സുഡാനിൽ എട്ടുലക്ഷത്തിലധികം കുട്ടികൾ അഭയാർത്ഥിക്യാമ്പുകളിൽ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദീർഘനാളുകളായി സായുധസംഘർഷങ്ങൾ തുടരുന്ന സുഡാനിലെ അൽ ഫാഷറിലും സാംസാമിലുമുള്ള ക്യാമ്പുകളിലായി എട്ടുലക്ഷത്തിലധികം കുട്ടികൾ അഭയാർത്ഥികളായി കഴിയാൻ നിർബന്ധിതരായിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. മാർച്ച് 27 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് വടക്കുകിഴക്കൻ ആഫ്രിക്കയിലുള്ള സുഡാനിലെ കുട്ടികൾ അനുഭവിക്കേണ്ടിവരുന്ന ദുർസ്ഥിതിയെക്കുറിച്ച് ശിശുക്ഷേമനിധി പ്രസ്താവന നടത്തിയത്.
ഭക്ഷണസാധനങ്ങളുൾപ്പെടെയുള്ള ആവശ്യസാമഗ്രികൾ എത്തിക്കാനാകുന്നില്ലെങ്കിൽ രാജ്യത്തെ അഞ്ചുലക്ഷത്തോളം കുട്ടികളുടെ ജീവൻ അപകടസ്ഥിതിയിലേക്കാണ് നീങ്ങുകയെന്ന് അറിയിച്ച സുഡാനിലെ യൂണിസെഫ് പ്രതിനിധി ഷെൽഡൺ യെറ്റ്, കിഴക്കൻ ഡാർഫുറിൽ ഏതാണ്ട് നാലരലക്ഷത്തിലധികം (457.000) കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ ഇരകളാണെന്ന് വ്യക്തമാക്കി. ഇവരിൽ ഒന്നരലക്ഷത്തോളം (146.000) കുട്ടികൾ മാരകമായ രീതിയിൽ അതികഠിനമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. കുടിയിറങ്ങാൻ നിർബന്ധിതരായ കുട്ടികളിൽ 83 ശതമാനവും ഈ പ്രദേശത്താണ് താമസിക്കുന്നത്.
രാജ്യത്ത് ദുരിതാവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികളുടെ യഥാർത്ഥ എണ്ണം ഇതിലുമധികമായിരിക്കുമെന്ന് പ്രസ്താവിച്ച ഷെൽഡൺ യെറ്റ്, ഭൂമിയിൽ നരകാവസ്ഥയിൽ ജീവിക്കേണ്ടിവരുന്ന ഈ കുട്ടികൾക്ക് നേരെ കണ്ണടയ്ക്കാൻ നമുക്കാകില്ലെന്ന് ഓർമ്മിപ്പിച്ചു.
2024 ഏപ്രിൽ മാസം മുതൽ കിഴക്കൻ ഡാർഫുറിൽ ക്യാമ്പുകളിൽ കഴിയുന്ന ആറുലക്ഷത്തോളം പേരുണ്ടായിരുന്നുവെന്നും, കഴിഞ്ഞ ആറാഴ്ചകളിൽ അറുപതിനായിരത്തോളം ആളുകൾ കൂടി ഇവിടേക്കെത്തിയെന്നും യൂണിസെഫ് പ്രതിനിധി അറിയിച്ചു. അൽ ഫാഷറിലുള്ള ക്യാമ്പുകളിൽ ഏതാണ്ട് ഒൻപത് ലക്ഷത്തോളം ആളുകളും സാംസാമിൽ ഏഴരലക്ഷത്തോളം ആളുകളും കഴിയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ പകുതിയോളം കുട്ടികളാണ്.
രാജ്യത്ത് സായുധസംഘങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ആക്രമണം അഴിച്ചുവിടുകയാണെന്നും, മാനവികസഹായമെത്തിക്കുന്നത് അസാധ്യമാകുന്ന നിലയിലേക്കാണ് സ്ഥിതിഗതികൾ എത്തിയിരിക്കുന്നതെന്നും ശിശുക്ഷേമനിധി വ്യക്തമാക്കി. ഭക്ഷണം, ജലം, മരുന്നുകൾ തുടങ്ങിയവ ലഭ്യമല്ലെന്നും, കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വില രണ്ടിരട്ടിയായി വർദ്ധിച്ചുവെന്നും സംഘടന കൂട്ടിച്ചേർത്തു.
ഇരു ക്യാമ്പുകളിലുമുള്ള കുട്ടികളുടെ ജീവൻ നിലനിറുത്തുവാനായി മാനവികസഹായമെത്തിക്കുന്നത് തടയരുതെന്നും, അന്താരാഷ്ട്രനിയമങ്ങൾ പാലിക്കപ്പെടണമെന്നും യൂണിസെഫ് സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്ന വിവിധ സംഘടനകളോടും സുഡാൻ സർക്കാരിനോടും തങ്ങളുടെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: