അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്കു വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെടുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അഫ്ഗാനിസ്ഥാനിലെ പുതിയ അധ്യയന വർഷത്തിൽ ഏകദേശം നാല് ലക്ഷം പെൺകുട്ടികൾക്ക് കൂടി വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ടു. ഇതോടെ ആകെ, 2.2 ദശലക്ഷം പെൺകുട്ടികളാണ് വിദ്യാഭ്യാസം നടത്താൻ സാധിക്കാതെ വിഷമമനുഭവിക്കുന്നത്. 2030 വരെ ഈ നിരോധനം തുടർന്നാൽ, നാല് ദശലക്ഷത്തിലധികം പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം, മറ്റു ഉന്നത വിദ്യാഭ്യാസം നേടാൻ സാധിക്കാതെ വരുമെന്ന് യൂണിസെഫ് സംഘടന വിലയിരുത്തുന്നു. കഴിഞ്ഞ മൂന്നുവർഷങ്ങളായിട്ടാണ് ഈ സ്ഥിതി രാജ്യത്ത് തുടരുന്നത്. അധികാരികളുടെ ഈ തീരുമാനങ്ങൾ രാജ്യത്തിന്റെ ഭാവിക്ക് ഭീഷണിയാകുമെന്നും സംഘടനാ മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യ സംരക്ഷണ സംവിധാനത്തെയും സമ്പദ്‌വ്യവസ്ഥയെയും രാജ്യത്തിന്റെ ഭാവിയെയും നിരോധനം പ്രതികൂലമായി ബാധിക്കും. വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണം കുറവായതിനാൽ, ശൈശവ വിവാഹനിരക്കും രാജ്യത്ത് കൂടിവരുന്നതായും സംഘടന കണ്ടെത്തി.
നിരോധനം ഉണ്ടായിരുന്നിട്ടും, കമ്മ്യൂണിറ്റി ലേണിംഗിലൂടെ 445,000 കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാൻ സംഘടനയ്ക്ക് സാധിച്ചത് വലിയ നേട്ടമായി കരുതുന്നുവെന്നും, അതിൽ 64% ആളുകൾ പെൺകുട്ടികൾ ആയിരുന്നുവെന്നത് അഭിമാനാർഹമെന്നും സംഘടനയുടെ വാർത്താകുറിപ്പിൽ പറയുന്നു. എല്ലാ അഫ്ഗാൻ പെൺകുട്ടികൾക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെ തുടർന്നും യൂണിസെഫ് സംഘടന ശക്തമായി പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: