ഭുകമ്പബാധിത മ്യന്മാറിന് സഹായാഭ്യർത്ഥനയുമായി പ്രാദേശിക കാരിത്താസ് സംഘടന!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആയിരങ്ങളുടെ ജീവനെടുക്കുകയും കനത്തനാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത ഭീകര ഭൂകമ്പദുരന്തം മൂലം യാതനകളനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തനസംഘടനയായ കരിത്താസിൻറെ പ്രാദേശിക ഘടകം സഹായം അഭ്യർത്ഥിക്കുന്നു.
“കരുണ മ്യന്മാർ” എന്ന പേരിൽ അറിയപ്പെടുന്ന ഈ കാരിത്താസ് സംഘടന പ്രേഷിത വാർത്താ ഏജൻസിയായ ഫീദെസിന് ഈ അഭ്യർത്ഥന അയച്ചുകൊടുക്കുകയായിരുന്നു.
ഭക്ഷണത്തിൻറെയും ഔഷധങ്ങളുടെയും പാർപ്പിടങ്ങളുടെയും അടിയന്തിരാവശ്യമുണ്ടെന്നും മുറിവേറ്റവരും പാർപ്പിടരഹിതരുമായ ആയിരക്കണക്കിനാളുകൾ വഴിയാധാരമായിരിക്കയാണെന്നും കാരിത്താസ് വെളിപ്പെടുത്തുന്നു.
മ്യന്മാറിൽ മാർച്ച് 28-ന് വെള്ളിയാഴ്ച (28/03/25) പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-നാണ് ഭൂകമ്പമാപനിയായ റിക്ടെർ സ്കെയിലിൽ 7 ദശാംശം 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. മരണസംഖ്യ കൃത്യമല്ലെങ്കിലും മൂവായിരത്തിലേറെ പേർക്ക് ജീവാപായം സംഭവിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. നാലായിരത്തിലേറേപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്.
അയൽ രാജ്യങ്ങളിലും ഇതിൻറെ പ്രകമ്പനം അനുഭവപ്പെട്ടു. തായ്ലൻറിൻറെ എല്ലാഭാഗങ്ങളിലും പ്രകമ്പനമുണ്ടാവുകയും തലസ്ഥാനമായ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന 33 നില കെട്ടിടം നിലംപൊത്തുകയും അനേകർ മരണമടയുകയും ചെയ്തു. ഇന്ത്യയിൽ കോൽക്കത്തയിലും വടക്കുകഴിക്കൻ സംസ്ഥാനങ്ങളിലും ചൈനയിൽ സിചുവാൻ, യുനാൻ പ്രവിശ്യകളിലും, ബംഗ്ലാദേശിൽ ധാക്ക, ഛത്തോഗ്രം എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി. മ്യന്മാറിൽ മാർച്ച് 31-ഏപ്രിൽ 6 വരെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: