പതിനാല് വർഷത്തെ സംഘർഷങ്ങൾ മൂലം സിറിയ നേരിടുന്നത് വലിയ മാനവികപ്രതിസന്ധി: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സിറിയ നേരിടുന്നത് ലോകത്തിലെതന്നെ ഏറ്റവും വലിയ മാനവികപ്രതിസന്ധികളിലൊന്നാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സിറിയയിലെ ഏതാണ്ട് എഴുപത്തിയഞ്ച് ലക്ഷം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും, മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള അവരുടെ പ്രതീക്ഷ മുൻപെന്നത്തേക്കാളും ശക്തമാണെന്നും മാർച്ച് 18 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ യൂണിസെഫ് എഴുതി. കഴിഞ്ഞ പതിനാല് വർഷങ്ങൾ നീണ്ട സംഘർഷങ്ങളും അവയുളവാക്കിയ പ്രതിസന്ധികളും സിറിയയെ കടുത്ത മാനവികപ്രതിസന്ധിയിലേക്കാണെത്തിച്ചതെന്ന് യൂണിസെഫ് അപലപിച്ചു.
രാജ്യത്ത് ഏതാണ്ട് ഒരുകോടി അറുപത്തിയേഴ് ലക്ഷം ജനങ്ങൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും, ഇവരിൽ എഴുപത്തിയഞ്ച് ലക്ഷവും കുട്ടികളാണെന്നും യൂണിസെഫ് എഴുതി. രാജ്യത്ത് ഏതാണ്ട് എഴുപത്തിനാല് ലക്ഷം പേരോളം കുടിയിറങ്ങാൻ നിർബന്ധിതരായിട്ടുണ്ടെന്നും ഇവരിൽ പകുതിയിലധികവും കുട്ടികളാണെന്നും ശിശുക്ഷേമനിധി വ്യക്തമാക്കി.
രാജ്യത്ത് കുട്ടികളുടെ വിദ്യാഭ്യാസരംഗത്തും വലിയ പ്രതിസന്ധികളുണ്ടെന്നും, ഏതാണ്ട് ഇരുപത്തിയഞ്ചു ലക്ഷത്തോളം കുട്ടികൾക്ക് സ്‌കൂൾവിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും, ഇനിയും പത്ത് ലക്ഷം കുട്ടികളെങ്കിലും വിദ്യാഭ്യാസം ഉപേക്ഷിച്ചേക്കാമെന്നും യൂണിസെഫ് അറിയിച്ചു.
രാജ്യത്ത് അഞ്ചുലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവിന്റെ ഇരകളാണെന്നും, എന്നാൽ ഇരുപത് ലക്ഷത്തോളം കുട്ടികൾക്ക് ശരിയായ ഭകഷണസൗകര്യം പോലും ലഭ്യമല്ലെന്നും വ്യക്തമാക്കിയ ശിശുക്ഷേമനിധി, രാജ്യത്ത് പത്തിൽ ഒൻപത് പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും, നാലിലൊന്ന് പേർക്കും തൊഴിലില്ലെന്നും, ഏതാണ്ട് അറുപത്തിയാറ് ശതമാനം ആളുകളും കടുത്ത പട്ടിണിയിലാണെന്നും തങ്ങളുടെ പ്രസ്താവനയിൽ കുറിച്ചു.
സിറിയയിലെ മൂന്നിലൊന്ന് സ്‌കൂളുകളും ഉപയോഗയോഗ്യമല്ലെന്നും, എഴുപത്തിയഞ്ച് ലക്ഷം കുട്ടികൾക്കെങ്കിലും വിദ്യാഭ്യാസസഹായം ആവശ്യമുണ്ടെന്നും അറിയിച്ച യൂണിസെഫ്, അറുപത്തിനാല് ലക്ഷം കുട്ടികൾക്ക് സുരക്ഷിത്വം ഉറപ്പാക്കണമെന്നും കുട്ടികളും യുവജനങ്ങളും ഇനിയും ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന സ്ഫോടകവസ്തുക്കൾ മൂലം അപകടസ്ഥിതിയിലാണ് ജീവിക്കുന്നതെന്നും വ്യക്തമാക്കി. ഏതാണ്ട് മൂന്ന് ലക്ഷത്തോളം സ്ഫോടകവസ്തുക്കളാണ് ഇത്തരത്തിലുള്ളതെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്ത് വലിയ ശുദ്ധജലലഭ്യതക്കുറവും അനുഭവപ്പെടുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: