"സഹാനുഭൂതിയുടെ പരിശീലനം" രാജ്യാന്തര കലാപദ്ധതിയുമായി വത്തിക്കാൻ
അന്തോനെല്ല പലെർമോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മൂന്ന് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏഴ് പ്രമുഖ കത്തോലിക്കാ സർവ്വകലാശാലകളെയും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും, പരിരക്ഷകരെയും ഒരുമിപ്പിക്കുന്ന, "സഹാനുഭൂതിയുടെ പരിശീലനങ്ങൾ", എന്ന ത്രിവർഷ പദ്ധതിക്ക് വത്തിക്കാൻ സാംസ്കാരിക വിദ്യാഭ്യാസ ഡിക്കസ്റ്ററി രൂപം നൽകി. ഈ സംരംഭം, ഓഗസ്റ്റ് മാസം ഇരുപത്തിയേഴാം തീയതി ബ്രസീലിലെ റിയോ ദി ജനീറോയിലുള്ള പൊന്തിഫിക്കൽ കത്തോലിക്കാ സർവകലാശാലയിൽ ഉദ്ഘാടനം ചെയ്യും. 2026-2027 കാലഘട്ടത്തിൽ ചിലി, കൊളംബിയ, യുഎസ്എ, പോർച്ചുഗൽ, അംഗോള, ഇറ്റലി എന്നിവിടങ്ങളിലായി നടക്കുന്ന ഈ പരിപാടി ഇറ്റലിയിലെ വെനീസിലാണ് സമാപിക്കുക.
ലിയോ പതിനാലാമൻ പാപ്പായുടെ 'മഞ്ഞീഫിക്ക ഉമാനിത്താസ് ' (Magnifica humanitas) എന്ന ചാക്രികലേഖനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇന്നത്തെ ലോകത്ത് വർധിച്ചുവരുന്ന വിഭജനങ്ങളും സാമൂഹികമായ ഒറ്റപ്പെടലുകളും കണക്കിലെടുക്കുമ്പോൾ, 'സഹാനുഭൂതി' എന്നത് ഒരു സാംസ്കാരിക രക്ഷാമാർഗമായി മാറണമെന്ന്, ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ തോളേന്തീനോ ദേ മെന്തോത്സ വ്യക്തമാക്കി. അറിവിനെ കേവലം സാങ്കേതികമായി കാണാതെ, മറ്റുള്ളവരുടെ അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും ബഹുമാനിക്കാനും ഉൾക്കൊള്ളാനും സർവ്വകലാശാലകൾക്ക് കഴിയണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിദ്യാഭ്യാസത്തെ കേവലം വിവരങ്ങൾ കൈമാറുന്ന പ്രക്രിയയായിട്ടല്ല, മറിച്ച് സ്നേഹത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അടയാളമായാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഹന്ന ആരെന്റ്, എഡിത്ത് സ്റ്റെയിൻ തുടങ്ങിയ ദാർശനികരുടെ ചിന്തകളെ മുൻനിർത്തി, അപരന്റെ വേദനയെയും സന്തോഷത്തെയും വിനയത്തോടെ മനസ്സിലാക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. കേവലം വ്യക്തിബന്ധങ്ങളിൽ ഒതുങ്ങാതെ, സമൂഹത്തിന്റെ സമസ്ത മേഖലകളിലും സഹാനുഭൂതിയും പരസ്പര സഹകരണവും ഉറപ്പാക്കാനുള്ള ഒരു വേദി കൂടിയായിരിക്കും ഈ പദ്ധതി. വിവിധ സംസ്കാരങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള ഒരു കലാലയമായി ഈ പദ്ധതി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.