പാലസ്തീന-ഇസ്രായേൽ യുദ്ധത്തിന്റെ പാർശ്വഫലങ്ങൾ നേരിട്ട് വെസ്റ്ബാങ്കിലെ സ്‌കൂളുകൾ
മരീൻ ഹെൻറിയോട്ട്, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുന്ന പാലസ്തീൻ-ഇസ്രായേൽ യുദ്ധത്തിന്റെ കടുത്ത പാർശ്വഫലങ്ങളാണ് വെസ്റ്റ് ബാങ്കിലെ സ്‌കൂളുകൾ നേരിടുന്നതെന്ന് വെസ്റ്ബാങ്കിലെ ക്രൈസ്തവസകൂൾ അദ്ധ്യാപകർ അറിയിച്ചുവെന്ന് റിപ്പോർട്ട്. പാലസ്തീൻ പ്രദേശത്തെ ക്രൈസ്തവസ്‌കൂളധ്യാപകരിൽനിന്ന് വത്തിക്കാൻ ന്യൂസിനുവേണ്ടി മരീൻ ഹെൻറിയോട്ടാണ് അധ്യാപകരുടെ സാക്ഷ്യങ്ങൾ ശേഖരിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അധ്യാപകർ വ്യക്തമാക്കി.
പാലസ്തീൻ പ്രദേശത്തെ അറുപത്തിയഞ്ച് ക്രിസ്ത്യൻ സ്‌കൂളുകളിലായി ഇരുപത്തിരണ്ടായിരത്തോളം വിദ്യാർത്ഥികളുണ്ടായിരുന്നുവെന്നും ഇവരിൽ എണ്ണായിരത്തോളം ക്രൈസ്തവരായിരുന്നുവെന്നും റിപ്പോർട്ട് വിശദീകരിച്ചു. ഗാസാ മുനമ്പിലെ നാല് ക്രിസ്ത്യൻ സ്‌കൂളുകളിലെ നിരവധി അധ്യാപകരും, കുട്ടികളും അവരുടെ മാതാപിതാക്കളും കൊല്ലപ്പെട്ടുവെന്ന് പാലസ്തീൻ പ്രദേശത്തെ പത്ത് സ്‌കൂളുകളിൽ ഫ്രഞ്ച് അദ്ധ്യാപികയായി സേവനനമനുഷ്ഠിക്കുന്ന സി. സിലുവാൻ അറിയിച്ചു.
കഴിഞ്ഞ അൻപത്തിയാറ് വർഷങ്ങളായി തുടർന്നിരുന്ന സൈനികാധിനിവേശം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന പാലസ്തീൻ പ്രദേശത്തെ സ്‌കൂളുകൾ, 2023 ഒകോടോബർ 7-ന് ആരംഭിച്ച യുദ്ധം മൂലം കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്ന് വ്യക്തമാക്കിയ സി. സിലുവാൻ, പ്രദേശത്ത് രാത്രികാലങ്ങളിലെ ആക്രമണങ്ങളും നുഴഞ്ഞുകയറ്റവും ഇരകളുടെ എണ്ണവും കണക്കിലെടുത്ത് സ്‌കൂളുകൾ അടയ്ക്കാൻ പലപ്പോഴും തങ്ങൾ നിർബന്ധിതരാകുന്നുണ്ടെന്ന് അറിയിച്ചു. ചിലയിടങ്ങളിൽ സൈനികനിയന്ത്രണകേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുന്നത് മൂലം കുട്ടികൾക്കും അധ്യാപകർക്കും യഥാസമയം സ്‌കൂളിലേക്കെത്താൻ സാധിക്കാതെ വരുന്നുണ്ടെന്നും സി. സിലുവാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജനുവരി 15-ന് പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും,വെസ്റ്ബാങ്കിലെ ഇസ്രായേലി നുഴഞ്ഞുകയറ്റം ഇനിയും അവസാനിച്ചിട്ടില്ലെന്നും, യുദ്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും സി. സിലുവാൻ വ്യക്തമാക്കി.
തങ്ങളുടെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും തികച്ചും വിഷമകരമായ ഒരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് റമല്ലയിലെ ഗ്രീക്ക് കത്തോലിക്കാ സ്‌കൂൾ ഡയറക്ടർ നായേല റബാഹ് അറിയിച്ചു. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയെന്നത് മാത്രമല്ല, അവരുടെ മാനസികാരോഗ്യം പരിരക്ഷിക്കുകയാണെന്നതും തങ്ങളുടെ ചുമതലയാണെന്ന് നായേല കൂട്ടിച്ചേർത്തു. കുട്ടികളും അവരുടെ മാതാപിതാക്കളും മാത്രമല്ല, അധ്യാപകരും, വർഷങ്ങളായി പാലസ്തീന പ്രദേശങ്ങളിൽ തുടരുന്ന ആക്രമണങ്ങൾ മൂലം മാനസികവ്യഥയനുഭവിക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.
യൂണിസെഫ് കണക്കുകൾ പ്രകാരം, വെസ്റ്ബാങ്കിലും ജെറുസലേമിലുമായി എട്ട് ലക്ഷത്തിനടുത്ത് കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രാദേശിക വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023 ഒക്ടോബറിന് ശേഷം 8 മുതൽ 20 ശതമാനം വരെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.
വിവിധ വിഭാഗങ്ങളിൽനിന്ന് വരുന്നവരെ മനസ്സിലാക്കാനും, വ്യത്യസ്തഅഭിപ്രായങ്ങളുള്ളവരുമായി സംവദിക്കാനും, അവരെ അംഗീകരിക്കാനും പഠിപ്പിക്കുവാനായി തങ്ങൾ പരിശ്രമിക്കുന്നുണ്ടെന്ന് നായേല അറിയിച്ചു. അക്രമരാഹിത്യപരമായി ജീവിക്കാനും, മറ്റുള്ളവരോട് വൈരാഗ്യം വച്ചുപുലർത്താതിരിക്കാനും, സമാധാനമാർഗ്ഗങ്ങൾ കണ്ടെത്തുവാനും മദ്ധ്യപൂർവ്വദേശങ്ങളിലുള്ളവർ അഭ്യസിക്കേണ്ടതുണ്ടെന്ന് സിസ്റ്റർ സിലുവാൻ പറഞ്ഞു.
പ്രദേശത്ത് സാമ്പത്തികമായ വലിയ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് അധ്യാപകർ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: