കിഴക്കൻ കോംഗോയിൽ കുട്ടികൾ ചൂഷണങ്ങൾക്ക് വിധേയരാകുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ കിഴക്കൻ പ്രദേശങ്ങളിലെ കുട്ടികൾ കടുത്ത ചൂഷണങ്ങൾക്ക് വിധേയരാകുന്നുവെന്നും, ലൈംഗികാക്രമണങ്ങൾ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവ പ്രദേശത്ത് വർദ്ധിച്ചുവെന്നും പ്രസ്താവിച്ച യൂണിസെഫ്, കുട്ടികൾ സായുധസംഘങ്ങളിൽ ചേരാൻ നിർബന്ധിതരാകുന്നുണ്ടെന്നും അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഫെബ്രുവരി പതിമൂന്ന് വ്യാഴാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ, യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സലാണ്, കോംഗോയിലെ സ്ഥിതിഗതികളിൽ കടുത്ത ആശങ്ക അറിയിച്ചത്.
സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, കോംഗോയുടെ വടക്കൻ പ്രദേശങ്ങളിലും തെക്കൻ കിവുവിലും കുട്ടികൾക്കുനേരെ നടത്തുന്ന കടുത്ത ആക്രമണങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചുമുള്ള ഭയാനകമായ വാർത്തകളാണ് പുറത്തുവരുന്നതെന്ന് യൂണിസെഫ് അദ്ധ്യക്ഷ അപലപിച്ചു. മുൻ വർഷങ്ങളിൽ രേഖപ്പെടുത്തപ്പെട്ടതിനേക്കാൾ അധികമായി ബലാത്സംഗങ്ങളും മറ്റ് ലൈംഗികചൂഷണങ്ങളും ഇവിടങ്ങളിൽ അരങ്ങേറുന്നുണ്ടെന്നും കാതറിൻ റസ്സൽ വിശദീകരിച്ചു.
ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെയുള്ള ഒരാഴ്ചയിൽ മാത്രം യൂണിസെഫും സഖ്യകക്ഷികളും, ഈ പ്രദേശങ്ങളിലെ 42 ആരോഗ്യകേന്ദ്രങ്ങളിൽനിന്നും ശേഖരിച്ച വിവരങ്ങളനുസരിച്ച്, മുൻപുണ്ടായിരുന്നതിനേക്കാൾ അഞ്ചിരട്ടി ബലാത്സംഗക്കേസുകളാണ് പുറത്തുവന്നതെന്നും, ഇവയിൽ മുപ്പത് ശതമാനവും കുട്ടികളുടെ നേർക്കുള്ളവയായിരുന്നെന്നും, എന്നാൽ ശരിയായ കണക്കുകൾ ഇതിനേക്കാൾ അധികമായിരിക്കാനാണ് സാധ്യതയെന്നും യൂണിസെഫ് അദ്ധ്യക്ഷ പ്രസ്താവിച്ചു. ഇത്തരം ആക്രമണങ്ങൾക്കിരയായവർക്ക് എച്ച്.ഐ.വി. പോലെയുള്ള രോഗങ്ങൾ പകരാതിരിക്കാനായുള്ള മരുന്നുകൾ തീർന്നുകൊണ്ടിരിക്കുകയാണെന്ന് യൂണിസെഫ് വ്യക്തമാക്കി.
കിഴക്കൻ കോംഗോയിലെ കുട്ടികളും കുടുംബങ്ങളും കടുത്ത ഷെല്ലാക്രമങ്ങൾക്കും വെടിവയ്പുകൾക്കും ഇരകളാകുകയാണെന്നും, അക്രമങ്ങളിൽനിന്ന് രക്ഷപെടാനായി അഭയാർത്ഥിക്യാമ്പുകളിൽനിന്നുപോലും പലായനം ചെയ്യാൻ അവർ നിർബന്ധിതരാകുകയാണെന്നും യൂണിസെഫ് അദ്ധ്യക്ഷ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചകളിൽ തെക്കും വടക്കും കിവുവിൽ മാത്രം 1100 കുട്ടികളെയാണ് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നും വരും ദിവസങ്ങളിൽ ഇവരുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യതയെന്നും ആശങ്ക രേഖപ്പെടുത്തിയ ശിശുക്ഷേമനിധി അധ്യക്ഷ, പ്രദേശത്ത് 12 വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ വരെ സായുധസംഘങ്ങളിൽ ചേർന്ന് പ്രവർത്തിക്കാൻ നിർബന്ധിതരായിട്ടുണ്ടെന്ന് അറിയിച്ചു.
ആക്രമണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ ഉടൻ അവ നിറുത്തണമെന്നും, കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്നത് അവസാനിപ്പിക്കണമെന്നും യൂണിസെഫ് അദ്ധ്യക്ഷ ആവശ്യപ്പെട്ടു. പ്രദേശത്തെ സൈനികനടപടികൾ വർദ്ധിച്ചുവരാതിരിക്കാനും, ആക്രമങ്ങൾ അവസാനിപ്പിക്കുന്നതിലേക്കായി നിലനിൽക്കുന്ന രാഷ്ട്രീയപരിഹാരം കണ്ടെത്തുന്നതിനുമായി നയതന്ത്രഇടപെടലുകൾ ഉൾപ്പെടെയുള്ള ശ്രമങ്ങൾ വേണമെന്നും കാതറിൻ റസ്സൽ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: