വിശ്വസ്തനായ ദൈവവും നന്ദിയുണ്ടാകേണ്ട ദൈവജനവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഇസ്രായേൽ ജനതയുടെ കർത്താവും, ഉടമ്പടിയുടെ ദൈവവുമായ യാഹ്‌വെയുടെ വിശ്വസ്തത ഇസ്രായേൽ ജനത്തെ അനുസ്മരിപ്പിച്ച്, അവനെ അന്വേഷിക്കാനും, സ്തുതിക്കാനും ദൈവജനത്തിന് ആഹ്വാനമേകുന്ന ഒരു ഗീതമാണ് നൂറ്റിയഞ്ചാം സങ്കീർത്തനം. അബ്രാഹത്തോടും ഇസഹാക്കിനോടും ചെയ്ത നിത്യമായ ഉടമ്പടിയും (സങ്കീ. 105, 9), യൗസേപ്പിന്റെ ജീവിതവും (സങ്കീ. 105, 16-22), ഈജിപ്തിലെ വാസവും (സങ്കീ. 105, 23-27), തന്റെ ജനത്തെ വാഗ്ദത്തനാട്ടിലേക്ക് നയിക്കുവാനായി ദൈവം നടത്തുന്ന ഇടപെടലുകളും (സങ്കീ. 105, 28-36), പുറപ്പാടുസംഭവവും (സങ്കീ. 105, 37-43), ജനം വാഗ്ദത്തദേശം സ്വന്തമാക്കുന്നതുമൊക്കെ (സങ്കീ. 105, 44-45) പരാമർശിച്ചുകൊണ്ട് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ പങ്കുചേരാൻ അനുഗ്രഹം ലഭിച്ചവരാണ് തങ്ങളെന്ന് ഇസ്രായേൽ ജനതയെ ഓർമ്മിപ്പിക്കുന്ന സങ്കീർത്തനകർത്താവ്, ദൈവികനിയമങ്ങളും ചട്ടങ്ങളും പാലിക്കാനും, ദൈവത്തെ സ്തുതിക്കാനും അവർ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ ചരിത്രപരമായ സങ്കീർത്തനത്തിലൂടെ അനുസ്മരിപ്പിക്കുന്നു. തങ്ങളെ വിളിച്ച്, നയിച്ച്, അനുഗ്രഹിച്ച ദൈവത്തോട് നന്ദിയുള്ളവരായിരിക്കാനും, വിശുദ്ധിയോടെ ജീവിക്കാനും, ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു.
തിരഞ്ഞെടുപ്പിന്റെ ദൈവവും കൃതജ്ഞതയുള്ള ജനവും
ദൈവത്തിന് ഇസ്രായേൽ ജനതയോടുള്ള സ്നേഹവും, വിശ്വസ്തതയും അനുസ്മരിപ്പിച്ച്, അവനെ തേടാനും, അവന്റെ പ്രവൃത്തികൾ ഉദ്‌ഘോഷിക്കാനും, അവനിൽ ആനന്ദിക്കാനും, അവനെ സ്തുതിക്കാനും ആഹ്വാനം ചെയ്യുന്ന സങ്കീർത്തകനെയാണ് ഒന്ന് മുതൽ പതിനഞ്ചുവരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്.
ഇതിൽ ഒന്ന് മുതൽ ആറുവരെയുള്ള വാക്യങ്ങളിൽ, കർത്താവിനോട് നന്ദി നിറഞ്ഞ ഹൃദയത്തോടെ ജീവിക്കാനുള്ള സങ്കീർത്തകന്റെ ക്ഷണമാണുള്ളത്. കർത്താവിന് കൃതജ്ഞത അർപ്പിക്കാനും, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാനും, ജനതകളുടെയിടയിൽ അവന്റെ പ്രവൃത്തികൾ ഉദ്‌ഘോഷിക്കാനും (സങ്കീ. 105, 1) അവന് ഗാനവും സ്തുതിഗീതങ്ങളും ആലപിക്കാനും, അവന്റെ അത്ഭുതങ്ങൾ വർണ്ണിക്കാനും (സങ്കീ. 105, 2), അവന്റെ നാമത്തിൽ അഭിമാനം കൊള്ളാനും (സങ്കീ. 105, 3), അവനെയും അവന്റെ ബലത്തെയും തേടാനും (സങ്കീ. 105, 4) ദൈവജനത്തെ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നു. ഈ ആഹ്വാനത്തിന് ഉപോൽബലകമായി, ദൈവത്തിന്റെ വിസ്മയാവഹമായ പ്രവൃത്തികളെ, അവൻ ചെയ്ത അത്ഭുതങ്ങളെയും ന്യായവിധികളെയും, ഓർക്കാനും (സങ്കീ. 105, 5) സങ്കീർത്തകൻ ക്ഷണിക്കുന്നുണ്ട്. കർത്താവിന്റെ ദാസനായ അബ്രാഹത്തിന്റെയും, ദൈവും തിരഞ്ഞെടുത്ത യാക്കോബിന്റെയും മക്കളോടാണ് (സങ്കീ. 105, 6), ദൈവജനത്തോടാണ്, സങ്കീർത്തകന്റെ ഈ ആഹ്വാനമെന്ന് ആറാം വാക്യം വ്യക്തമാക്കുന്നുണ്ട്.
ഇസ്രായേൽ ജനതയുടെ നിസ്സാരതയും, ദൈവത്തിന്റെ ഉടമ്പടിയിലൂടെ അവർക്ക് കൈവന്ന ഉന്നതിയുമാണ് ഏഴ് മുതൽ പതിനഞ്ച് വരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ പരാമർശിക്കുക. ഭൂമി മുഴുവൻ ബാധകമായ ന്യായവിധികൾ പുറപ്പെടുവിക്കുന്ന കർത്താവിന്റെ ഉടമ്പടി എന്നേക്കുമുള്ളതാണ് (സങ്കീ. 105, 7-8). അബ്രാഹത്തിലൂടെയും, ഇസഹാക്കിലൂടെയും, യാക്കോബിലൂടെയുമാണ് ദൈവം ഇസ്രയേലിനോടുള്ള ശാശ്വതമായ ഉടമ്പടി സ്ഥാപിക്കുകയും (സങ്കീ. 105, 9-10, ഉൽപ്പത്തി 12; 15) കാനാൻദേശം ഓഹരിയായി നിശ്ചയിക്കുകയും ചെയ്യുന്നത് (സങ്കീ. 105, 11). എണ്ണത്തിൽ കുറഞ്ഞവരും പരദേശികളും, അലഞ്ഞുനടന്നിരുന്നവരുമായ ഒരു ജനത്തെയാണ് (സങ്കീ. 105, 12-13) ദൈവം തിരഞ്ഞെടുത്തത്. താൻ തിരഞ്ഞെടുത്ത ജനത്തെ പീഡിപ്പിക്കാൻ അവിടുന്ന് ആരെയും അനുവദിക്കുന്നില്ല, അവർക്കുവേണ്ടി അവൻ രാജാക്കന്മാരെ ശാസിച്ചു (സങ്കീ. 105, 14). തന്റെ അഭിഷിക്തർക്കും പ്രവാചകർക്കും എതിരായി ഒന്നും ചെയ്യരുതെന്ന് ദൈവം ആജ്ഞാപിക്കുന്നു (സങ്കീ. 105, 15). ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുമ്പോഴാണ് മനുഷ്യർക്ക് മൂല്യമേറുന്നത്.
ഈജിപ്തിലെ വാസവും കാനാൻദേശത്തേക്കുള്ള പുറപ്പാടും
പതിനാറാം വാക്യത്തിൽ ആരംഭിക്കുന്ന, സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗത്ത്, പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്ന, ഈജിപ്തിലെ അടിമത്തത്തെയും, അവിടെനിന്നുള്ള സ്വാതന്ത്ര്യത്തെയും, കാനാൻദേശം അവകാശമാക്കുന്ന ജനത്തെയും കുറിച്ചാണ് സങ്കീർത്തകൻ പ്രതിപാദിക്കുക.
