കൂടുതൽ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് നിർദ്ദേശങ്ങളുമായി യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
"കൂടുതൽ സുരക്ഷിതമായ ഇന്റർനെറ്റ് ദിനം" ആചരിക്കപ്പെടുന്ന ഫെബ്രുവരി 11-ന്, ഇന്റർനെറ്റിലെ സുരക്ഷയും, അതിനായി ഏറ്റെടുക്കേണ്ട ശ്രമങ്ങളും സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ഇറ്റാലിയൻ പ്രാദേശികഘടകം. ഫെബ്രുവരി 11-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, നെറ്റിൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച യൂണിസെഫ്, അധ്യാപകർക്കും മറ്റു പ്രവർത്തകർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത്.
തങ്ങളുടെ കുട്ടികളുടെ സന്തോഷനിമിഷങ്ങൾ, കുടുംബങ്ങളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി അവരുടെ സ്വകാര്യനിമിഷങ്ങൾ ഇന്റർനെറ്റിൽ പങ്കുവയ്ക്കുന്നതിലുള്ള അപകടസാധ്യതകളെക്കുറിച്ച് യൂണിസെഫ് ഇറ്റലിയുടെ പ്രെസിഡന്റ് കർമേല പാചെ, തങ്ങളുടെ പത്രക്കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.
കൂടുതൽ സുരക്ഷിതമായ ഇന്റർനെറ്റ് ഉപജിയോഗത്തിനായി, കുട്ടികൾ ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ശ്രദ്ധിക്കേണ്ടതിന്റെയും, പ്രോഗ്രാമുകൾ നവീകരിക്കണ്ടത്തിന്റെയും ആവശ്യമുണ്ടെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു.
ജെൻഡർ സംബന്ധമായ ദുരുപയോഗങ്ങളും ആക്രമണങ്ങളും സംബന്ധിച്ച് എഴുതിയ യൂണിസെഫ്, പ്ലേസേഫ് (PlaySafe) എന്ന സൗജന്യപ്രോഗ്രാം ഉപയോഗിച്ച് ഓൺലൈൻ അപകടങ്ങൾ തിരിച്ചറിയാൻ കഴിയേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. സ്‌കൂളുകളിലും മറ്റു പഠനയിടങ്ങളിലും പ്രവർത്തിക്കുന്നവർക്ക് ഇത്തരം പ്രോഗ്രാമുകൾ ഉപയോഗപ്രദമാണെന്ന് ശിശുക്ഷേമനിധി അറിയിച്ചു.
ഇന്റര്നെറ് സുരക്ഷയെക്കുറിച്ച് യുവജനങ്ങൾക്കിടയിൽ യു-റിപ്പോർട്ട് (U-Report) ഇറ്റലി ഘടകം ഒരു സർവ്വേ നടത്തുന്നതും യൂണിസെഫ് തങ്ങളുടെ പത്രക്കുറിപ്പിൽ പ്രതിപാദിച്ചു. യുവജനങ്ങളുടെ പങ്കാളിത്തവും, അഭിപ്രായങ്ങളും പങ്കുവയ്ക്കാനായി, യൂണിസെഫിന്റെ കൂടി പിന്തുണയോടെ 2011-ൽ ഉഗാണ്ടയിൽ ആരംഭിച്ച യു-റിപ്പോർട്ട് നിലവിൽ 102 രാജ്യങ്ങളിൽ നിലനിൽക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: