മുസവ്വാ പ്രസ്ഥാനത്തിന് നിവാനൊ സമാധാന പുരസ്കാരം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇക്കൊല്ലത്തെ നിവാനൊ സമാധാന പുരസ്കാരം മലേഷ്യ ആസ്ഥാനമായുള്ള മുസവ്വാ ആഗോളപ്രസ്ഥാനം നേടിയിരിക്കുന്നു.
വിവിധ മത-സാംസ്കാരിക ചുറ്റുപാടുകളിൽ നിശബ്ദമാക്കപ്പെട്ടിരിക്കുന്ന സ്തീകളുടെ, വിശിഷ്യ, മുസ്ലീം സ്ത്രീകളുടെ, സമത്വത്തിനും നീതിക്കും അവരുടെ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു ആഗോള പ്രസ്ഥാനമാണ് മുസവ്വ. നാല്പത്തിരണ്ടാമത്തെതായ നിവാനൊ സമാധാന പുരസ്കാരം ചൊവ്വാഴ്ചയാണ് (18/02/25) പ്രഖ്യാപിക്കപ്പെട്ടത്.
വിവിധ സമൂഹങ്ങളിൽ പൗരബോധവും സമാധാനപരമായ സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിനും മതാന്തര സംഭാഷണത്തിനും ആത്മീയ ഐക്യദാർഢ്യത്തിനുമുള്ള സാഹചര്യങ്ങളും വേദികളും സൃഷ്ടിക്കുന്നതിനുമുള്ള മഹത്തായ സംഭാവനകൾക്കുള്ള അംഗീകരമായിട്ടാണ് ഈ പുരസ്കാരത്തിന് മുസവ്വായെ തിരഞ്ഞെടുത്തതെന്ന് നിവാനൊ പുരസ്കാരസമിതിയുടെ അദ്ധ്യക്ഷൻ മുഹമ്മദ് ഷഫിക്ക് ഒരു പ്രസ്ഥാവനയിൽ വെളിപ്പെടുത്തി.
വിശ്വാസം, ആദരവ്, പരിചരണം, സമത്വം, പാരസ്പര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങളെ മുസവ്വാ പരിപോഷിപ്പിക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ അനുസ്മരിക്കുന്നു.
വിശ്വശാന്തിക്കും സംസ്കാരികോന്നതിക്കും സംഭാവന നൽകുന്നതിനായി 1978-ൽ സ്ഥാപിതമായ നിവാനോ സമാധാന ഫൗണ്ടേഷൻ ആണ് നിവാനൊ പുരസ്കാരം നല്കുന്നത്. ഇതു സ്ഥാപിച്ചത് ജപ്പാനിലെ റിസ്സൊ കൊസേയി കായി ബുദ്ധമത സംഘടനയുടെ സ്ഥാപകനായ നിക്ക്യോ നിവാനൊയാണ്.
പുരസ്കാരദാനച്ചടങ്ങ് ഇക്കൊല്ലം മെയ് 14-ന് ജപ്പാനിൽ, ടോക്കിയൊ നഗരത്തിൽ വച്ചായിരിക്കും. സാക്ഷിപത്രം, മുദ്ര എന്നിവയ്ക്കു പുറമെ 2 കോടി യെന്നും സമ്മാനമായി നല്കപ്പെടും. ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 1 കോടി 15 ലക്ഷത്തോളം രൂപയക്ക് തുല്യമാണ് ഈ സമ്മാനത്തുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: