മൂന്നാം വർഷവും തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിൽ പ്രതിവാരം 16 കുട്ടികൾ ഇരകളാകുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റഷ്യ-ഉക്രൈൻ യുദ്ധം മൂന്നാം വർഷവും അവസാനമില്ലാതെ തുടരുന്നതിനിടെ, ഈ കിരാതയുദ്ധം വിതച്ച നാശനഷ്ടങ്ങൾ വിവരിച്ച് യൂണിസെഫ്. രാജ്യത്തെ 669 കുട്ടികൾ ഈ മൂന്ന് വർഷത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നും, 1854 പേർക്ക് പരിക്കേറ്റെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. ഔദ്യോഗികകണക്കുകൾ പ്രകാരം ആഴ്ചയിൽ 16 കുട്ടികൾ യുദ്ധത്തിന്റെ ഇരകളായി മാറുന്നുണ്ടെന്ന് ശിശുക്ഷേമനിധി വിശദീകരിച്ചു. എന്നാൽ യഥാർത്ഥ ഇരകളുടെ എണ്ണം ഇതിലധികമായേക്കാമെന്നും സംഘടന കൂട്ടിച്ചേർത്തു. ഫെബ്രുവരി 24 തിങ്കളാഴ്‌ചയാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ യൂണിസെഫ് പുറത്തുവിട്ടത്.
ഉക്രൈനിൽ, 2023-നെ അപേക്ഷിച്ച് 2024-ൽ യുദ്ധത്തിന്റെ ഇരകളാകുന്ന കുട്ടികളുടെ എണ്ണത്തിൽ 57 ശതമാനം വർദ്ധനവുണ്ടായെന്ന് യൂണിസെഫ് അറിയിച്ചു. എന്നാൽ അതേസമയം രാജ്യത്തെ 2021 മുതലുള്ള വർഷങ്ങളിലെ ജനനനിരക്ക് 35 ശതമാനം കുറഞ്ഞുവെന്നും, രാജ്യത്തെ മൂന്നിലൊന്ന് കുട്ടികളും രാജ്യം വിടാൻ നിർബന്ധിതരായെന്നും യൂണിസെഫ് വ്യക്‌തമാക്കി.
ലോകത്തുതന്നെ ഏറ്റവും കൂടുതൽ മൈനുകൾ സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളിലൊന്നായി ഉക്രൈൻ മാറിയെന്നും രാജ്യത്തിന്റെ മുപ്പത് ശതമാനത്തോളം പ്രദേശങ്ങളിൽ ഇനിയും പൊട്ടിത്തെറിച്ചിട്ടില്ലാത്ത മൈനുകൾ അവശേഷിക്കുന്നുണ്ടെന്നും ശിശുക്ഷേമനിധി അറിയിച്ചു.
ഉക്രൈനിലെ ഏതാണ്ട് ഒരുകോടിയിലധികം ജനങ്ങൾ സ്വഭാവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായെന്ന് അറിയിച്ച യൂണിസെഫ്, ഇവരിൽ ഏതാണ്ട് മുപ്പത്തിയേഴ് ലക്ഷത്തോളം ആളുകൾ രാജ്യത്തിനുള്ളിലും, അറുപത്തിയൊൻപത് ലക്ഷത്തോളം ആളുകൾ രാജ്യത്തിന് പുറത്തുമാണെന്ന് വ്യക്തമാക്കി. ഏതാണ്ട് അൻപത്തിയൊന്ന് ലക്ഷത്തോളംപേർ കുട്ടികളാണ്.
യുദ്ധത്തിൽ ഉക്രൈനിലെ 1600-ലധികം സ്‌കൂളുകളും 786-ഓളം ആരോഗ്യപരിപാലനസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. ഇവയിൽ നല്ലൊരു പങ്കും തകർക്കപ്പെട്ടു. രാജ്യത്തെ 40 ശതമാനത്തോളം കൊച്ചുകുട്ടികൾക്ക് നഴ്‌സറി വിദ്യാഭ്യാസം ലഭിച്ചിട്ടില്ല.
അതേസമയം യൂണിസെഫിന്റെയും സഹസംഘടനകളുടെയും ഇടപെടലിന്റെ ഭാഗമായി, രാജ്യത്ത് ഏതാണ്ട് പത്ത് കോടിയോളം ആളുകൾക്ക് മാനവികസഹായം ലഭ്യമായിട്ടുണ്ടെന്ന് ശിശുക്ഷേമനിധി അറിയിച്ചു. ഏതാണ്ട് അഞ്ചരലക്ഷത്തോളം കുട്ടികൾക്ക് തങ്ങൾ നേരിട്ട് സഹായമെത്തിച്ചിട്ടുണ്ടെന്നും യൂണിസെഫ് എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: