സിറിയൻ കുട്ടികളിൽ ഭൂരിഭാഗവും ജനിച്ചത് യുദ്ധകാലത്തെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ പതിനാല് വർഷങ്ങളോളം വിവിധ സംഘർഷങ്ങളിലൂടെ കടന്നുപോയ സിറിയയിലെ ഒരുകോടിയിലധികം വരുന്ന കുട്ടികളിൽ എഴുപത്തിയഞ്ച് ലക്ഷത്തോളം കുട്ടികളും യുദ്ധാന്തരീക്ഷത്തിലാണ് ജനിച്ചതെന്നും, ഈ മാസത്തിൽ മാത്രം സിറിയൻ തീരദേശപ്രദേശങ്ങളിലുണ്ടായ അക്രമങ്ങളിൽ പതിമൂന്ന് കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്നും യൂണിസെഫ്. മാർച്ച് 26 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് സിറിയയിലെ കുട്ടികൾ കടന്നുപോകുന്ന ദുരിതാവസ്ഥയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി എഴുതിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇനിയും പൊട്ടിത്തെറിക്കാത്ത ഏതാണ്ട് മൂന്ന് ലക്ഷത്തോളം സ്ഫോടകവസ്തുക്കൾ ഉപേക്ഷിക്കപ്പെട്ടു കിടപ്പുണ്ടെന്നും, ഇവയുൾപ്പെടെയുള്ള ആയുധങ്ങൾ അൻപത് ലക്ഷത്തോളം കുട്ടികളുടെ ജീവന് ഭീഷണിയുയർത്തുന്നുണ്ടെന്നും യൂണിസെഫ് അപലപിച്ചു.
രാജ്യത്തെ വിദ്യാഭ്യാസരംഗവും വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയിച്ച ഐക്യരാഷ്ട്രസഭാസംഘടന, സിറിയയിലെ ഇരുപതിനായിരത്തോളം വരുന്ന സ്‌കൂളുകളിൽ നാൽപ്പത് ശതമാനവും അടച്ചിട്ടിരിക്കുകയാണെന്നും, അതുവഴി ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷത്തോളം കുട്ടികൾക്കാണ് വിദ്യാഭ്യാസം നഷ്ടപ്പെടുന്നതെന്നും വിശദീകരിച്ചു. പത്ത് ലക്ഷത്തോളം കുട്ടികൾ സ്‌കൂൾവിദ്യാഭ്യാസം ഉപേക്ഷിച്ചേക്കാമെന്നും യൂണിസെഫ് അറിയിച്ചു.
രാജ്യത്ത് അഞ്ചുവയസ്സിന് താഴെയുള്ള അഞ്ചുലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുകയാണെന്ന് ശിശുക്ഷേമനിധി കൂട്ടിച്ചേർത്തു. സിറിയയിലെ കുട്ടികൾക്ക് സുരക്ഷിതവും അഭിവൃദ്ധവുമായ ഒരു ഭാവി ഒരുക്കുന്നതിനായി വേണ്ട സഹായങ്ങൾ ആവശ്യമുണ്ടെന്ന് യൂണിസെഫ് എഴുതി.
വർഷങ്ങളായി തുടർന്ന സംഘർഷങ്ങൾ സിറിയയിലെ കുട്ടികളുടെ ജീവിതം താറുമാറാക്കിയെന്നും, അവരിൽ പലരും ഏറെ ബുദ്ധിമുട്ടേറിയ ഒരു ജീവിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു.
കുട്ടികളുടെ സുരക്ഷിതത്വവും അവരുടെ ആവശ്യസേവനങ്ങളും ഉറപ്പാക്കണമെന്നും, കുട്ടികൾക്കായി, കൂടുതൽ തുറന്ന മാനവികസഹായസാധ്യതകൾ ഉറപ്പാക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: