സുഡാനിൽ ചെറുകുട്ടികൾ പോലും ലൈംഗികചൂഷണങ്ങൾക്ക് വിധേയരാകുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സായുധസംഘർഷങ്ങൾ തുടരുന്ന സുഡാനിൽ അഞ്ചുവയസ്സിൽ താഴെയുള്ള പതിനാറ് കുട്ടികൾ ബലാത്സംഗത്തിനിരകളായെന്നും, അവരിൽ നാലുപേർ ഒരു വയസ്സ് മാത്രമുള്ളവരായിരുന്നുവെന്നും യൂണിസെഫ്. മാർച്ച് നാലാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് 2024-ൽ സുഡാനിൽ കുട്ടികൾക്കെതിരായ നടന്ന ലൈംഗികചൂഷണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അറിയിച്ചത്.
സുഡാനിൽ 2024-ൽ മാത്രം 221 കുട്ടികൾ ബലാത്സംഗത്തിനിരകളായെന്ന്, "സുഡാനിൽ കുട്ടികൾക്ക് നേരിടുന്ന ബലാത്സംഗപ്രതിസന്ധി" എന്ന പേരിൽ തയ്യാറാക്കിയ റിപ്പോർട്ടിലൂടെ ശിശുക്ഷേമനിധി വ്യക്തമാക്കി. ഇവരിൽ അറുപത്തിയാറ് ശതമാനവും പെൺകുട്ടികളാണ്. രാജ്യത്ത് മറ്റ് 77 ലൈംഗികാതിക്രമകേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇവയിൽ പലതും ബലാത്സംഗശ്രമങ്ങളായിരുന്നുവെന്നും യൂണിസെഫ് അറിയിച്ചു.
ഒരുവയസ്സ് മാത്രം പ്രായമുള്ള കുട്ടികൾക്ക് നേരെ പോലും സായുധരായ ആളുകൾ ലൈംഗികചൂഷണങ്ങൾ നടത്തുന്നുവെന്ന കാര്യം, അധികാരികൾ ഇത്തരമൊരു തിന്മയ്‌ക്കെതിരെ ഉടനടി പ്രതികരിക്കാൻ തയ്യാറാകേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നതെന്ന് യൂണിസെഫ് ഡയറക്ടർ ജനറ കാതറിൻ റസ്സൽ പ്രസ്താവിച്ചു. സുഡാനിൽ ലക്ഷക്കണക്കിന് കുട്ടികളാണ് ബലാത്സംഗമുൾപ്പെടെ വിവിധ ലൈംഗികചൂഷണങ്ങളുടെ ഭീതിയിൽ കഴിയേണ്ടിവരുന്നതെന്ന് യൂണിസെഫ് അദ്ധ്യക്ഷ വിശദീകരിച്ചു.
സാമൂഹികവും ഗാർഹികവുമായ പ്രതികരണങ്ങൾ ഭയന്ന് പലരും ലൈംഗികചൂഷണങ്ങളെക്കുറിച്ച് പുറത്തുപറയാറില്ലെന്നും, അതുകൊണ്ടുതന്നെ നിലവിലെ കണക്കുകൾ യഥാർത്ഥ എണ്ണത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂവെന്നും യൂണിസെഫ് ഓർമ്മിപ്പിച്ചു. ഇത്തരം ചൂഷണങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകളും പെൺകുട്ടികളും തങ്ങളുടെ ഭവനമോ കുടുംബമോ ഉപേക്ഷിച്ച് മറ്റ് നഗരങ്ങളിൽ അഭയം തേടാൻ നിർബന്ധിതരാകുകയാണെന്നും ശിശുക്ഷേമനിധി അറിയിച്ചു.
സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും, അതിന്മേൽ സമ്മർദ്ദം ചെലുത്താൻ കഴിയുന്നവരും, കുട്ടികൾക്കെതിരായ ലൈംഗികചൂഷണങ്ങൾ അവസാനിപ്പിക്കാനായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. സുഡാനിലെ സർക്കാർ അന്താരാഷ്ട്രമാനവികനിയമങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനത്തിന്റെ, പ്രത്യേകിച്ച് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ശിശുക്ഷേമനിധി ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: