന്നവരുടെ സന്തതി ഭൂമിയിൽ പ്രബലമാവുകയും, സത്യസന്ധരുടെ തലമുറ അനുഗ്രഹീതമാവുകയും ചെയ്യുമെന്ന് ഈ വാക്യത്തിലൂടെ സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. രണ്ടാമത്തെ ചിന്ത നീതിമാനും വിശ്വസ്തനുമായ വിശ്വാസിയുടെ ഭവനത്തിന്റെ സമ്പദ്‌സമൃദ്ധിയെക്കുറിച്ചുള്ളതാണ്. മക്കളും സമ്പത്തുമൊക്കെ ദൈവാനുഗ്രഹത്തിന്റെ ഭാഗമായി കരുതപ്പെടുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ കൂടി അടിസ്ഥാനത്തിലാണ് ഈ വാക്യങ്ങളെ നമുക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിക്കുക. ദൈവത്തിന് മുന്നിൽ മക്കൾക്കടുത്ത മനോഭാവത്തോടെ ജീവിക്കുന്നതും, വരും തലമുറകൾക്കുവേണ്ടി സ്വർണ്ണമോ വെള്ളിയോ എന്നതിനേക്കാൾ, ദൈവവിശ്വാസവും ദൈവസ്നേഹവും സദ്ഗുണങ്ങളും പകർന്നുനൽകുന്നതും എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന ഒരു ചിന്തകൂടി ഈ വാക്യങ്ങൾക്ക് മുന്നിൽ ഉയരേണ്ടതുണ്ട്. ദൈവസ്നേഹവും അനുസരണവും ഭയഭക്തികളുമൊക്കെ ജീവിക്കാൻ കഴിയുമ്പോഴാണ് സത്യസന്ധതയും നീതിബോധവും ഉദാരമനസ്കതയുമൊക്കെ നമ്മിൽ വളരുകയെന്നും, അതുവഴി കൂടുതൽ ദൈവപ്രീതിയിൽ വളരാൻ സാധിക്കുകയെന്നും ഈ സങ്കീർത്തനവാക്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
നീതിമാന്മാരും ദുഷ്ടരും ദൈവവും
ദൈവഹിതമനുസരിച്ച്, ഭക്തിയിലും നീതിയിലും ഉദാരമനസ്കതയിലും ജീവിക്കുന്നവർക്കുള്ള അനുഗ്രഹങ്ങളെയും ആനന്ദത്തെയും കുറിച്ചും, ദുഷ്ടരുടെ ജീവിതത്തിന്റെ പരാജയത്തെക്കുറിച്ചും, നീതിമാന്റെ വിജയം അവരിലുളവാകുന്ന ദുശ്ചിന്തകളെക്കുറിച്ചുമാണ് സങ്കീർത്തനത്തിന്റെ നാലുമുതലുള്ള വാക്യങ്ങൾ പ്രതിപാദിക്കുന്നത്.
നാലുമുതൽ എട്ടാം വാക്യത്തിന്റെ ആദ്യഭാഗം വരെ പരാമർത്ഥഹൃദയത്തോടെയും ദൈവഭക്തിയോടെയും ജീവിക്കുന്നവന് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ് സങ്കീർത്തകൻ പ്രത്യേകമായി എഴുതുക. "പരാമർത്ഥഹൃദയന് അന്ധകാരത്തിൽ പ്രകാശമുദിക്കും" (സങ്കീ. 112, 4), ഉദാരമായി വായ്പകൊടുക്കുകയും നീതിയോടെ വ്യാപാരിക്കുകയും ചെയ്യുന്നവന് നന്മ കൈവരും (സങ്കീ. 112, 5), നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല, അവന്റെ സ്മരണ എന്നേക്കും നിലനിൽക്കും (സങ്കീ. 112, 6), ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല (സങ്കീ. 112, 7), അവൻ അഭിമാനത്തോടെ ശിരസ്സുയർത്തി നിൽക്കും (സങ്കീ. 112, 9) എന്നിങ്ങനെ വിവിധ അനുഗ്രഹങ്ങളും പ്രത്യേകതകളുമാണ് സങ്കീർത്തനം എടുത്തുപറയുന്നത്. ദൈവത്തോട് സത്യസന്ധമായി ചേർന്നുനിൽക്കുകയും അവനിൽ ആത്മാർത്ഥമായി ശരണപ്പെടുകയും, ദൈവകൽപനകളും നിയമങ്ങളും പാലിച്ച്, നന്മയിൽ ജീവിക്കുകയും ചെയ്യുന്ന ഒരുവന്റെ അന്ധകാരനിമിഷങ്ങളിൽ ദൈവികമായ വെളിച്ചമെത്തുമെന്നും, ഏതു വിഷമഘട്ടങ്ങളെയും, പ്രതിസന്ധികളെയും ധൈര്യപൂർവ്വം അഭിമുഖീകരിക്കാൻ അവന് സാധിക്കുമെന്നും, അവന്റെ ജീവിതം അനുഗ്രഹങ്ങളാലും സദ്ഗുണങ്ങളാലും നിറയുമെന്നും സങ്കീർത്തനം ഉദ്ബോധിപ്പിക്കുന്നു. അവൻ ശരണപ്പെടുന്നത്, ഭൗമികമായ ശക്തികളിലോ, സ്വന്തം കരബലത്തിലോ അല്ല, മറിച്ച് സർവ്വത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവത്തിലാണ്.
യഥാർത്ഥ ദൈവവിശ്വാസം നന്മയിലേക്കും, നീതിബോധത്തിലേക്കും കാരുണ്യമനോഭാവത്തിലേക്കും ഒരുവനെ നയിക്കേണ്ടതുണ്ടെന്നുകൂടി നൂറ്റിപന്ത്രണ്ടാം സങ്കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട്. പരാമർത്ഥഹൃദയൻ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ് (സങ്കീ. 112, 4) എന്നാണ് നാലാം വാക്യത്തിൽ നാം കാണുന്നത്. ഉദാരമായി, നീതിയോടെ വായ്പകൊടുക്കുന്നവന് നന്മ കൈവരുമെന്നും (സങ്കീ. 112, 5) സങ്കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട്. നീതിമാൻ ദരിദ്രർക്ക് ഉദാരമായി ദാനം ചെയ്യുന്നുവെന്നും, അവന്റെ നീതി എന്നേക്കും നിലനിൽക്കുന്നുവെന്നും (സങ്കീ. 112, 9) ഒൻപതാം വാക്യത്തിലും സങ്കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട്. ദൈവം ഒരുവനിലേക്കൊഴുക്കുന്ന അനുഗ്രഹങ്ങളും നന്മകളും കാരുണ്യവുമൊക്കെ, അളവുകളില്ലാതെ അപരനിലേക്ക് പകരാൻ ഒരു വിശ്വാസിക്ക് സാധിക്കണമെന്ന്, ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ ജ്ഞാനവും അറിവും, നീതിബോധത്തിലേക്കും പങ്കുവയ്ക്കൽ മനോഭാവത്തിലേക്കുമാണ് ഒരുവനെ നയിക്കേണ്ടതെന്നാണ് ഈ വാക്യങ്ങൾ ഉദ്ബോധിപ്പിക്കുക.. ഇപ്രകാരമുള്ള പങ്കുവയ്ക്കലിലൂടെക്കൂടിയാണ് അവന്റെ നീതിയും സ്മരണയും എന്നേക്കും നിലനിൽക്കുക (സങ്കീ. 112, 3; 6). പ്രഭാഷകന്റെ പുസ്തകത്തിലും ദാനധർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകൾ നമുക്ക് കാണാനാകും (പ്രഭാ. 3, 30; 7, 10).
ദൈവാശ്രയബോധവും വിശ്വാസവും ഇല്ലാതെ, ദൈവത്തിൽനിന്നും മനുഷ്യരിൽനിന്നും അകന്ന് തിന്മയിൽ ജീവിക്കുന്ന ദുഷ്ടർക്കുള്ള ശിക്ഷ എന്തായിരിക്കുമെന്നുകൂടി ഈ ജ്ഞാനകീർത്തനം ഉദ്ബോദിപ്പിക്കുന്നുണ്ട്. നീതിമാൻ ശത്രുക്കളുടെ പരാജയം കാണുമെന്ന് (സങ്കീ. 112, 8) എഴുതുന്ന സങ്കീർത്തകൻ, നീതിമാനായ വിശ്വാസിയുടെ വിജയത്തിന്റെയും, അവനിലക്ക് ചൊരിയപ്പെടുന്ന അനുഗ്രഹങ്ങളുടെയും മുന്നിൽ കോപിക്കുകയും പല്ലിറുമ്മുകയും ചെയ്യുന്ന ദുഷ്ടനെക്കുറിച്ചും (സങ്കീ. 112, 10) സങ്കീർത്തനത്തിന്റെ അവസാനവാക്യത്തിൽ എഴുതുന്നുണ്ട്. ദുഷ്ടന്റെ ആഗ്രഹങ്ങൾ നിഷ്ഫലമാകുമെന്നും, വേദനയിലും നിരാശയിലും അവന്റെ ഉള്ളുരുകുമെന്നും സങ്കീർത്തനം ഇവിടെ ഓർമ്മിപ്പിക്കുന്നു. ദൈവകാരുണ്യവും സ്നേഹവും നിഷേധിച്ച്, തന്നിൽത്തന്നെ ആശ്രയിച്ച്, മറ്റുള്ളവർക്കെതിരെ തിന്മ പ്രവർത്തിച്ച് ജീവിക്കുന്നവരുടെ അവസാനം എന്തായിരിക്കുമെന്ന ഉദ്‌ബോധനമാണ് ഈ ജ്ഞാനകീർത്തനം നൽകുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
വിശ്വാസത്തിലും നീതിയിലും സത്യസന്ധതയിലും ദൈവാശ്രയബോധത്തിലും ജീവിക്കുന്നവർക്കുള്ള പ്രതിഫലത്തെയും, തിന്മയിൽ ജീവിക്കുന്നവർക്കുള്ള ശിക്ഷയെയും കുറിച്ച് ഉദ്ബോധിപ്പിക്കുന്ന നൂറ്റിപന്ത്രണ്ടാം സങ്കീർത്തനവിചിന്തനങ്ങൾ ചുരുക്കുമ്പോൾ, തന്റെ വിശ്വാസികളിൽ അനുഗ്രഹങ്ങൾ ചൊരിയുന്ന ദൈവത്തെ സങ്കീർത്തകനും ഇസ്രായേൽ ജനത്തിനുമൊപ്പം നമുക്കും സ്തുതിക്കാം. ദൈവത്തെയും അവന്റെ കൽപ്പനകളെയും ഭയഭക്തിബഹുമാനങ്ങളോടെ ഉൾക്കൊള്ളുകയും, ദൈവികമായ നീതിയും കാരുണ്യവും അചഞ്ചലമായ വിശ്വാസവും ജീവിക്കുകയും, അതുവഴി ദൈവത്തിന്റെ കൂടുതലായ അനുഗ്രഹങ്ങൾക്ക് അവകാശികളാകുകയും ചെയ്യാം. ഒരിക്കലും കുറയാത്ത സ്നേഹത്തോടെയും, കരുത്തോടെയും ദൈവം നമ്മോടൊപ്പമുണ്ടാകട്ടെ. സങ്കീർത്തനം ഉദ്ബോധിപ്പിക്കുന്നതുപോലെ, ദൈവത്തിൽനിന്ന് നമ്മിലേക്ക് ഒഴുകപ്പെടുന്ന അനുഗ്രഹങ്ങളും നന്മകളും സഹോദരങ്ങളിലേക്കും സ്നേഹവും കാരുണ്യവും നീതിയുമായി പങ്കുവയ്ക്കാനും, ജീവിതം മറ്റുള്ളവർക്കുകൂടി മാതൃകയാക്കാനും നമുക്ക് പരിശ്രമിക്കാം. ദൈവത്തിനും മനുഷ്യർക്കും മുന്നിൽ അഭിമാനത്തോടെ ശിരസ്സുയർത്തി നിൽക്കാൻ നമുക്കും സാധിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: