കോംഗൊയിൽ സംഭാഷണം അനിവാര്യം, കർദ്ദിനാൾ അംബോംഗൊ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ അന്നാടിൻറെ സൈന്യവും വിമത പ്രസ്ഥാനമായ എം 23-ഉം (M23) എത്രയും വേഗം സംഭാഷണമേശയ്ക്കു ചുറ്റും ഇരിക്കണമെന്ന് കിൻഷാസ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫ്രിദൊളിൻ അംബോംഗൊ.
കോംഗൊ റിപ്പബ്ലിക്കിൻറെ ധാതു സമ്പന്നമായ കിഴക്കുഭാഗം പിടിച്ചെടുക്കുന്നതിന് മുന്നേറ്റം തുടരുന്ന എം 23-നെ തടയാൻ കഴിയാത്ത ഒരു അവസ്ഥ സംജാതമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കർദ്ദിനാൾ അംബോംഗൊ ഞായറാഴ്ച ദിവ്യബലിമദ്ധ്യേ ഈ ആഹ്വാനം നടത്തിയത്.
കോംഗൊ റിപ്പബ്ലിക്ക് തകർച്ചയുടെ വക്കിലാണെന്ന് മുന്നറിയിപ്പേകിയ അദ്ദേഹം ആഫ്രിക്കയുടെ ചർച്ചാ പാരമ്പര്യം പിന്തുടർന്ന്, ഒരേ മേശയ്ക്കു ചുറ്റും ഇരുന്ന് സംഭാഷണത്തിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് പറഞ്ഞു.
ഗോമ നഗരത്തിൽ ആധിപത്യമുറപ്പിച്ച എം 23 തെക്ക കിവു പ്രവിശ്യയിൽ മുന്നേറിക്കൊണ്ടിരിക്കയാണ്. 2012-മുതലിങ്ങോട്ടുള്ള ആക്രമണങ്ങളിൽ അതിരൂക്ഷമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.
പ്രാദേശിക സംഘർഷത്തിലേക്കു നയിക്കാവുന്ന പോരാട്ടം തണുപ്പിക്കുന്നതിന് ആഫ്രിക്കഭൂഖണ്ഡത്തിൻറെ കിഴക്കു ഭാഗത്തെയും തെക്കുഭാഗത്തെയും നാടുകളുടെ നേതാക്കാൾ അഭൂതപൂർവ്വമായ ഒരു സംയുക്ത സമ്മേളനം ശനിയാഴ്ച ടൻസാനിയയിയലെ ദർ എസ് സലാമിൽ ചേർന്നിരുന്നു. കോംഗോയുടെ സർക്കാരിനോടും എം 23-നോടും മുഖാമുഖ ചർച്ചനടത്താൻ ഈ സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനത്തിൻറെ തീരുമാനങ്ങൾ പരിഗണനയിലുണ്ടെന്ന് കോംഗൊയുടെ സർക്കാർവൃത്തങ്ങൾ വെളിപ്പെടുത്തിയുട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: