മെഡിറ്ററേനിയൻ കടലിൽ വീണ്ടും അതിഭീകരദുരന്തം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ടുണീഷ്യയിൽ നിന്നും യൂറോപ്പിലേക്ക് അഭയാർത്ഥികളുമായി എത്തിയ ബോട്ട് മെഡിറ്ററേനിയൻ കടലിൽ വച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, നാല്പതിലധികം ആളുകളെ കാണാതാവുകയും ചെയ്തു. ഇറ്റലിയിലെ ലാമ്പെദൂസ തീരത്തിന് ഏതാനും കിലോമീറ്ററുകൾ അകലെവച്ചാണ് അപകടം നടന്നത്. മരണമടഞ്ഞവരിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു.
വർഷാരംഭം മുതൽ ഏകദേശം 9,000 പേർ കടൽ മാർഗം ഇറ്റലിയിൽ എത്തിയിട്ടുണ്ട്. സുരക്ഷിതമായ മാർഗ്ഗങ്ങളിലൂടെ എത്തുവാനുള്ള അവസരങ്ങൾ ഇല്ലാത്തതുകൊണ്ട്, മാരകമായ മധ്യ മെഡിറ്ററേനിയൻ വഴിയിലൂടെയാണ് ആളുകൾ യൂറോപ്പിലേക്ക് എത്തുന്നത്.
കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടനയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. 2014 മുതൽ മെഡിറ്ററേനിയൻ കടലിൽ 31,500-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇതിൽ 1,300-ലധികം പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു.
മനുഷ്യജീവനുകൾ രക്ഷിക്കുന്നതിനായി കടലിൽ ഏകോപിതവും ഘടനാപരവുമായ തിരച്ചിൽ, രക്ഷാപ്രവർത്തന സംവിധാനം എന്നിവ സജീവമാക്കുന്നതിനു സംഘടന അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: