പ്രതിവർഷം ഏഴേകാൽ ലക്ഷത്തോളം കുട്ടികൾ ന്യൂമോണിയ ബാധിച്ചു മരിക്കുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ന്യൂമോണിയ ബാധമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ 43 സെക്കൻഡിലും ഒരു കുട്ടി എന്ന തോതിൽ മരണമടയുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഫെബ്രുവരി 18 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഈ ശ്വാസകോശസംബന്ധിയായ രോഗത്തിന്റെ തീവ്രതയെക്കുറിച്ച് യൂണിസെഫ് അറിയിച്ചത്.
പ്രതിവർഷം രണ്ടുലക്ഷത്തോടടുത്ത് (190.000) നവജാതശിശുക്കൾ ന്യൂമോണിയ ബാധിച്ചു മരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ യൂണിസെഫ്, അഞ്ചുവയസ്സിൽ താഴെയുള്ള ഏഴേകാൽ ലക്ഷത്തിലധികം കുട്ടികളുടെ ജീവനാണ് ഈ രോഗമെടുക്കുന്നതെന്ന് വിശദീകരിച്ചു. ഇവയിൽ പകുതിയും വായുമലിനീകരണത്തിന്റെകൂടി ഫലമായാണുണ്ടാകുന്നതെന്നും ശിശുക്ഷേമനിധി വ്യക്തമാക്കി.
കുട്ടികളുടെ ജീവനെടുക്കുന്ന ഏറ്റവും വലിയ പകർച്ചവ്യാധിയെന്ന് ന്യൂമോണിയയെ വിശേഷിപ്പിച്ച യൂണിസെഫ്, ലോകത്തിലെ ദരിദ്രരാജ്യങ്ങളിൽ, പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നതെന്നും, വേണ്ടത്ര കരുതലുകളെടുത്താൽ ഇതിൽ പകുതിയിലധികം മരണങ്ങളും തടയാവുന്നവയാണെന്നും അറിയിച്ചു. അടിസ്ഥാന ആരോഗ്യസേവനം പോലും ലഭിക്കാതെ വരുന്നതാണ് ഇത്തരം രോഗബാധ നേരിടുന്ന കുട്ടികളുടെ മരണത്തിന് കാരണമാകുന്നതെന്നും, അതോടൊപ്പം, ഭക്ഷ്യലഭ്യതക്കുറവ്, മറ്റു പകർച്ചവ്യാധികൾ, വായുമലിനീകരണം തുടങ്ങിയവയും ഇവയെ കൂടുതൽ രൂക്ഷമാക്കുമെന്നും യൂണിസെഫ് വിശദീകരിച്ചു.
ക്ഷയരോഗമാണ് ന്യൂമോണിയ ബാധിച്ച കുട്ടികളുടെ മരണത്തിന് കാരണമാകുന്നതിൽ ഏറ്റവും പ്രധാനഘടകമെന്നും, പോഷകാഹാരക്കുറവ് ഇതിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ കുട്ടികൾ ന്യൂമോണിയ ബാധിച്ച് മരിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭക്ഷ്യലഭ്യതക്കുറവിനെതിരെ പ്രവർത്തിക്കണമെന്നും യൂണിസെഫ് ഓർമ്മിപ്പിച്ചു.
ലോകത്തിലെ 40 ശതമാനം കുട്ടികൾക്കും ന്യൂമോണിയയ്ക്കെതിരായ പ്രതിരോധകുത്തിവയ്പുകൾ ലഭിച്ചിട്ടില്ലെന്ന് അറിയിച്ച ശിശുക്ഷേമനിധി, കുട്ടികളുടെ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും, എല്ലാ കുട്ടികൾക്കും മെച്ചപ്പെട്ട ആരോഗ്യപരിപാലനസൗകര്യങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാ കുട്ടികൾക്കും പ്രതിരോധകുത്തിവയ്പുകൾ, ഓക്സിജൻ ലഭ്യത തുടങ്ങിയവ ഉറപ്പാക്കണമെന്നും ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: