ഗാസയിൽ മരണസംഖ്യ അൻപതിനായിരം കവിഞ്ഞു
വത്തിക്കാൻ ന്യൂസ്
ഏറെ രൂക്ഷമാകുന്ന മധ്യപൂർവ്വേഷ്യയിലെ യുദ്ധങ്ങളിൽ സാധാരണക്കാരായ നിരവധിയാളുകൾക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. ഇസ്രായേൽ - ഹമാസ് സംഘർഷം ആരംഭിച്ചതിനുശേഷം ഗാസയിൽ അൻപതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇസ്രായേലി ആക്രമണങ്ങളിൽ 39 പേർ കൊല്ലപ്പെട്ടു. ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഈ കണക്കുകൾ വിശ്വസനീയമല്ലെന്നാണ് ഇസ്രയേലിന്റെ വാദം. എന്നാൽ ഐക്യരാഷ്ട്ര സഭ ഈ കണക്കുകൾ ശരിവക്കുന്നു.
അതേസമയം ഇസ്രായേൽ സൈന്യം റാഫയിലെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനും അവിടെയുള്ള പോരാളികളെ ഇല്ലാതാക്കുന്നതിനും പോരാട്ടം തുടരുകയാണ്. ഖാൻ യൂനിസ് പ്രദേശത്തു നടത്തിയ ആക്രമണത്തിൽ, ഹമാസ് രാഷ്ട്രീയ ബ്യൂറോയിലെയും പലസ്തീൻ നിയമനിർമ്മാണ കൗൺസിലിലെയും അംഗവും മുതിർന്ന ഹമാസ് ഉദ്യോഗസ്ഥനുമായ സലാഹ് അൽ-ബർദാവിൽ കൊല്ലപ്പെട്ടു.
ജനുവരി 19 മുതൽ പ്രാബല്യത്തിൽ വന്ന ഹമാസുമായുള്ള വെടിനിർത്തൽ മാർച്ച് 18 ന് ലംഘിക്കപ്പെട്ടതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. ബോംബാക്രമണം പുനരാരംഭിച്ചതിനുശേഷം, 670-ലധികം ആളുകളാണ് മരണപ്പെട്ടത്. 2023 ഒക്ടോബർ 7 ന് തട്ടിക്കൊണ്ടുപോയ 58 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. അതേസമയം, ഇസ്രായേലിലെയും, പലസ്തീനിലെയും ഉന്നത അധികാരികളുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ ഉന്നത പ്രതിനിധി കാജ കല്ലാസ് സ്ഥലത്തെത്തിയിട്ടുണ്ട്. വെടിനിർത്തലിനും, സമാധാന പുനഃസ്ഥാപനത്തിനും വേണ്ടി അദ്ദേഹം അഭ്യർത്ഥനകൾ നടത്തും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: