കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഉക്രൈനിൽ യുദ്ധത്തിന്റെ ഇരകളായത് 2500-ലധികം കുട്ടികൾ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2022 ഫെബ്രുവരി മുതൽ നാളിതുവരെയുള്ള ആക്രമണങ്ങളിൽ മരണമടഞ്ഞവരും പരിക്കേറ്റവരുമായി 2500-ലധികം ഉക്രൈൻ കുട്ടികൾ ഉണ്ടെന്നും, ലക്ഷക്കണക്കിന് യുവജനങ്ങളുടെ ജീവൻ തകർക്കപ്പെട്ടുവെന്നും യൂണിസെഫ്. മാർച്ച് 25 ചൊവ്വാഴ്ച, ഉക്രൈനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സാദേ പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് ഉക്രൈനിലെ കുട്ടികളുടെയും യുവജനങ്ങളുടെയും ജീവിതത്തെ നിലവിലെ അക്രമങ്ങൾ എപ്രകാരമാണ് ബാധിച്ചതെന്നതിനെപ്പറ്റി പരാമർശിച്ചത്.
മാർച്ച് 24-ന് ഉക്രൈന്റെ വടക്കുകിഴക്കൻ പ്രദേശത്തുള്ള സുമിയിൽ ഒരു സ്‌കൂൾ തകർക്കപ്പെട്ടതിനെത്തുടർന്ന് പതിനേഴ് കുട്ടികൾക്കെങ്കിലും പരിക്കേറ്റുവെന്നും, ഇതുകൂടാതെ, കഴിഞ്ഞ ഒരാഴ്ചയിൽ ഉക്രൈനിൽ ഉണ്ടായ വിവിധ ആക്രമണങ്ങളിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, പതിനാറ് കുട്ടികൾക്ക് പരിക്കേറ്റുവെന്നും യൂണിസെഫ് പ്രതിനിധി അറിയിച്ചു.
മാർച്ച് 22-ന് രാത്രിയിൽ കിയെവിൽ ഉണ്ടായ ഒരു ആക്രമണത്തിൽ അഞ്ചുവയസ്സുള്ള നിക്കോൾ എന്ന ഒരു കുട്ടിയും പിതാവും കൊല്ലപ്പെട്ടിരുന്നു. കുട്ടിയുടെ മാതാവ് പരിക്കേറ്റ് ആശുപത്രിയിലാണ്. സപ്പറിസാസിയയിലുണ്ടായ ആക്രമണങ്ങളെത്തുടർന്ന് രാജ്യതലസ്ഥാനത്ത് അഭയം തേടിയതായിരുന്നു ഈ കുടുംബമെന്നും, ഉക്രൈനിൽ ഒരിടവും പൂർണ്ണമായി സുരക്ഷിതമെന്ന് പറയാനാകില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും മമ്മദ്സാദേ പ്രസ്താവിച്ചു.
മാർച്ച് 21-ന് സപ്പറിസാസിയയിലുണ്ടായ ഒരു ആക്രമണത്തിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയും മാതാപിതാക്കളും കൊല്ലപ്പെട്ടിരുന്നു.
ഉക്രൈനിലെ കുട്ടികൾ കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും, യുദ്ധം തുടരുന്ന ഓരോ ദിനവും യുവജനങ്ങളുടെ ജീവിതങ്ങളെ തകർത്തുകൊണ്ടിരിക്കുകയാണെന്നും യൂണിസെഫ് പ്രതിനിധി അപലപിച്ചു. നീണ്ടുനിൽക്കുന്ന സമാധാനം എന്നത് കുട്ടികളുടെ അവകാശമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: