തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
സങ്കീർത്തനചിന്തകൾ - 67 സങ്കീർത്തനചിന്തകൾ - 67 

സകല ജനതകളും ഇസ്രയേലിന്റെ ദൈവത്തെ വാഴ്ത്തട്ടെ

വചനവീഥി: അറുപത്തിയേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അറുപത്തിയേഴാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവം ഇസ്രായേൽ ജനത്തിനും, ലോകം മുഴുവനും നൽകുന്ന അനുഗ്രഹങ്ങളെ ഓർത്ത് ദൈവത്തിന് നന്ദി പറയുവാനും, അവനിൽ വിശ്വസിക്കുവാനും സകല ജനതകളെയും  ആഹ്വാനം ചെയ്യുന്ന ഒരു ഗീതമാണ്, "ഗായകസംഘനേതാവിന് താന്ത്രീനാദത്തോടെ സങ്കീർത്തനം, ഒരു ഗീതം"  എന്ന തലക്കെട്ടോടെയുള്ള അറുപത്തിയേഴാം സങ്കീർത്തനം. വെറും ഏഴു വാക്യങ്ങൾ മാത്രമുള്ള, ചെറുതും എന്നാൽ അർത്ഥസമ്പുഷ്ടവുമായ ഒരു കീർത്തനമാണിത്. ദൈവത്തിന്റെ അനുഗ്രഹങ്ങൾ തിരിച്ചറിയാൻ ജനതകളെ ക്ഷണിക്കുന്ന, അവനേകുന്ന രക്ഷ തിരിച്ചറിയാൻ അവരെ ആഹ്വാനം ചെയ്യുന്ന, അനുഗ്രഹദായകനായ ദൈവത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ചൈതന്യത്തെ ഈ വാക്യങ്ങളിൽ നമുക്ക് കാണാനാകും. ദൈവം തന്റെ ജനത്തിന് നൽകുന്ന സമൃദ്ധമായ വിളവ് കാണാനും, ആ ദൈവത്തെ ഭയപ്പെടാനും, അതുവഴി അവനിലേക്ക് ആരാധനയുടെ മനോഭാവത്തോടെ കടന്നുവരാനും ആഹ്വാനം ചെയ്യുകയാണ് സങ്കീർത്തകൻ. പുരോഹിതന്മാർ ഇസ്രായേൽ ജനത്തിന് നൽകിയിരുന്ന ദൈവകൃപയെക്കുറിച്ചുള്ള ആശീർവാദവാക്കുകളാണ്, സങ്കീർത്തകൻ ദൈവത്തോടുള്ള പ്രാർത്ഥനയാക്കി മാറ്റുന്നത്. ദൈവാനുഗ്രഹങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് നമ്മെ എന്തുമാത്രം അവനോട് ചേർന്ന് നിൽക്കാൻ കാരണമാകണം എന്ന ഒരു ഉദ്‌ബോധനം ഈ സങ്കീർത്തനം നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്.

ദൈവാനുഗ്രഹത്തിനായുള്ള പ്രാർത്ഥനയും കാരണവും

സങ്കീർത്തനത്തിന്റെ ആദ്യവാക്യം തന്നെ ദൈവകൃപയ്ക്കും ദൈവാനുഗ്രഹത്തിനുമായുള്ള സങ്കീർത്തകന്റെ പ്രാർത്ഥനയാണ്: "ദൈവം നമ്മോട് കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്ന് തന്റെ പ്രീതി നമ്മുടെമേൽ ചൊരിയുമാറാകട്ടെ" (സങ്കീ. 67, 1). സംഖ്യയുടെ പുസ്തകം ആറാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത്, മോശയിലൂടെ പുരോഹിതവംശത്തിൽപ്പെട്ട അഹറോനോടും പുത്രന്മാരോടും എപ്രകാരമാണ് ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കേണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ട് ദൈവം പറയുന്ന അതേ വാക്കുകളുടെ സാരാംശമാണ് ഈ ഒന്നാം വാക്യത്തിലും നാം കാണുന്നത്. ദൈവം നിന്നിൽ പ്രസാദിക്കട്ടെ, അവൻ നിന്നോട് കരുണ കാണിക്കട്ടെ, കർത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.  ദൈവകൽപ്പനയനുസരിച്ച് പുരോഹിതർ ദൈവജനത്തിന് നൽകിയിരുന്ന ആശീർവാദത്തിന്റെ വാക്കുകളെ ഇസ്രായേൽ ജനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയാക്കി സങ്കീർത്തകൻ മാറ്റുന്നു. ദൈവകൃപയും കാരുണ്യവുമാണ് ഇസ്രായേൽജനതയ്ക്ക് അനുഗ്രഹമായി മാറുന്നതെന്ന ബോധ്യം നാല് (4, 6), മുപ്പത്തിയൊന്ന് (31, 16), നാല്പത്തിനാല് (44, 3), എൺപത് (80, 3) തുടങ്ങിയ സങ്കീർത്തനങ്ങൾ ഉൾപ്പെടെ വിശുദ്ധ ഗ്രന്ഥത്തിന്റെ വിവിധയിടങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത് നമുക്ക് കാണാം.

എന്തുകൊണ്ട് ദൈവം ഇസ്രയേലിനെ അനുഗ്രഹിക്കണം എന്നതിനുള്ള കാരണമാണ് രണ്ടാം വാക്യത്തിൽ സങ്കീർത്തകൻ എഴുതിവയ്ക്കുക: "അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകാരശക്തി സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനുതന്നെ" (സങ്കീ 67, 2). താൻ ജറുസലേമിന് അതുവഴി ഇസ്രായേലിന് ചെയ്യാനിരിക്കുന്ന നന്മകൾ മറ്റു ജനതകളിൽ ഉളവാക്കുന്ന ഭയഭക്തിബഹുമാനങ്ങളെക്കുറിച്ച് ജെറമിയാ പ്രവാചകന്റെ പുസ്തകം മുപ്പത്തിമൂന്നാം അദ്ധ്യായം (ജെറമിയ 33, 9) പോലെയുള്ള വിവിധയിടങ്ങളിൽ വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വാർത്ഥതാൽപ്പര്യത്തോടെ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുകയല്ല, മറിച്ച് അവയിലൂടെ സകലജനതകൾക്കും മുന്നിൽ തിരിച്ചറിയപ്പെടുന്ന ദൈവമഹത്വം ലക്ഷ്യമാക്കിയാണ് സങ്കീർത്തകൻ ദൈവാനുഗ്രഹങ്ങൾ പ്രാർത്ഥിക്കുന്നത്. ദൈവാനുഗ്രഹങ്ങളെക്കുറിച്ചുള്ള സാക്ഷ്യം മറ്റുള്ളവർക്ക് വിശ്വാസവഴിയിൽ പ്രചോദനമായി മാറുമെന്ന് സങ്കീർത്തകൻ ഇവിടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

സകല ജനതകളുടെയും നാഥനായ ദൈവത്തെ സ്തുതിക്കുക

സങ്കീർത്തനത്തിന്റെ മൂന്നും അഞ്ചും വാക്യങ്ങളിൽ, ദൈവത്തെ ജനതകൾ പ്രകീർത്തിക്കട്ടെയെന്ന ഒരു പ്രാർത്ഥന നാം വായിക്കുന്നു: "ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ" (സങ്കീ. 67. 3; 5). നാലാം വാക്യത്തിന്റെ ആദ്യഭാഗത്ത് "ജനതകളെല്ലാം ആഹ്ളാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ!" (സങ്കീ. 67. 4a) എന്നുകൂടി സങ്കീർത്തകൻ എഴുതുന്നുണ്ട്. ഇത് ഒരേസമയം സകലജനതകളും ദൈവത്തെ ആരാധിക്കട്ടെയെന്ന, ദൈവത്തോടുള്ള പ്രാർത്ഥനയും, ഇസ്രയേലിന്റെ ദൈവത്തെ ആരാധിക്കാൻ സകലജനതകളോടുമുള്ള ഒരു ആഹ്വാനവുമാണ്. സകല ജനതകളും അനുതപിച്ച് തന്നിലേക്ക് തിരികെ വരണമെന്ന, ദൈവത്തിന്റെ ഹൃദയാഭിലാഷം തിരിച്ചറിഞ്ഞ ഒരുവനാണ് സങ്കീർത്തകൻ. ഇസ്രായേൽ ജനത്തിന്റെ മാത്രം ദൈവമെന്ന ചുരുങ്ങിയ വീക്ഷണകോണിൽനിന്ന് മാറി, സകലജനതകളുടെയും, സർവ്വപ്രപഞ്ചത്തിന്റെയും നാഥനാണ് ദൈവമെന്ന ഒരു ഉദ്‌ബോധനം കൂടിയാണ് ഇവിടെ സങ്കീർത്തകൻ നടത്തുന്നത്. നീതിയോടും ന്യായത്തോടും ലോകത്തെ വിധിക്കുവാൻ വരുന്ന ദൈവത്തെ പ്രകീർത്തിക്കാൻ തൊണ്ണൂറ്റിയെട്ടാം സങ്കീർത്തനവും (സങ്കീ. 98, 8-9) നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്.

നാലാം വാക്യത്തിന്റെ രണ്ടാം ഭാഗത്ത്, എന്തുകൊണ്ട് സകല ജനതകളും ദൈവത്തെ സ്‌തുതിക്കണം എന്നതിനുള്ള കാരണം സങ്കീർത്തകൻ എഴുതിവയ്ക്കുന്നുണ്ട്: "അങ്ങ് ജനതകളെ നീതിപൂർവം വിധിക്കുകയും, ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു" (സങ്കീ. 67, 4b). ഇസ്രയേലിന്റെ കാര്യത്തിൽ മാത്രമല്ല, സകലരുടെയും കാര്യത്തിലുള്ള ദൈവത്തിന്റെ വിധി നീതിപൂർവ്വമാണെന്നും, അവനാണ് അവരെയെല്ലാം നയിക്കുന്നതെന്നും ഈ വാക്യത്തിൽ വ്യക്തമായി സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. എന്നാൽ അതേസമയം ദൈവരാജ്യത്തിന്റെ സമയം എപ്രകാരമായിരിക്കുമെന്നുള്ള ഒരു ചിന്തകൂടി സങ്കീർത്തകൻ ഇവിടെ പങ്കുവയ്ക്കുന്നു എന്ന് വിശുദ്ധഗ്രന്ഥവ്യാഖ്യാതാക്കൾ ഈ വാക്കുകളെക്കുറിച്ച് പറയാറുണ്ട്.

"ഭൂമി അതിന്റെ വിളവ് നൽകി, ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചു. അവിടുന്ന് നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവൻ അവിടുത്തെ ഭയപ്പെടട്ടെ" (സങ്കീ. 67, 6-7) എന്ന് സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് സങ്കീർത്തകൻ എഴുതുന്നു. ദൈവം തന്റെ ജനത്തിന്റെ പ്രാർത്ഥനകൾ ശ്രവിച്ചതിനാലാണ് അവരെ അനുഗ്രഹിക്കുന്നത്. ദൈവമേകുന്ന അനുഗ്രഹങ്ങൾ ഇസ്രായേൽ ജനത്തിന് മാത്രമല്ല ഭൂമി മുഴുവനും വേണ്ടിയുള്ള ഉദ്ബോധനത്തിനുള്ള ഒരു കാരണമായി മാറുന്നു. ലോകത്തെയും, സകലജനതകളെയും കുറിച്ചുള്ള രക്ഷയുടെ പദ്ധതി തിരിച്ചറിയുന്നതുകൊണ്ടാണ് സങ്കീർത്തകൻ ഈ വാക്കുകൾ എഴുതുക. കർത്താവ് നൽകുന്ന സമൃദ്ധമായ വിളവിനെപ്പറ്റി എൺപത്തിയഞ്ചാം സങ്കീർത്തനവും (സങ്കീ. 85, 12) നമ്മോട് സംവദിക്കുന്നുണ്ട്.  ഇസ്രായേൽ ജനത്തിന് നൽകുന്ന അനുഗ്രഹങ്ങൾ സകല ജനതകൾക്കും വേണ്ടിയുള്ള ഒരു സാക്ഷ്യമായി മാറുന്നു.

സങ്കീർത്തനം ജീവിതത്തിൽ

ദൈവമേകുന്ന അനുഗ്രഹങ്ങൾ സ്വീകരിക്കുന്ന ഓരോ വിശ്വാസിയും, അവ ഒരുവന്റെ വ്യക്തിജീവിതത്തിൽ ദൈവം ചൊരിയുന്ന ദൈവകൃപ മാത്രമല്ല, സകലജനതകൾക്കും, ലോകത്തിന് മുഴുവനുമായുള്ള ദൈവത്തിന്റെ അടയാളം കൂടിയാണ് എന്ന തിരിച്ചറിവിലേക്ക് വളരേണ്ടതുണ്ടെന്ന് അറുപത്തിയേഴാം സങ്കീർത്തനം ഓർമ്മിപ്പിക്കുന്നു. ദൈവം ഇസ്രയേലിനെ തന്റെ ജനമായി തിരഞ്ഞെടുത്തു എന്നതും,  ഇസ്രയേൽ കർത്താവിനെ തങ്ങളുടെ ദൈവമായി തിരിച്ചറിയുന്നു എന്നതും സത്യമാണ്. എന്നാൽ അതേസമയം പ്രപഞ്ചസൃഷ്ടാവും പരിപാലകനുമായ ദൈവം എല്ലാ ജനതയുടെയും നാഥനായ ദൈവമാണെന്ന യാഥാർത്ഥ്യം അംഗീകരിക്കാനും, അവനെ സകലരും ആരാധിക്കാനും സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നത് നമുക്കുവേണ്ടിക്കൂടിയുള്ള ഒരു ഉദ്ബോധനമാണെന്ന് തിരിച്ചറിയാം. നമ്മുടെ കർത്താവ് നൽകുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ സാക്ഷ്യമായി മാറേണ്ടതുണ്ടെന്ന് നമുക്കോർക്കാം. മണ്ണിലും ആത്മാവിലും സമൃദ്ധമായ അനുഗ്രഹങ്ങൾ വർഷിച്ച്, കൃപയോടെ നമ്മെ കടാക്ഷിച്ച്, നമ്മുടെ മേൽ പ്രീതി ചൊരിഞ്ഞ്, സകല ജനതകൾക്കും മുന്നിൽ അനുഗ്രഹീതരായ മനുഷ്യരാക്കി, ദൈവസാക്ഷികളാക്കി നമ്മെ നിറുത്തട്ടെ. ഇസ്രയേലിന്റെ ദൈവമേകുന്ന രക്ഷ സകലർക്കും കരഗതമാകട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഏപ്രിൽ 2024, 11:58
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031