പതിനാറ് മുതൽ ഇരുപത്തിരണ്ട് വരെയുള്ള വാക്യങ്ങളിൽ ഇസ്രയേലിന്റെ ഈജിപ്തിലെ വാസവുമായി ബന്ധപ്പെട്ട ജോസെഫിന്റെ ജീവിതമാണ് സങ്കീർത്തകൻ ചുരുങ്ങിയ വാക്കുകളിലൂടെ പരാമർശിക്കുക. തിരഞ്ഞെടുക്കപ്പെട്ട ജനത്തിനുവേണ്ടി ത്യാഗങ്ങളും പീഡനങ്ങളും സഹിക്കാനും, പരീക്ഷിക്കപ്പെടാനും (സങ്കീ.105, 17-19), എന്നാൽ അതേസമയം അടിമയായിരുന്നിടത്ത് അധികാരിയായി മാറാനും (സങ്കീ.105, 20-21), തന്റെ പ്രഭുക്കന്മാർക്ക് ശിക്ഷണവും ശ്രേഷ്ഠന്മാർക്ക് ഉപദേശവും നൽകാനും (സങ്കീ.105, 22), ദൈവം തിരഞ്ഞെടുത്ത് അയച്ചവനാണവൻ. സഹനങ്ങളും തിന്മകളും നന്മയുടെ നാളെയിലേക്കുള്ള ചവിട്ടുപടിയായേക്കാമെന്ന് ജോസഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ട്.
അന്നം തേടിച്ചെന്ന് ഈജിപ്തിലെ അടിമത്തത്തിന്റെ സുഖാലസ്യത്തിലേക്ക് വീഴുന്ന ഇസ്രായേൽ ജനതയെ കൈവെടിയാതെ, ദൈവം അവരെ സന്താനപുഷ്ടിയുള്ളവരും, തങ്ങളുടെ വൈരികളേക്കാൾ ശക്തരുമാക്കുന്നതും (സങ്കീ. 105, 23-24), അവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനായി മോശയെയും അഹറോനെയുമൊക്കെ തിരഞ്ഞെടുക്കുന്നതും (സങ്കീ. 105, 26) തന്റെ ജനത്തിന്റെ സ്വാതന്ത്ര്യത്തിനായി ദൈവം നടത്തുന്ന ഇടപെടലുകളുമാണ് ഇരുപത്തിമൂന്ന് മുതൽ മുപ്പത്തിയെട്ട് വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ അടിമകളാക്കി സഹനത്തിന് വിധേയരാക്കുന്ന ജനങ്ങൾ നൽകേണ്ടിവരുന്ന വില ഏറെ വലുതാണ്. ദൈവജനത്തെ സ്വാതന്ത്രരാക്കാൻ സമ്മതിക്കത്ത, ദൈവവചനത്തെ എതിർത്ത ഈജിപ്തുകാർ, അന്ധകാരത്തിന്റെയും സഹനത്തിന്റെയും നാളുകളിലൂടെയാണ് കടന്നുപോകേണ്ടിവരുന്നത് (സങ്കീ. 105, 28). അവരുടെ ജലമെല്ലാം രക്തമായതും, മത്സ്യങ്ങൾ ചത്തൊടുങ്ങിയതും (സങ്കീ. 105, 29), തവളകളും, ഈച്ചകളും പേനും പെരുകിയതും, കന്മഴയും മിന്നൽപിണറും, വെട്ടുക്കിളികളുടെ ആക്രമണവും, ഫലമേകിയിരുന്ന വൃക്ഷലതാദികളുടെയും സസ്യങ്ങളുടെയും നാശവും (സങ്കീ. 105, 30-35) അവർ സഹിക്കേണ്ടിവരികയും, തങ്ങളുടെ ആദ്യജാതന്മാരെ അവർക്ക് നഷ്ടമാകുകയും ചെയ്യുന്നുണ്ട് (സങ്കീ. 105, 36). തങ്ങൾക്ക് അടിമവേല ചെയ്തിരുന്ന ജനത്തെ, ദൈവം സ്വർണ്ണവും വെള്ളിയുമായി തങ്ങളുടെ നാട്ടിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുപോകുമ്പോൾ അതിൽ സന്തോഷിക്കാനും ആശ്വസിക്കാനും തക്കവണ്ണം ദുരിതങ്ങളാണ് അവർ നേരിടേണ്ടിവന്നത് (സങ്കീ. 105, 37-38).
എത്രമാത്രം കരുതലോടെയാണ് തന്റെ ജനത്തെ ദൈവം ഈജിപ്തിൽനിന്ന് കാനാൻ ദേശത്തേക്കുള്ള മരുഭൂമിയിലൂടെ നടത്തുന്നതെന്നാണ് മുപ്പത്തിയൊൻപത് മുതൽ നാല്പത്തിനാല് വരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ എഴുതുക. പകലിന്റെ ചൂടിൽ മേഘത്തണലും, രാത്രിയുടെ ഇരുട്ടിൽ അഗ്നിസ്തംഭവും (സങ്കീ. 105, 39) വിശപ്പിന് കാടപ്പക്ഷികളെയും ആകാശത്തുനിന്ന് അപ്പവും (സങ്കീ. 105, 40), കുടിക്കാൻ പാറയിൽനിന്ന് ജലവും (സങ്കീ. 105, 41) ദൈവം തന്റെ ജനത്തിന് നൽകുന്നുണ്ട്. അബ്രാഹത്തോട് ചെയ്ത വാഗ്ദാനമനുസ്മരിച്ച് അവൻ തന്റെ ജനത്തെ സന്തോഷത്തോടെയും ഗാനാലാപത്തോടെയും കാനാൻദേശത്തേക്ക് നയിക്കുകയും ജനതകളുടെ ദേശങ്ങൾ അവർക്ക് നൽകുകയും ചെയ്യുന്നു ((സങ്കീ. 105, 42-44).
ഇസ്രായേൽജനതയെ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന പദവിയിലേക്കുയർത്തുന്നതും, അവർക്ക് സംരക്ഷണത്തിന്റെ കവചമൊരുക്കുന്നതും, അവർ എന്നും തന്റെ ചട്ടങ്ങളും നിയമങ്ങളുമനുസരിച്ച് ജീവിക്കാൻവേണ്ടിയാണെന്ന് വ്യക്തമാക്കികൊണ്ടും, കർത്താവിനെ സ്തുതിക്കാൻ ജനത്തെ മുഴുവൻ ആഹ്വാനം ചെയ്തുകൊണ്ടുമാണ് (സങ്കീ. 105, 45) സങ്കീർത്തനം അവസാനിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
അബ്രാഹത്തിന്റെ വിളിമുതൽ ദൈവജനം കാനാൻദേശം സ്വന്തമാക്കുന്നത് വരെയുള്ള ചരിത്രം അനുസ്മരിപ്പിച്ചുകൊണ്ട്, ദൈവത്തോട് വിശ്വസ്തതയിൽ ജീവിക്കാനും, സകലർക്കും മുന്നിൽ അവന് സ്തുതിഗീതങ്ങൾ ആലപിക്കാനും, ജനതകളുടെ ഇടയിൽ അവന്റെ പ്രവൃത്തികൾ ഉദഘോഷിക്കാനും ആഹ്വാനം ചെയ്യുന്ന നൂറ്റിയഞ്ചാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ ദൈവമേകുന്ന സ്നേഹവും സംരക്ഷണവും അവന്റെ അനുഗ്രഹങ്ങളും തിരിച്ചറിഞ്ഞ് നന്ദിനിറഞ്ഞ ഹൃദയത്തോടെ ജീവിക്കാനും, ദൈവത്തിന് സാക്ഷ്യമേകാനും നമുക്ക് പരിശ്രമിക്കാം. ജോസഫിന്റെയും ഇസ്രായേൽ ജനതയുടേതുമെന്നപോലെ, അടിമത്തത്തിന്റെയും മരുഭൂമിയുടെയും പീഡനങ്ങളുടെയും വേദനകളുടെയും, നിരാശയുടെയും ദുരിതങ്ങളുടെയും അനുഭവങ്ങൾ, ആനന്ദത്തിന്റെയും സംരക്ഷണത്തിന്റെയും കാനാൻദേശത്തേക്കുള്ള, സ്വർഗ്ഗീയമായ ആനന്ദത്തിലേക്കും രക്ഷയിലേക്കുമുള്ള യാത്രയുടെ ഭാഗമാണെന്ന് തിരിച്ചറിയാം. ഈജിപ്തിലെ ഇറച്ചിപ്പാത്രത്തെയും അപ്പത്തെയും (പുറപ്പാട് 16, 3) മനസ്സിൽനിന്ന് ഉപേക്ഷിച്ച്, തേനും പാലുമൊഴുകുന്ന നാട്ടിലെ സ്വർഗ്ഗീയവിരുന്നിലേക്ക് പ്രവേശിക്കാൻ തയ്യാറാകാം. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവമേകുന്ന ജീവന്‍റെയും, ദൈവമക്കൾക്കടുത്ത സ്ഥാനത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്റെയും വിലയറിഞ്ഞ്, അനുദിനം അവന്റെ സ്തോത്രഗീതങ്ങളാലപിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: