ആർച്ചുബിഷപ്പ് ഗാല്ലഘർ ഹംഗറി സന്ദർശനം പൂർത്തിയാക്കി
ഡെബോറ കാസ്റ്റെല്ലാനോ ലുബോവ്, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മാർച്ച് 27 മുതൽ 30 വരെയുള്ള തീയതികളിൽ മധ്യ യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാന്റെ സെക്രട്ടറി, ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഘർ സന്ദർശനം നടത്തി. സമാധാനത്തിനായുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനങ്ങളും, സന്ദർശന വേളയിൽ അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ജൂതന്മാരെ കൂട്ടക്കൊലയിൽ നിന്നും സംരക്ഷിക്കുവാൻ ഏറെ പരിശ്രമിച്ച, 1930 മുതൽ 1945 വരെ ബുഡാപെസ്റ്റിലെ അപ്പസ്തോലിക് നുൺഷ്യോ ആയിരുന്ന ആർച്ച് ബിഷപ്പ് ആഞ്ചെലോ റോത്തയുടെ 60-ാം ചരമവാർഷിക അനുസ്മരണത്തിലും അദ്ദേഹം പങ്കെടുത്തു. 1965 ലാണ് അദ്ദേഹം മരണമടഞ്ഞത്.
മാർച്ചുമാസം ഇരുപത്തിയെട്ടാം തീയതി, ഹംഗറിയുടെ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ, മറ്റു ഹങ്കേറിയൻ അംബാസഡർമാരുമായി ചേർന്നുള്ള സമ്മേളനത്തിൽ "ആഗോള സമാധാനസംസ്ഥാപനം: സംഘർഷ പരിഹാരത്തിൽ മതത്തിന്റെയും, നയതന്ത്രബന്ധങ്ങളുടെയും പങ്ക്" എന്ന വിഷയത്തിൽ ആർച്ചുബിഷപ്പ് സംസാരിച്ചു. "ഉക്രെയ്നിലെ യുദ്ധം യൂറോപ്യൻ സുരക്ഷയുടെ അടിത്തറയെ നശിപ്പിക്കുമ്പോൾ, ഇസ്രായേൽ-പലസ്തീൻ പ്രതിസന്ധി വഷളാകുമ്പോൾ ഈ ചർച്ച ഏറെ സമയോചിതമാണെന്നു സന്ദേശത്തിൽ അദ്ദേഹം അടിവരയിട്ടു.
സുസ്ഥിരവും നീതിയുക്തവും ദീർഘകാലം നിലനിൽക്കുന്നതുമായ സമാധാനം കൈവരിക്കുന്നതിന്, നയതന്ത്രം മാത്രമല്ല, മതങ്ങൾ ദീർഘകാലമായി ഉയർത്തിപ്പിടിക്കുന്ന ധാർമ്മികമായ അനിവാര്യതകളെ സമന്വയിപ്പിക്കേണ്ടത് ഏറെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവസാന ദിവസമായ മാർച്ച് 30 ഞായറാഴ്ച, ബുഡാപെസ്റ്റിലെ സെന്റ് സ്റ്റീഫൻ കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിമധ്യേ, ഫ്രാൻസിസ് പാപ്പായുടെ ആത്മീയമായ സാമീപ്യവും, പ്രാർത്ഥനകളും പ്രത്യേകമായി അറിയിച്ചു. തന്റെ രോഗാവസ്ഥയിൽ പ്രാർത്ഥനകളോടെ കൂടെ നിന്ന എല്ലാവർക്കും പരിശുദ്ധ പിതാവ് നന്ദിയർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: