23 കോടിയിലധികം സ്ത്രീകളും പെൺകുട്ടികളും ജനനേദ്രിയഛേദത്തിന് വിധേയരായി: ഐക്യരാഷ്ട്രസഭാസംഘടനകൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സ്ത്രീകളുടെ ജനനേന്ദ്രിയഛേദമെന്നത് അവരുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതാണെന്നും, ഇത്തരമൊരു തിന്മ, പെൺകുട്ടികളിലും സ്ത്രീകളിലും, ജീവിതകാലം മുഴുവൻ അവശേഷിക്കുന്ന ശാരീരികവും, മാനസികവും, വൈകാരികവുമായ മുറിവാണുണ്ടാക്കുന്നതെന്നും, യൂണിസെഫ്, ലോകാരോഗ്യസംഘടന, ജനസംഖ്യാഫണ്ട് എന്നീ ഐക്യരാഷ്ട്രസഭാസംഘടനകളുടെ അദ്ധ്യക്ഷർ സംയുക്തമായി പ്രസ്താവന നടത്തി. ഇതിനോടകം ഇരുപത്തിമൂന്ന് കോടിയിലധികം പെൺകുട്ടികളും സ്ത്രീകളും ജനനേന്ദ്രിയഛേദത്തിന് വിധേയരായെന്നും, ശരിയായ നടപടികൾ ഉടനടി സ്വീകരിച്ചില്ലെങ്കിൽ, രണ്ടായിരത്തിമുപ്പത്തിനുള്ളിൽ, രണ്ടുകോടി എഴുപത് ലക്ഷത്തോളം പെൺകുട്ടികളും സ്ത്രീകളുംകൂടി ഈ തിന്മയുടെ ഇരകളെയേക്കാമെന്നാണ് ഭയക്കുന്നതെന്നും സംഘടനകൾ പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ത്രീജനനേന്ദ്രിയഛേദനമെന്ന കൊടിയ തിന്മയ്‌ക്കെതിരെയുള്ള ആഗോളദിനമായ ഫെബ്രുവരി ആറാം തീയതി, യൂണിസെഫ് ഡയറക്ടർ ജെനെറൽ കാതറിൻ റസ്സൽ, ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജെനെറൽ തേദ്രോസ് അധാനോം, ജനസംഖ്യാഫണ്ട് ഡയറക്ടർ ജെനെറൽ നതാലിയ കാനേം എന്നിവർ ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ, സ്ത്രീജനനേന്ദ്രിയഛേദനത്തിനെതിരെ പ്രവർത്തിക്കുന്ന സഖ്യങ്ങൾ കൂടുതൽ ശക്തമാകണമെന്നും സഹകരിച്ചു പ്രവർത്തിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു. ഈയൊരു തിന്മ അവസാനിപ്പിക്കാനായി എല്ലാ രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത മൂവരും പുതുക്കി.
നിരവധി രാജ്യങ്ങളിൽ ഇതിനോടകം സ്ത്രീജനനേന്ദ്രിയഛേദനത്തോതിൽ കുറവുണ്ടായിട്ടുണ്ടെന്നും, കെനിയ, ഉഗാണ്ട പോലെയുള്ള രാജ്യങ്ങളിലെ കണക്കുകൾ, ഈയൊരു തിന്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഒരുമിച്ചുള്ള സഖ്യകക്ഷികളുടെ പ്രവർത്തനം എത്രമാത്രം ഫലപ്രദമാണെന്ന് തെളിയിക്കുന്നുണ്ടെന്നും മൂന്ന് സംഘടനകളും വ്യക്തമാക്കി.
ശിശുക്ഷേമനിധിയും ലോകജനസംഖ്യാഫണ്ടും ലോകാരോഗ്യസംഘടനയുടെ സഹകരണത്തോടെ 2008-ൽ ആരംഭിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി എഴുപത് ലക്ഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഈയൊരു തിന്മയ്‌ക്കെതിരായ സേവനങ്ങൾ ലഭ്യമായിട്ടുണ്ടന്നും, നാലുകോടി എൺപത് ലക്ഷത്തോളം ആളുകൾ, സ്ത്രീജനനേന്ദ്രിയഛേദമെന്ന പ്രവൃത്തിയിൽനിന്ന് ഒഴിഞ്ഞുനിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഇരുപത്തിരണ്ട് കോടി ജനങ്ങളിലേക്ക് ഈയൊരു തിന്മയ്‌ക്കെതിരായ സന്ദേശം തകങ്ങൾക്കെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ മൂന്ന് സംഘടനകളും വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവർഷങ്ങളായി ഏതാണ്ട് പന്തീരായിരത്തോളം സംഘടനകളിലെ ഒരുലക്ഷത്തിപന്തീരായിരത്തോളം പ്രവർത്തകർ, സ്ത്രീജനനേന്ദ്രിയഛേദവുമായി ബന്ധപ്പെട്ട വ്യവസ്ഥിതിയിൽ മാറ്റമുണ്ടാക്കാനായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ സംഘടനകൾ രേഖപ്പെടുത്തി.
പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതത്തെ ബാധിക്കുന്ന ഈയൊരു തിന്മയ്‌ക്കെതിരെ 31 രാജ്യങ്ങളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2030-ഓടെ ഈയൊരു തിന്മ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക്, ഏഴ് രാജ്യങ്ങളിൽ മാത്രമാണ് സുസ്ഥിരമായ ഒരു വളർച്ച രേഖപ്പെടുത്തിയതെന്ന് പ്രസ്താവനയിൽ ഐക്യരാഷ്ട്രസഭാസംഘടനകൾ വ്യക്തമാക്കി.
സ്ത്രീജനനേന്ദ്രിയഛേദമെന്ന തിന്മയുടെ അവസാനം കുറിക്കാനും, എല്ലാത്തരം സഹനങ്ങളിൽനിന്നും സ്ത്രീകൾ സംരക്ഷിക്കപ്പെടുന്നതിനുമായി ഏവരുടെയും ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമുണ്ടെന്നും സംഘടനകൾ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: