സുഡാനിൽ തുടരുന്ന ആക്രമണങ്ങളിൽ നാൽപ്പത് കുട്ടികൾ കൊല്ലപ്പെട്ടു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദീർഘനാളുകളായി സായുധസംഘർഷങ്ങൾ തുടരുന്ന ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഫെബ്രുവരി രണ്ടുമുതൽ നാല് വരെ തീയതികളിൽ മാത്രം മൂന്ന് വ്യത്യസ്ത ബോംബാക്രമണങ്ങളിൽ 40 കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. സുഡാനിലെ കുട്ടികൾ നേരിടുന്ന അപകടങ്ങളുടെയും വെല്ലുവിളികളുടെയും നേർചിത്രമാണിതെന്ന് ഫെബ്രുവരി അഞ്ചിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ സുഡാനിലേക്കുള്ള ശിശുക്ഷേമനിധി താത്കാലികപ്രതിനിധി ആൻമരീ സ്വായ് എഴുതി.
ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച, തെക്കൻ കൊർദോഫാൻ സംസ്ഥാനത്തെ കടുഗ്ലിയിലുണ്ടായ ബോംബാക്രമണത്തിൽ 21 കുട്ടികൾ കൊല്ലപ്പെടുകയും 29 പേർക്ക് അംഗഭംഗങ്ങൾ നേരിടുകയും ചെയ്‌തുവെന്ന് യൂണിസെഫ് അറിയിച്ചു. ദാർഫുർ സംസ്ഥാനത്തെ, എൽ ഫാഷറിൽ ഒരു കാലിച്ചന്തയിലുണ്ടായ മറ്റൊരു ബോംബാക്രമണത്തിൽ പതിനൊന്ന് കുട്ടികൾ കൊല്ലപ്പെട്ടു. ഫെബ്രുവരി രണ്ടാം തീയതി, ഖർതൂം സംസ്ഥാനത്ത്, സബ്രീനിലെ ഒരു ചന്തയിലുണ്ടായ ഒരു ബോംബാക്രമണത്തിൽ എട്ട് കുട്ടികൾ കൊല്ലപ്പെടുകയും ആറു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
2024 ജൂൺ മുതൽ ഡിസംബർ വരെയുള്ള ആറു മാസങ്ങളിൽ, സുഡാനിലെ ഒൻപതിടങ്ങളിലായി കുട്ടികളുൾപ്പെടെയുള്ളവർക്ക് നേരെ തൊള്ളായിരത്തിലധികം വലിയ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പട്ടതെന്ന് ശിശുക്ഷേമനിധി അറിയിച്ചു. കണക്കുകൾ പ്രകാരം ദിവസം നാല് ആക്രമണങ്ങൾ വീതമാണ് ഉണ്ടായിട്ടുള്ളത്. ഇവയിൽ ഭൂരിഭാഗവും ദാർഫുർ, ഖർതൂം, അൽ ജാസിറാഹ് എന്നീ സംസ്ഥാങ്ങളിലാണ് അരങ്ങേറിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടികൾ കൊല്ലപ്പെട്ടതോ പരിക്കേറ്റതോ ആയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസങ്ങൾ ഇല്ലെന്ന് യൂണിസെഫ് വ്യക്തമാക്കി.
ജനുവരി അവസാനം, എൽ ഫാഷറിലെ ഏക ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ ഏഴ് കുട്ടികൾ ഇരകളായിരുന്നു. ഖർതൂമിൽ യൂണിസെഫിന്റെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഇരകളായിരുന്നു. സുഡാനിലെ സംഘർഷങ്ങളിൽ അവിടുത്തെ കുട്ടികൾ വലിയ അതിക്രമങ്ങളാണ് നേരിടുന്നതെന്ന് അപലപിച്ച യൂണിസെഫ്, സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളോട്, അന്താരാഷ്ട്രഅവകാശനിയമമനുസരിച്ച്, കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. അതിക്രമങ്ങൾ ഉടൻ അവസാനിക്കണമെന്നും ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: