
മ്യാന്മാർ ഭൂകമ്പദുരിതത്തിൽ സ്ഥിതികൾ അതിരൂക്ഷം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മാർച്ചുമാസം ഇരുപത്തിയെട്ടാം തീയതി, മ്യാന്മാർ രാഷ്ട്രത്തെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തിയ ഭൂകമ്പബാധയിൽ ആയിരത്തിയറുനൂറിലധികം ആളുകൾ കൊല്ലപ്പെടുകയും, കുട്ടികളുൾപ്പെടെ മൂവായിരത്തിനാനൂറിലധികം ആളുകൾക്ക് ഗുരുതര പരിക്കുകളേൽക്കുകയും ചെയ്തു. തത്‍സാഹചര്യങ്ങൾ അതിജീവിച്ച കുട്ടികളുടെ സ്ഥിതി ഏറെ രൂക്ഷമാണെന്നു യൂണിസെഫ് സംഘടന പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.
ഭൂകമ്പത്തിന് മുമ്പുതന്നെ, 65 ലക്ഷത്തിലധികം കുട്ടികൾക്ക് സഹായം ആവശ്യമായിരുന്ന രാജ്യത്ത്, ദുരിതത്തിന് ശേഷം സ്ഥിതികൾ ഏറെ വഷളായെന്നും ചൂണ്ടിക്കാണിക്കുന്നു. സംഘർഷം, കുടിയിറക്കം, ദാരിദ്ര്യം എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ വലഞ്ഞിരുന്ന ജനതയ്ക്ക് ഭൂകമ്പദുരിതം കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ മാനുഷിക അടിയന്തരാവസ്ഥകളിൽ ഒന്നാണ് മ്യാൻമരിൽ നിലനിൽക്കുന്നത്. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും ശുദ്ധജലം, വൈദ്യസഹായം, സംരക്ഷണം, മാനസിക പിന്തുണ, അടിയന്തര വിദ്യാഭ്യാസം എന്നിവയുൾപ്പെടെ നൽകുന്നതിനായി തീവ്രമായ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായും സംഘടന അറിയിച്ചു.
കത്തോലിക്കാ സഭയുടെ കാരിത്താസ് സംഘടനയും വിവിധ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. ഈ ദുരിതത്തിന് നടുവിലും, ആഭ്യന്തര കലാപം രാജ്യത്ത് അവസാനിക്കുന്നില്ലായെന്ന ഖേദകരമായ അവസ്ഥയും നിലനിൽക്കുന്നു. ഷാൻ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളിലൊന്നായ ഡാനു പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നൗങ്‌ചോ ജില്ലയിലെ ഒരു താവളത്തിന് നേരെ ഭരണകക്ഷിയായ ഭരണകൂടം കുറഞ്ഞത് അഞ്ച് വിമാനങ്ങളെങ്കിലും ഉപയോഗിച്ച് നടത്തിയ കടന്നാക്രമണത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴ് ബർമീസ് വിമതർ കൊല്ലപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: