കോംഗോയിൽ കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങൾ വർദ്ധിക്കുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജനുവരി 24 മുതൽ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ സായുധസംഘർഷങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങളുടെ റിപ്പോർട്ടുകൾ മൂന്നിരട്ടിയായെന്നും, ഇതിൽ തങ്ങൾ കടുത്ത ആശങ്കയിലാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഫെബ്രുവരി 27 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് കോംഗോയിലെ സാമൂഹ്യസ്ഥിതി സംബന്ധിച്ച് യൂണിസെഫ് അപലപിച്ചത്.
രാജ്യത്ത് സായുധസംഘർഷങ്ങൾ തുടരുന്നതിനിടെ, നാളിതുവരെ ഉണ്ടായിരുന്ന ലൈംഗികചൂഷണങ്ങൾ രണ്ടര ഇരട്ടിയായി വർദ്ധിച്ചുവെന്നും, കൊല്ലപ്പെടുന്നവരുടെയും ശാരീരികമായ അക്രമങ്ങൾക്കിരയാകുന്നവരുടെയും എണ്ണം ആറിരട്ടിയായെന്നും യൂണിസെഫ് അറിയിച്ചു. സ്കൂളുകലക്കും ആശുപത്രികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പന്ത്രണ്ടിരട്ടിയായെന്നും സംഘടന കൂട്ടിച്ചേർത്തു.
രാജ്യത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് കോംഗോയിലേക്കുള്ള യൂണിസെഫ് താത്ക്കാലിക പ്രതിനിധി ഷാൻ ഫ്രാൻസ്വാ ബാസ്സ് ആവശ്യപ്പെട്ടു. രാജ്യത്ത് തുടരുന്ന അതിക്രമങ്ങൾ ഇവിടങ്ങളിലെ കുടുംബങ്ങളെ തകർക്കുകയാണെന്നും, സമൂഹത്തിൽ വ്യാപകമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും, സമീപകാലത്ത് നേടാൻ സാധിച്ച പുരോഗതിക്ക് തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ അതിക്രമങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ആവശ്യസേവനങ്ങൾ പലതും തടസ്സപ്പെട്ടിരിക്കുകയെന്നും, ആയിരക്കണക്കിന് സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണെന്നും, പല കുട്ടികളും അവരുടെ കുടുംബങ്ങളിൽനിന്ന് അകന്നുജീവിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും അറിയിച്ച യൂണിസെഫ്, ജയിലുകളിലായിരുന്നവർ സ്വാതന്ത്രരായതിനാലും ആയുധലഭ്യത വർദ്ധിച്ചതിനാലും കുട്ടികൾ കൂടുതൽ അതിക്രമങ്ങൾക്ക് വിധേയരാകാനുള്ള സാദ്ധ്യതകൾ വർദ്ധിച്ചുവെന്ന് പ്രസ്താവിച്ചു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും സായുധസംഘങ്ങളിൽ ചേർന്ന് പ്രവർത്തിക്കാൻ അവർ നിർബന്ധിതരാകുന്നതും വർദ്ധിച്ചിട്ടുണ്ടെന്നും, 2005 മുതൽ ആഗോളതലത്തിൽ ഇതുസംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നത് ആരംഭിച്ചതുമുതൽ, കോംഗോയിലാണ് ഏറ്റവും കൂടുതൽ കുട്ടികളെ ഇത്തരം പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നതെന്നും യൂണിസെഫ് അറിയിച്ചു.
കുട്ടികളുടെ അവകാശങ്ങൾക്കെതിരെയുള്ള എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാനും, കുട്ടികളുടെ സുരക്ഷാ സംബന്ധിച്ച അന്താരാഷ്ട്രനിയമങ്ങൾ പാലിക്കാനും സംഘർഷങ്ങളിലായിരിക്കുന്ന ഏവരോടും യൂണിസെഫ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: