നിത്യപുരോഹിതനും രാജാവുമായ കർത്താവ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"ദാവീദിന്റെ സങ്കീർത്തനം" എന്ന തലക്കെട്ടോടെയുള്ള നൂറ്റിപ്പത്താം സങ്കീർത്തനം, രാജാവിന്റെ സ്ഥാനാഹോരണവുമായി ബന്ധപ്പെട്ട് അവനോട് ദൈവിക അരുളപ്പാടുകൾ പ്രഖ്യാപിക്കുന്ന പ്രവാചകസ്വരത്തിലുള്ള രാജകീയകീർത്തനമാണ്. മെൽക്കിസദേക്ക് പാരമ്പര്യമനുസരിച്ച് ജറുസലേമിൽ രാജാക്കന്മാർ പുരോഹിതന്മാർ കൂടിയാണ് എന്നൊരു സവിശേഷതകൂടി, ഏഴ് വാക്യങ്ങൾ മാത്രമുള്ള ഈ സങ്കീർത്തനത്തെ മനസ്സിലാക്കുന്നതിന് സഹായിക്കും. ദാവീദ് ദൈവാത്മാവിനാൽ പ്രേരിതനായി, രാജാവിനായി ശത്രുക്കളെ തോൽപിക്കുന്നത് ദൈവമാണെന്ന് ഈ കീർത്തനത്തിലൂടെ ഏറ്റുപറയുന്നു. എന്നേക്കും പുരോഹിതനായ തന്റെ രാജാവിനുവേണ്ടി കർത്താവ്, ജനതകളുടെയിടയിൽ വിധി നടപ്പിലാക്കുകയും രാജാക്കന്മാരെ തകർത്തുകളയുകയും ചെയ്യും. ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട ചിന്തകളുണർത്തി, ദൈവം രാജാവിന് എന്നും തന്റെ സാമീപ്യം വാഗ്ദാനം ചെയ്യുന്നു. മിശിഹാസങ്കല്പവുമായി ബന്ധപ്പെട്ട ഒരു ചിന്തയായാണ് ഇത് ഈ വാക്കുകൾ വ്യാഖ്യാനിക്കപ്പെടുന്നത്.
ദൈവത്തിന്റെ വലതുവശത്തിരിക്കാനായി തിരഞ്ഞെടുക്കപ്പെട്ട കർത്താവ്
ദാവീദ് എഴുതുന്ന നൂറ്റപ്പത്താം സങ്കീർത്തനത്തിന്റെ ആദ്യ രണ്ടുവാക്യങ്ങളിൽ, കർത്താവിനാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു രാജാവിനെക്കുറിച്ച്, ദാവീദ് തന്നെക്കാൾ വലിയവനായ ഒരുവനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. തന്നെക്കാൾ ഉയർന്ന ഒരുവനോട് സംസാരിക്കുമ്പോൾ ഉപയോഗിക്കപ്പെടുന്ന പ്രയോഗമായാണ് "കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു" എന്ന ഒന്നാം വാക്യത്തിന്റെ ആദ്യഭാഗത്തെ വിശേഷിപ്പിക്കുന്നത്. സാമുവലിന്റെ ഒന്നാം പുസ്തകം ഇരുപത്തിയഞ്ചാം അദ്ധ്യായത്തിൽ അബിഗായിലും (1 സാമുവേൽ 25, 25) രണ്ടാം പുസ്തകം ഒന്നാം അദ്ധ്യായത്തിൽ ഒരു അമാലേക്യനും ദാവീദിനോട് സംസാരിക്കുന്നിടത്ത് (2 സാമുവേൽ 1, 10) ഇതിന് സമാനമായ പ്രയോഗം നമുക്ക് കാണാം പുരാതനകാലങ്ങളിൽ, വിജയിയായ രാജാവ്, തോൽവി സമ്മതിച്ച് തന്റെ മുന്നിൽ തണുവണങ്ങുന്ന ശത്രുവിന്റെമേൽ കാലുകൾ വച്ചിരുന്നതായി പറയപ്പെടുന്നതിനോട് ബന്ധപ്പെട്ട ഒരു ചിന്തയാണ് ഈ വാക്യത്തിന്റെ രണ്ടാം ഭാഗത്ത് നമുക്ക് കാണാനാകുന്നത്. രാജാവും സങ്കീർത്തകനുമായ ദാവീദ് കർത്താവിനെക്കുറിച്ച് പറയുന്നത്, തന്നെക്കാൾ വലിയവനും, വരുവാനിരിക്കുന്നവനുമായ മിശിഹായെക്കുറിച്ചാണെന്ന് വ്യഖ്യാനിക്കപ്പെടുന്നു.
സീയോനിൽനിന്ന് കർത്താവ് അധികാരത്തിന്റെ ചെങ്കോൽ അയക്കുമെന്നും, ശത്രുക്കളുടെ മധ്യത്തിൽ നീ വാഴുക എന്നുമുള്ള പ്രയോഗങ്ങൾ, സീയോന്, ഇസ്രായേലിന് പുറത്തേക്ക് നീളുന്ന മിശിഹായുടെ അധികാരപരിധിയെക്കുറിച്ചാണ് പ്രതിപാദിക്കുക. എല്ലാ രാജാക്കന്മാരുടെയും ദേശങ്ങളുടെയും ജനതകളുടെയും മേൽ ഭരണം നടത്താനായാണ് മിശിഹാ അയക്കപ്പെടുന്നത്. ഈ രണ്ടുവാക്യങ്ങളും പ്രവചനസ്വരത്തിലുള്ളവയാണെന്ന് നമുക്ക് കാണാം. താൻ തിരഞ്ഞെടുത്ത രാജാവിനായി എല്ലാ ശത്രുക്കളെയും ദൈവം കീഴടക്കുമെന്നും, അവന്റെ അധികാരം ദൈവം സീയോനിൽനിന്ന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നുമാണ് ദാവീദിന്റെ ഈ വാക്യങ്ങൾ വിവക്ഷിക്കുന്നത്.
നിത്യനും പുത്രസ്ഥാനീയനുമായ രാജാവും പുരോഹിതനും
പുത്രസ്ഥാനത്തോളം ഉയർത്തി, വിശുദ്ധമായ തേജസ്സോടെ, പ്രഭാതത്തിൽ മഞ്ഞുപോലെ ജനിപ്പിച്ച് ജനതകൾക്ക് മുന്നിൽ ദൈവം അവതരിപ്പിക്കുന്ന രാജാവിനെക്കുറിച്ചാണ് മൂന്നാം വാക്യം പറയുന്നത്. അങ്ങനെ ഒരു പിതാവിന്റെ സ്നേഹത്തോടെ ദൈവം രാജകീയമായ ജീവിതമാണ് തന്റെ തിരഞ്ഞെടുക്കപ്പെട്ടവന് നൽകുന്നത്. ദൈവം തന്നെയാണ് അവനുവേണ്ടി പോരാടുകയും ശത്രുക്കളെ കീഴ്പ്പെടുത്തുകയും ചെയ്യുന്നതെന്നതും പുത്രനുതുല്യമായ സ്ഥാനത്താലാകണം.
നിത്യപുരോഹിതനായി അറിയപ്പെടുന്ന മെൽക്കിസെദേക്കിന്റെ ക്രമമനുസരിച്ച് എന്നേക്കും പുരോഹിതനാകാനായി തിരഞ്ഞെടുക്കപ്പെട്ടവൻ കൂടിയാണ് തന്റെ രാജാവെന്ന കർത്താവ് ശപഥം ചെയ്തു പറയുന്നതായി നാലാം വാക്യത്തിൽ ദാവീദ് എഴുതുന്നു. ദൈവത്തിന്റെ വാക്കുകളായതിനാൽ അവ മാറ്റമില്ലാത്തവയാണെന്നും സങ്കീർത്തകൻ ഇവിടെ വ്യക്തമാക്കുന്നുണ്ട്. ഉത്പത്തിപുസ്തകം പതിനാലാം അധ്യായത്തിന്റെ പതിനെട്ട് മുതലുള്ള വാക്യങ്ങളിൽ (ഉൽപ്പത്തി 14, 18-20) മെൽക്കിസെദേക്. സലേം എന്ന പേരിൽ പ്രതിപാദിക്കപ്പെടുന്ന രാജാവ് ജെറുസലേമിന്റെ മുഴുവൻ അധികാരിയും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമാണ്. ദൈവത്തിനുവേണ്ടി അബ്രഹാത്തെ അനുഗ്രഹിക്കുന്നത് ഈ മെൽക്കിസെദെക്കാണ്.
സർവ്വാധിപനായ ദൈവം ഒപ്പമുള്ള രാജാവ്
സങ്കീർത്തനത്തിന്റെ അഞ്ചുമുതലുള്ള വാക്യങ്ങളിലും, തന്റെ രാജാവിന്റെ കൂടെയുള്ള, അവനുവേണ്ടി രാജാക്കന്മാരെ തകർക്കുന്ന, ജനതകളുടെമേൽ വിധി നടപ്പിലാക്കുന്ന ദൈവത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. തന്റെ രാജാവിന്റെ വലതുവശത്ത് താനുണ്ടാകുമെന്ന് ദാവീദിലൂടെ ദൈവം ഉറപ്പുനല്കുന്നതാണ് അഞ്ചാം വാക്യത്തിൽ നാം കാണുക. രണ്ടാം വാക്യത്തിൽ ദൈവം തന്റെ വലതുഭാഗത്തിരുത്തിയ രാജാവിനെയാണ് നാം കണ്ടെത്തിയതെങ്കിൽ, ഇവിടെ ദൈവം തന്നെ രാജാവിന്റെ വലതുഭാഗത്തേക്ക് മാറുന്നു. തന്റെ ക്രോധത്തിന്റെ ദിനത്തിൽ അവിടുന്ന് രാജാക്കന്മാരെ തകർത്തുകളയുമെന്നും ഇവിടെ സങ്കീർത്തകൻ എഴുതുന്നു. താൻ തിരഞ്ഞെടുത്തവന്റെ അധികാരസീമകൾ വർദ്ധിപ്പിക്കുകയാണ് ഈ പ്രവർത്തികളിലൂടെ ദൈവം ചെയ്യുന്നത്. ദൈവത്തിന്റെ ശത്രുക്കളായി മാറുന്നവർ അവന്റെ ക്രോധത്തിന് വിധേയരായി തകർക്കപ്പെടുമെന്നും ഈ വാക്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
എല്ലാ ദേശങ്ങളുടെയും മേൽ അധികാരം ദൈവത്തിന്റെതാണെന്ന് അറാം വാക്യത്തിലൂടെ ദാവീദ് നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. ദൈവത്തിന്റേത് ഭൂമിയിലെങ്ങുമുള്ള അധികാരമാണെന്നും, അതിലെ രാജാക്കന്മാരെയെല്ലാം അവൻ തകർക്കുമെന്നും ഈ വാക്യത്തിലൂടെ സങ്കീർത്തകൻ ഉദ്ബോധിപ്പിക്കുന്നുണ്ട്. സകലത്തിന്റെയും, സകലരുടെയും മേൽ അധികാരമുള്ള ഇസ്രയേലിന്റെ ദൈവം തിരഞ്ഞെടുത്ത് രാജാവായി ഉയർത്തുന്ന മിശിഹായുടെ അളവുകളില്ലാത്ത അധികാരപരിധിയിലേക്കും ശക്തിയിലേക്കും കൂടിയാണ് ഈ വാക്യം വെളിച്ചം വീശുന്നത്. വഴിയരികിലുള്ള അരുവിയിൽനിന്ന് പാനം ചെയ്യുകയും, ശിരസ്സുയർത്തി നിൽക്കുകയും ചെയ്യുന്ന കർത്താവിനെക്കുറിച്ചുള്ള വാക്കുകളാണ് സങ്കീർത്തനത്തിന്റെ അവസാനവാക്യമായ ഏഴാം വാക്യത്തിൽ നാം കണുന്നത്. ദാവീദ് തന്റെ പിൻഗാമിയാകാനുള്ള സോളമനെ ഗീഹോൻ ഉറവയ്ക്കരികിലേക്ക് നയിക്കുന്നതിനെക്കുറിച്ച് രാജാക്കന്മാരുടെ ഒന്നാം പുസ്തകം ഒന്നാം അദ്ധ്യായത്തിൽ (1 രാജാ. 1, 33; 38) പറയുന്നതിനെക്കുറിച്ചോ, കർത്താവ് ഭക്ഷണം പോലും കഴിക്കാതെ, വഴിയരികിലെ അരുവിയിൽ നിന്ന് ജലപാനം മാത്രം നടത്തി, ശത്രുക്കൾക്കെതിരെ പോരാടുന്നതിനെക്കുറിച്ചോ ആകാം ഈ വാക്കുകളിലൂടെ സങ്കീർത്തകൻ ഉദ്ദേശിക്കുക എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. വിജയിയായി ശിരസ്സുയർത്തി നിൽക്കുന്ന കർത്താവിനെക്കുറിച്ചുള്ള ഈ ചിന്തകളോടെയാണ് ദാവീദ് സങ്കീർത്തനം അവസാനിപ്പിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
ദൈവം തിരഞ്ഞെടുത്ത് വാഴിക്കുന്ന രാജാവിനെക്കുറിച്ച്, സകലത്തിന്റെയും അധികാരിയും വിധിയാളനുമാകാനുള്ള മിശിഹായെക്കുറിച്ചുള്ള നൂറ്റിപ്പത്താം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, എല്ലാത്തിനും മീതെ ഉയർന്നുനിൽക്കുന്ന ദൈവത്തിന്റെ സഹായത്തോടെ, തങ്ങളും ജനതകളുടെമേൽ ഉയർത്തപ്പെടുമെന്ന ഇസ്രായേൽ ജനത്തിന്റെ പ്രതീക്ഷകളിലേക്കുകൂടിയാണ് ദാവീദ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുന്ന, ദൈവഹിതമനുസരിച്ച് ജനതകളെ നയിക്കുവാനുള്ള കർത്താവായ രാജാവും, മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം നിത്യപുരോഹിതനുമായ മിശിഹായെക്കുറിച്ച് ഈ വാക്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. സകലതിനെയും സകലരെയും അവനു കീഴിലാക്കുവാൻ വേണ്ടി ദൈവമാണ് പോരാടുന്നത്. ദൈവത്തിന്റെ വിധി നടപ്പിലാകുകയും സകലതും അവനു കീഴിലാകുകയും ചെയ്യുമ്പോൾ അവന്റെ പ്രീതിക്ക് പാത്രമാകാനും, അവന്റെ വലതുവശത്തായിരിക്കാനും, നിത്യപുരോഹിതനും തിരഞ്ഞെടുക്കപ്പെട്ടവനുമായ കർത്താവിന്റെ ജനമായി നിലനിൽക്കാനും നമുക്കും സാധിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: