കുട്ടികൾക്കുള്ള മാനുഷിക സഹായങ്ങൾ ചുരുക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രത്യേകിച്ചും ദുർബലരായവർക്കുള്ള സഹായങ്ങൾ വെട്ടിച്ചുരുക്കുന്നത് കുട്ടികളുടെ അവകാശങ്ങൾക്കെതിരെയുള്ള കടുത്ത ലംഘനമാണെന്ന് അന്താരാഷ്‌ട്ര സംഘടനയായ കുട്ടികളെ സംരക്ഷിക്കുക(Save the children) പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദേശത്തുനിന്നും കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഫണ്ടുകളിൽ കുറവ് വരുന്നത്, സംഘടനാ നടത്തിവരുന്ന ആരോഗ്യ പരിരക്ഷണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.
ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 40-ലധികം രാജ്യങ്ങളെയാണ് ഈ അവസ്ഥ ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ജീവകാരുണ്യ പ്രവർത്തകർക്ക് ജോലി നഷ്ടപ്പെടാൻ കാരണമാകുമെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. സംഘടനയുടെ പദ്ധതികളിൽ നിന്ന് പ്രയോജനം നേടുന്ന 8 മുതൽ 12 ദശലക്ഷം വരെ കുട്ടികളെ ഈ അവസ്ഥ ബുദ്ധിമുട്ടിൽ എത്തിക്കുമെന്നും കണക്കാക്കപ്പെടുന്നു.
മാനുഷിക ആവശ്യങ്ങൾ റെക്കോർഡ് നിലവാരത്തിലെത്തുമ്പോൾ, ഫണ്ടിംഗ് വെട്ടിക്കുറയ്ക്കൽ കുട്ടികളുടെ ജീവിതത്തിനും, ഭാവിക്കും ഭീഷണികൾ ഉയർത്തുന്നു. സൊമാലിയയിൽ നിരവധി കുട്ടികളാണ് പട്ടിണി മൂലം മരിക്കുന്നത്. സുഡാനിലും, യുദ്ധം മൂലം പലായനം ചെയ്യുന്ന നിരവധി കുട്ടികൾക്ക്, ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജീവന് ഭീഷണിയുയർത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: