ഇസ്രായേൽ ആക്രമണത്തിൽ ഗാസായിലെ 130-ലധികം കുട്ടികൾ കൊല്ലപ്പെട്ടു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തിങ്കളാഴ്ച വൈകിട്ട് ഗാസാ പ്രദേശത്ത് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടുവെന്നും, അവരിൽ 130-ലധികം പേർ കുട്ടികളായിരുന്നുവെന്നും യൂണിസെഫ്. കഴിഞ്ഞ ഒരു വർഷത്തിൽ, ഒരു ദിവസം മാത്രം ഇത്രയും കുട്ടികൾ കൊല്ലപ്പെടുന്നത് ഇതാദ്യമായാണെന്ന്, ഈ അക്രമണത്തെക്കുറിച്ച് നടത്തിയ പ്രസ്‌താവനയിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ അപലപിച്ചു.
അഭയാർത്ഥിക്യാമ്പുകളിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെയും അവരുടെ കുടുംബങ്ങളെയുമാണ് കഴിഞ്ഞ രാത്രിയിലെ ആക്രമണം മരണത്തിലേക്ക് തള്ളിവിട്ടതെന്ന് യൂണിസെഫ് അദ്ധ്യക്ഷ അറിയിച്ചു. കഴിഞ്ഞ പതിനാറ് ദിവസങ്ങളിലധികമായി ഗാസാ പ്രദേശത്തേക്കുള്ള മാനവികസഹായം അതിർത്തിപ്രദേശങ്ങളിൽ തടയപ്പെട്ടിരിക്കുന്നതിനിടയിലാണ് ഇസ്രായേൽ ഗാസായ്ക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടത്.
ഉപ്പുജലം ശുദ്ധീകരിക്കുന്ന ഗാസായിലെ പ്രധാന ഫാക്ടറിയിലേക്കുള്ള വിദ്യശ്ചക്തി തടസ്സപ്പെടുത്തിയതിനെത്തുടർന്ന്, പ്രദേശത്ത് ശുദ്ധജലലഭ്യത വലിയ തോതിൽ കുറഞ്ഞതായും യൂണിസെഫ് അറിയിച്ചു.
കഴിഞ്ഞ പതിനഞ്ച് മാസങ്ങളിലധികമായി ഗാസാ പ്രദേശത്ത് ഏതാണ്ട് പത്ത് ലക്ഷത്തിലധികം കുട്ടികളാണ് കടുത്ത പ്രതിസന്ധികൾ അഭിമുഖീകർക്കുന്നതെന്നും, ഗാസായ്ക്ക് നേരെയുള്ള അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ശിശുക്ഷേമനിധി ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളോടും ഉടൻ വെടിനിറുത്തൽ പുനഃസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത യൂണിസെഫ്, നിലവിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാൻ എല്ലാ ശ്രമങ്ങളും വേണമെന്ന് ഈ പ്രദേശത്ത് സ്വാധീനമുള്ള എല്ലാ രാജ്യങ്ങളോടും തങ്ങൾ ആവശ്യപ്പെടുന്നുവെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അന്താരാഷ്ട്രമാനവികാവകാശങ്ങൾ പാലിക്കപ്പെടണമെന്നും, അതുവഴി, മാനവികസഹായം ലഭ്യമാക്കുന്നത് ഉറപ്പാക്കണമെന്നും, പൊതുജനത്തിന്റെ സംരക്ഷണവും, തടവിലാക്കപ്പെട്ടവരുടെ സ്വാതന്ത്ര്യവും ഉടൻ നടപ്പിലാക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
നിലവിലെ ചർച്ചകളനുസരിച്ചുള്ള തീരുമാനങ്ങൾക്ക് വിരുദ്ധമായി ഹമാസ് പ്രവർത്തിച്ചുവെന്ന് ആരോപിച്ച ഇസ്രായേൽ ഗാസായിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ മുന്നൂറ്റൻപതോളം പേരെങ്കിലും കൊല്ലപ്പെട്ടതായാണ് പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: