ആഗോള ധനസഹായ പ്രതിസന്ധി കുട്ടികളിൽ പോഷകാഹാരക്കുറവ് രൂക്ഷമാക്കും
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യുദ്ധവും, മറ്റു അടിയന്തിര സാഹചര്യങ്ങളും മൂലം, ഉടലെടുത്ത ആഗോള സാമ്പത്തിക മാന്ദ്യം, പാവപ്പെട്ട കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന്, യൂണിസെഫ് സംഘടന ചൂണ്ടിക്കാണിച്ചു. എത്യോപ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ മാത്രം 1.3 ദശലക്ഷം കുട്ടികൾ ഈ ദുരിതത്തിന് ഇരകളാകുമെന്നാണ് കണക്കുകൾ എടുത്തു കാണിക്കുന്നത്. ഇത് കുട്ടികൾക്കിടയിൽ മരണസാധ്യതകളും വർധിപ്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ, വിവിധ രാജ്യങ്ങളിൽ, സർക്കാരുകളുടെയും, മറ്റു സംഘടനകളുടെയും സഹായത്തോടെ, പോഷകാഹാരക്കുറവ് പരിഹരിക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും, തത്സമയമുള്ള സാമ്പത്തിക ഞെരുക്കം ഈ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
2025-ൽ 146 രാജ്യങ്ങളിലെ 213 ദശലക്ഷത്തിലധികം കുട്ടികൾക്ക് മാനുഷിക സഹായം ആവശ്യമായി വരുമെന്നാണ് സംഘടന കണക്കാക്കുന്നത്. കുട്ടികളുടെ നിലനിൽപ്പിനും ക്ഷേമത്തിനും വേണ്ടി നിക്ഷേപിക്കുന്നത് ഓരോ സർക്കാരിന്റെയും കടമയാണെന്നും യൂണിസെഫ് സംഘടന വാർത്താകുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
എത്യോപ്യയിൽ, പ്രതിമാസം 74,500 കുട്ടികൾക്കും, നൈജീരിയയിൽ പ്രതിമാസം 80,000 കുട്ടികൾക്കുമാണ് ചികിത്‌സകൾ ആവശ്യമായി വരുന്നത്. എന്നാൽ സാമ്പത്തിക മാന്ദ്യം ആരോഗ്യമേഖലയിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിനാൽ, ഈ കുട്ടികളുടെ ജീവൻ അപകടത്തിലാകുമെന്ന മുന്നറിയിപ്പും സംഘടന നൽകുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: