ആഗോളശിശുമരണനിരക്ക് കുറഞ്ഞു: ഐക്യരാഷ്ട്രസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2023-ലെ തങ്ങളുടെ കണക്കുകൾ പ്രകാരം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് വലിയതോതിൽ കുറഞ്ഞതായും, ഗർഭസ്ഥശിശു മരണനിരക്കിൽ ചെറിയ കുറവുണ്ടായതായും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ലോകാരോഗ്യസംഘടന, ലോകബാങ്ക്, സാമ്പത്തിക-സാമൂഹ്യകാര്യങ്ങൾക്കായുള്ള ഡിപ്പാർട്ട്മെന്റ് (UNICEF/OMS/BM/UN DESA) എന്നിവർ അറിയിച്ചു. ശിശുമരണനിരക്ക് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട രണ്ട് റിപ്പോർട്ടുകളിലൂടെയാണ്, ലോകവ്യാപകമായി ശിശുമരണനിരക്കിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവുണ്ടായതായി ഐക്യരാഷ്ട്രസഭാസംഘടനകൾ രേഖപ്പെടുത്തിയത്.
ഐക്യരാഷ്ട്രസഭയായുടെ കണക്കുകൾ പ്രകാരം നാല്പത്തിയെട്ട് ലക്ഷം കുട്ടികളാണ് അഞ്ചുവയസ്സെത്തുന്നതിന് മുൻപ് മരണമടഞ്ഞത്. എന്നാൽ ഗർഭസ്ഥശിശുമരണനിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ കുറവ് രേഖപ്പെടുത്തിയില്ല. ഏതാണ്ട് പത്തൊൻപത് ലക്ഷം കുട്ടികളാണ് ഗർഭകാലാവസ്ഥയിൽ മരണമടഞ്ഞത്.
പഠനങ്ങൾ പ്രകാരം ജനനവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ മൂലവും, ഗർഭകാലം പൂർത്തിയാകുന്നതിന് മുൻപുള്ള ജനനവുമായി ബന്ധപ്പെട്ടും, ജനിച്ച് ഒരു മാസത്തിനുള്ളിലാണ് ശിശുമരണങ്ങളിൽപ്പെട്ട പകുതിയോളം കുട്ടികൾ മരണമടഞ്ഞത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ശൈശവമരണനിരക്ക് കൂടുതൽ. ശൈശവമരണത്തിന്റെ ഇരകളിൽ എൺപത് ശതമാനവും, ആഫ്രിക്കയിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും നിന്നുള്ളവരാണ്.
രണ്ടായിരാമാണ്ടിനെ അപേക്ഷിച്ച് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് പകുതിയായതായും, ഗർഭസ്ഥശിശുമരണനിരക്ക് മൂന്നിലൊന്നോളം കുറഞ്ഞതായും ഐക്യരാഷ്ട്രസഭാസംഘടനകൾ മാർച്ച് 25 ചൊവ്വ്വാഴ്ച പുറത്തുവിട്ട പുതിയ ഈ റിപ്പോർട്ടുകളിലൂടെ വ്യക്തമാക്കി.
പ്രതിരോധമരുന്നുകളുടെയും, പോഷകാഹാരത്തിന്റെയും, ശുദ്ധജലത്തിന്റെയും സഹായത്തോടെ ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവനാണ് ഇന്ന് രക്ഷിക്കാനാകാനുന്നതെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു. അതേസമയം, ഇത്തരം പ്രവർത്തനങ്ങൾക്ക് ധനസഹായമേകിയിരുന്ന പ്രധാനപ്പെട്ട രാജ്യങ്ങൾ, തങ്ങളുടെ സഹായം വെട്ടിക്കുറച്ചതിനെത്തുടർന്ന്, കഴിഞ്ഞ പത്തുവർഷങ്ങളിലെ പരിശ്രമങ്ങൾ അപകടകരമായ നിലയിലേക്ക് പോകാനുള്ള സാധ്യതയാണുള്ളതെന്ന് ഐക്യരാഷ്ട്രസഭ പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: