ഇറാക്കിൽ ക്രൈസ്തവ ഐക്യം വർധിക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ക്രിസ്തുമസിന്റെ സഹോദരമനോഭാവം, പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഇറാക്കിലെ അങ്കാവയിൽ എക്യൂമെനിക്കൽ കേന്ദ്രത്തിന്റെ പ്രവർത്തനം അനുഗ്രഹപ്രദമായ രീതിയിൽ മുൻപോട്ടു പോകുന്നു. കത്തോലിക്കാ, കത്തോലിക്കാ ഇതര സഭകൾ ഉൾപ്പെടുന്ന ക്രൈസ്തവസമൂഹങ്ങൾ ഈ കേന്ദ്രത്തിന്റെ ഭാഗമായിക്കൊണ്ട്, പൊതു വിശ്വാസത്തിനു സാക്ഷ്യം വഹിക്കുന്നു. സഭകളുടെ വൈവിധ്യമാർന്ന ആരാധനാക്രമങ്ങളിലൂടെയും പാരമ്പര്യങ്ങളിലൂടെയും ക്രിസ്ത്യൻ ജനത പൊതു മൂല്യങ്ങൾക്കും പൊതു വിശ്വാസത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു.
എല്ലാ വർഷവും നടത്തിവരുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ, വിവിധ സഭകളിലെ നേതാക്കന്മാരും, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നു. ഈ അവസരങ്ങൾ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഈ സാഹോദര്യകൂട്ടായ്മയിൽ പങ്കുചേരുവാനുള്ള പ്രചോദനവും ലഭിക്കുന്നു.
തിരുപ്പിറവിയുടെ കാലഘട്ടത്തിൽ, നൂറുകണക്കിന് കുടുംബങ്ങൾ അങ്കാവ സന്ദർശിക്കാൻ വിവിധ ഇറാഖി നഗരങ്ങളിൽ നിന്ന് യാത്രചെയ്യുന്നുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. പ്രാർത്ഥിക്കുന്നതിനും, വിവിധ ആത്മീയ, സാമൂഹ്യ പരിപാടികളിൽ ഭാഗമാകുന്നതിനും ഓരോ വർഷവും വരുന്ന ആളുകളുടെ എണ്ണം വർധിക്കുന്നുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. ജനങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്കിടയിലും സമാധാനപരമായ പരസ്പര സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിൽ ഈ കേന്ദ്രം വഹിക്കുന്ന സ്ഥാനം വളരെ വലുതാണ്. ഈ സഹകരണം വിവിധ സഭകളുടെ ഇടവകകൾക്ക് ഗുണം ചെയ്യുക മാത്രമല്ല, വിശ്വാസത്തിൽ സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് അഗാധമായ സന്ദേശം നൽകുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: