സഹനങ്ങളിലും ദുരിതങ്ങളിലും കൂടുതൽ വിശ്വാസത്തോടെ ദൈവത്തിൽ അഭയം തേടുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"ദാവീദിന്റെ സങ്കീർത്തനം" എന്ന തലക്കെട്ടോടെയുള്ള നൂറ്റിയെട്ടാം സങ്കീർത്തനം ദാവീദിന്റെ തന്നെ മറ്റു രണ്ടു സങ്കീർത്തനങ്ങളുടെ ചില ഭാഗങ്ങൾ ചേർത്തുവച്ചുണ്ടാക്കിയവയാണ്. ഈ സങ്കീർത്തനത്തിന്റെ ഒന്നുമുതൽ അഞ്ചു വരെയുള്ള വാക്യങ്ങൾ അൻപത്തിയേഴാം സങ്കീർത്തനത്തിന്റെ ഏഴ് മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളും, ആറുമുതൽ പതിമൂന്ന് വരെയുള്ള വാക്യങ്ങൾ അറുപതാം സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ പന്ത്രണ്ട് വരെയുള്ള വാക്യങ്ങളുമാണ്. ശത്രുക്കളുടെ മുന്നിലകപ്പെട്ട തനിക്ക് ദൈവം തന്റെ ചിറകിൻ കീഴിൽ അഭയമേകിയതിനെയോർത്ത് നന്ദി പറയുന്ന ദാവീദിന്റെ വാക്കുകൾ ഉൾക്കൊള്ളുന്ന അൻപത്തിയേഴാം സങ്കീർത്തനവും ശത്രുക്കളുടെ ആക്രമണങ്ങളും പരാജയവും ഏറ്റുവാങ്ങേണ്ടിവന്ന ജനത്തിന്റെ വിലാപവചനങ്ങൾ ഉൾക്കൊള്ളുന്ന അറുപതാം സങ്കീർത്തനവും ഒത്തുചേരുന്ന നൂറ്റിയെട്ടാം സങ്കീർത്തനം സമാനചിന്തകളുണർത്തുന്ന സാഹചര്യങ്ങളുടെ മുന്നിൽ ഈ കീർത്തനത്തിലൂടെ ആവർത്തിക്കപ്പെടുന്നതാകാം എന്ന ഒരു വ്യാഖ്യാനമാണ് ഈ സങ്കീർത്തനത്തെക്കുറിച്ചുള്ളത്. വിശുദ്ധഗ്രന്ഥവാക്യങ്ങൾ സ്തുതിയുടെയും പ്രാർത്ഥനയുടെയും ഭാഗമായിത്തീരുന്നതുകൂടിയാണ് ഇവിടെ നമുക്ക് കാണാനാകുന്നത്.
ഉന്നതനായ ദൈവത്തിന്റെ സംരക്ഷണത്തിനുള്ള നന്ദിയും സ്തുതിയും
നൂറ്റിയെട്ടാം സങ്കീർത്തനത്തിന്റെ ആദ്യഭാഗം (സങ്കീ. 108, 1-5) അൻപത്തിയേഴാം സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗമാണെന്ന് (സങ്കീ. 57, 7-11) നാം കണ്ടുകഴിഞ്ഞു. സാവൂളിന്റെ മുന്നിൽനിന്ന് രക്ഷപെട്ട് ഗുഹയിൽ അഭയം തേടിയ ദാവീദ്, അചഞ്ചലമായ ഹൃദയത്തോടെ ദൈവത്തിന് നന്ദി പറയുന്നതാണ് നൂറ്റിയെട്ടാം സങ്കീർത്തനത്തിന്റെ ഒന്നുമുതൽ അഞ്ചുവരെയുള്ള വാക്യങ്ങളിൽ ആവർത്തിക്കപ്പെടുന്നത്. ഒരുങ്ങിയ ഹൃദയത്തോടെ, ഉഷസ്സിനെ വിളിച്ചുണർത്തി, വീണയും കിന്നരവും മീട്ടി ദൈവത്തെ പാടിപ്പുകഴ്ത്തുവാനായി തന്റെ ആത്മാവിനെ ആഹ്വാനം ചെയ്യുന്ന (108, 1) ദാവീദ്, ദിവസത്തിന്റെ ആരംഭത്തിൽത്തന്നെ ദൈവത്തിന് നന്ദി പറയുകയാണ്.
ദൈവമേകുന്ന അനുഗ്രഹങ്ങൾക്കുള്ള നന്ദി രഹസ്യമായല്ല, ജനതകളുടെയും ജനപദങ്ങളുടെയും മുന്നിലാണ് ഉയരേണ്ടതെന്ന (സങ്കീ. 108, 3) തിരിച്ചറിവിലേക്ക് സങ്കീർത്തകൻ എത്തുന്നത്, ആകാശത്തോളം ഉയർന്ന ദൈവത്തിന്റെ കാരുണ്യവും, മേഘങ്ങളോളമെത്തുന്ന അവന്റെ വിശ്വസ്തതയും (സങ്കീ. 108, 4) തിരിച്ചറിയുന്നതുകൊണ്ടാണ്. സ്വജീവിതത്തിൽ അവ അനുഭവിച്ചറിഞ്ഞതിനാൽ, ലോകത്തിന് മുന്നിൽ ദൈവത്തെ ഏറ്റുപറയുന്നതിന് ദാവീദിനും, അവൻ പ്രതിനിധാനം ചെയ്യുന്ന ഇസ്രയേലിനും ഭയമോ ലജ്ജയോ തെല്ലുമില്ലെന്ന് നമുക്ക് കാണാം.
ദാവീദും ഇസ്രായേൽ ജനവും കടന്നുപോയ ശക്തമായ പ്രതികൂലസാഹചര്യങ്ങളിൽ യാഹ്‌വെ തുണയും സങ്കേതവും സംരക്ഷണവുമായി നിന്നതിനാലാണ്, അവൻ ആകാശത്തിനുമേൽ ഉയർന്നുനിൽക്കണമേയെന്നും, അവന്റെ മഹത്വം ഭൂമിയിലെങ്ങും വ്യാപിക്കണമേയെന്നും (സങ്കീ. 108, 5), അഞ്ചാം വാക്യത്തിൽ സങ്കീർത്തനകർത്താവ് പ്രാർത്ഥിക്കുന്നത്.
വിശ്വസ്‌തനും ശക്തനുമായ ദൈവത്തോടുള്ള പ്രാർത്ഥന
അറുപതാം സങ്കീർത്തനത്തിന്റെ രണ്ടാം പകുതിയുടെ (സങ്കീ. 60, 5-12) അവർത്തനമായ നൂറ്റിയെട്ടാം സങ്കീർത്തനത്തിന്റെ ആറുമുതൽ പതിമൂന്ന് വരെയുള്ള വാക്യങ്ങളിൽ, തങ്ങളുടെ മോചനത്തിനും വിജയത്തിനുമായി ദൈവത്തിന്റെ സഹായമപേക്ഷിക്കുന്ന ദൈവജനത്തിന്റെ പ്രാർത്ഥനയും, ദൈവജനമായ ഇസ്രയേലിന്റെ ദേശം ദൈവത്തിന്റെ സ്വന്തമാണെന്ന വിശ്വാസവും, തങ്ങൾ ഉപേക്ഷിക്കപ്പെട്ടുവെന്ന ചിന്ത ഉയരുമ്പോഴും, ദൈവത്തിന് കീഴിൽ പൊരുതാനുള്ള സന്നദ്ധതയും ഏറ്റുപറച്ചിലുമാണ് നാം കാണുന്നത്.
തങ്ങളെത്തന്നെ ദൈവത്താൽ സ്നേഹിക്കപ്പെടുന്നവരെന്ന് വിശേഷിപ്പിക്കുന്ന ഇസ്രായേൽ, ശത്രുക്കളിൽനിന്നുള്ള മോചനവും, ദൈവത്തിന്റെ സംരക്ഷണത്തിന്റെ വലംകൈയ്യുടെ സഹായവും, തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമാണ് ദൈവത്തിൽനിന്ന് തേടുന്നത് (സങ്കീ. 107, 6).
അന്യദേശങ്ങളുൾപ്പെടെ എല്ലാ ദേശങ്ങളും ജനതകളും ദൈവത്തിന്റേതാണെന്ന പ്രവചനസ്വരമാണ് സങ്കീർത്തനത്തിന്റെ ഏഴ് മുതൽ പത്ത് വരെയുള്ള വാക്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കുക. മറ്റു ജനതകൾ അവ പിടിച്ചടക്കിയേക്കാമെങ്കിലും അവരുടെ വിജയം ശാശ്വതമല്ലെന്നും, അവയെല്ലാം ദൈവത്തിന്റേതാകുമെന്നും, ദാവീദിലൂടെ ഇസ്രായേൽ ജനത സ്വന്തമാക്കിയ ഇടങ്ങളെല്ലാം ദൈവത്തിന്റേതാണെന്നുമുള്ള ചിന്തകൾ ഈ സങ്കീർത്തനവാക്യങ്ങളിലുണ്ട്. ഷെക്കെമും, സുക്കോത്ത് താഴ്വരയും, ഗിലിയാദും മനാസ്സെയും, എഫ്രയിമും യൂദായും, മോവാബും, എദോമും, ഫിലിസ്ത്യയും ഒക്കെ ദൈവത്തിന്റെ സ്വന്തമാണെന്ന് ഈ വാക്യങ്ങളിൽ ദാവീദ് സൂചിപ്പിക്കുന്നു (സങ്കീ. 108, 7-9). എഫ്രായിം എന്റെ പടത്തൊപ്പിയും, യൂദാ എന്റെ ചെങ്കോലുമാണ് എന്ന പ്രയോഗത്തിലൂടെ (സങ്കീ. 60, 7) ഇസ്രയേലിന്റെ യഥാർത്ഥ രാജാവ് താനാണെന്ന് ദൈവം അരുളിച്ചെയ്യുന്നു. മോവാബ് ചാവുകടലിന് സമീപം സ്ഥിതിചെയ്യുന്നതിനാലാകാം "മോവാബ് എന്റെ ക്ഷാളനപാത്രം" (സങ്കീ. 60, 9) എന്ന് ദൈവം പറയുന്നതായി ദാവീദ് എഴുതുക. "ഏദോമിൽ ഞാൻ എന്റെ പാദുകം അഴിച്ചുവയ്ക്കും" എന്ന വാക്യത്തിന്, പഴയകാലത്ത് ഒരു പ്രദേശം സ്വന്തമാക്കുന്നതിനെ സൂചിപ്പിച്ചിരുന്ന നൈയാമികമായ പ്രവർത്തിയുമായി ബന്ധമുണ്ടെന്ന് വാഖ്യാനിക്കപ്പെടുന്നുണ്ട്.
സങ്കീർത്തനത്തിന്റെ പത്ത് മുതൽ പന്ത്രണ്ട് വരെയുള്ള വാക്യങ്ങളിൽ, തങ്ങളുടെ നിസ്സഹായതയിലും ബലഹീനതകളിലും ശക്തിയായി നിൽക്കുന്ന ദൈവത്തോടുള്ള ഇസ്രായേൽജനത്തിന്റെ പ്രാർത്ഥനയാണ് നമുക്ക് കാണാനാകുക. സകലതും തനിക്ക് കീഴിലാക്കാൻ കഴിവുള്ള ദൈവത്തിലാണ് സുരക്ഷിത്വമെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് ദാവീദ് ഇങ്ങനെ എഴുതുക. ദൈവം സ്വന്തമാക്കിയ ഏദോമിലേക്ക്, എത്താനാണ് അവൻ ആഗ്രഹിക്കുന്നത് (സങ്കീ. 108, 9-10). തങ്ങളുടെ ദുരിതനിമിഷങ്ങളിൽ, ദൈവം തങ്ങളെ പരിത്യജിച്ചുവോ എന്നുപോലും ദാവീദും ഇസ്രായേൽജനവും സംശയിക്കുന്നത് പതിനൊന്നാം വാക്യത്തിൽ നമുക്ക് കാണാം. ദൈവം ഒപ്പമില്ലെങ്കിൽ, ശത്രുക്കൾക്ക് മുന്നിൽ തങ്ങൾ ദുർബലരാണെന്നും തങ്ങൾ ഒറ്റയ്ക്കാണെന്നും അജയ്യരല്ലെന്നും തിരിച്ചറിയുന്ന ഇസ്രായേൽ ജനതയിൽ, മുൻപെന്നപോലെ ദൈവം തങ്ങളുടെ സൈന്യത്തിനൊപ്പം, തങ്ങൾക്കൊപ്പം നീങ്ങുന്നില്ലെന്നുമുള്ള ചിന്ത (സങ്കീ. 108, 11) ഭീതിയുണർത്തുന്നുണ്ട്.
മാനുഷികമായ സഹായങ്ങൾ ദൈവത്തിന്റെ സഹായത്തിന് മുന്നിൽ നിസ്സാരമാണെന്നും, ദൈവമുണ്ടെങ്കിൽ, അവനുകീഴിൽ തങ്ങൾക്ക് ധീരതയുളള ജനമായി പൊരുതാനാകുമെന്നും, തങ്ങൾക്കായി ദൈവം തങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കുമെന്നുമുള്ള (സങ്കീ. 108, 13) ബോധ്യം സങ്കീർത്തനത്തിന്റെ അവസാന വാക്യത്തിൽ ഏറ്റുപയുന്ന സങ്കീർത്തകൻ, "ശത്രുവിനെതിരെ ഞങ്ങളെ സഹായിക്കണമേ" (സങ്കീ. 108, 12) എന്ന് ജനത്തിനൊപ്പവും ജനത്തിനുവേണ്ടിയും അപേക്ഷിക്കുന്നു.
സങ്കീർത്തനം ജീവിതത്തിൽ
ദൈവം കൂടെയില്ലെങ്കിൽ, ദൈവത്തോട് കൂടെയല്ലെങ്കിൽ പോരാട്ടങ്ങൾ ഫലപ്രദമാകില്ലെന്നും, എല്ലാത്തിന്റെയും എല്ലാവരുടെയും നാഥൻ ദൈവമാണെന്നുമുള്ള തിരിച്ചറിവിൽ നിന്നുകൊണ്ട്, ബുദ്ധിമുട്ടേറിയ തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ തനിക്കും ദൈവജനമായ ഇസ്രയേലിനുമായി ദൈവത്തിന്റെ സഹായം അപേക്ഷിക്കുന്ന സങ്കീർത്തകനെയാണ് നൂറ്റിയെട്ടാം സങ്കീർത്തനത്തിൽ നാം കണ്ടുമുട്ടുന്നത്. സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് കാണുന്ന സ്തുതിയുടെ വാക്കുകളിൽ, ഇസ്രയേലിന്റെ ദൈവത്തിന്റെ അനന്തമായ കരുണയും, വിശ്വസ്തതയും ശക്തിയും മഹത്വവും, അവന്റെ അതുല്യമായ സംരക്ഷണവും ദാവീദ് ഏറ്റുപറയുന്നതും നാം കാണുന്നുണ്ട്. ദാവീദിനും ഇസ്രായേൽ ജനത്തിനുമൊപ്പം യഥാർത്ഥ കർത്താവും ദൈവവും രാജാവുമായ യാഹ്‌വെയിൽ അഭയവും സംരക്ഷണവും കണ്ടെത്താനും, അവന്റെ ശക്തിയിലും കരുണയിലും ആശ്രയിച്ച് ജീവിതപോരാട്ടങ്ങളെ തരണം ചെയ്യാനും, നേട്ടങ്ങൾ സ്വന്തമാക്കാനും നമുക്കും സാധിക്കണമെന്ന് ഈ സങ്കീർത്തനം നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ലൗകികവും മാനുഷികവുമായവയൊന്നും നിത്യതയ്ക്ക് മുന്നിൽ വലുതല്ലെന്ന്, ദൈവത്തിനൊപ്പമല്ലെങ്കിൽ നമുക്കേറെയൊന്നും നേടാനാകില്ലെന്ന്, വിജയം സ്വന്തമാക്കാനാകില്ലെന്ന് തിരിച്ചറിയാം. വിജയപരാജയങ്ങളിലും, സന്തോഷദുഃഖങ്ങളിലും ഉയർച്ചതാഴ്ചകളിലും ദൈവത്തിൽ ശരണം തേടുകയും, കാരുണ്യവാനും ശക്തനുമായ അവനോട് ചേർന്നുനിൽക്കുകയും ജീവിതം ദൈവസ്തുതിയുടേതാക്കി മാറ്റുകയും ചെയ്യാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: