സിറിയ: ഒന്നരക്കോടിയിലധികം ജനങ്ങൾ ഭക്ഷ്യ-ജല ക്ഷാമം മൂലം ബുദ്ധിമുട്ടുന്നുവെന്ന് ഐക്യരാഷ്ട്രസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഒരുകോടി അറുപത് ലക്ഷത്തോളം സിറിയക്കാർ ജല-ഭക്ഷ്യ ക്ഷാമം മൂലം ദുരിതമനുഭവിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റേഫാൻ ദൂജാറിച് (Stéphane Dujarric). രാജ്യത്ത് സാധാരണജനം ആവശ്യത്തിന് ഭക്ഷണവും, ശുദ്ധജലവും, വാസസയോഗ്യമായ ഇടങ്ങളും മരുന്നുകളും ഇല്ലാത്തതുമൂലം ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും, ഈ ദുരിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ അടിയന്തിരമായ ഇടപെടൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പതിനാല് വർഷങ്ങളോളം നീണ്ട സംഘർഷങ്ങൾ കാരണം ഏതാണ്ട് ഒരുകോടി മുപ്പത് ലക്ഷം സിറിയക്കാർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ചിറങ്ങാൻ നിർബന്ധിതരായിരുന്നെന്നും എന്നാൽ, കഴിഞ്ഞ ദിവസം അഭയാർത്ഥികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷൻ (Unhcr) വെളിവാക്കിയതുപോലെ, മുൻ സിറിയൻ പ്രസിഡന്റ് ബാഷർ അൽ.ആസാദിന്റെ പിന്മാറ്റത്തോടെ കഴിഞ്ഞ ഡിസംബറിൽ ഏതാണ്ട് മൂന്നരലക്ഷത്തോളം സിറിയക്കാർ രാജ്യത്തേക്ക് തിരികെ എത്തിയെന്നും, രാജ്യത്തിനുള്ളിൽ അഭയാർത്ഥികൾക്കായി കഴിഞ്ഞിരുന്ന ഒൻപത് ലക്ഷത്തോളം ആളുകൾ (8.85.000) തങ്ങളുടെ മുൻ ഗ്രാമങ്ങളിലേക്ക് തിരികെ എത്തിയെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. എന്നാൽ നിലവിൽ സിറിയക്കാർ ഒരു അനിശ്ചിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭാവക്താവ് പ്രസ്താവിച്ചു.
സിറിയയിലെ നിലവിലെ അവസ്ഥയിൽ പ്രത്യാശയുടെ അടയാളങ്ങളുണ്ടെങ്കിലും, അവിടുത്തെ ജനം ജീവിക്കേണ്ടിവരുന്ന മാനവികപ്രതിസന്ധി രൂക്ഷമാണ്. ഏതാണ്ട് എഴുപത്തിയഞ്ച് ലക്ഷത്തോളം സിറിയക്കാർ രാജ്യത്തിനുള്ളിൽ ഇപ്പോഴും അഭയാർത്ഥികളായി കഴിയാൻ നിർബന്ധിതരായിരിക്കുകയാണെന്നും, ഇവരിൽ ഭൂരിഭാഗവും തികച്ചും ദുഷ്കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ആയിരക്കണക്കിന് വീടുകളും പൊതുമേഖലാസ്ഥാപനങ്ങളും തകർക്കപ്പെട്ടു. രാജ്യത്തെ സാമ്പത്തികസ്ഥിതി തകരാറിലാണെന്നും, ഭക്ഷണവും, കരണ്ടും ജോലിസാധ്യതകളും കുറവാണെന്നും സ്റ്റേഫാൻ ദൂജാറിച് പ്രസ്താവിച്ചു.
സിറിയയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള ദാരാ പ്രവിശ്യയിൽ ഇസ്രായേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ സിറിയയിലെ പുതിയ സർക്കാർ അപലപിച്ചു. സംഭവത്തിൽ ആറു പേർ മരണമടഞ്ഞതായും, നിരവധി ആളുകൾക്ക് പരിക്കേറ്റതായും, ഡമാസ്കസിലെ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. സിറിയൻ പ്രദേശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും, രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്രനിയമത്തിന്റെയും ലംഘനമാണിതെന്നും അദ്ദേഹം സംഭവത്തെ കുറ്റപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: