തിരയുക

ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്  

റഷ്യ- ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണം: ആർച്ചുബിഷപ്പ് ഗാല്ലഘർ മോസ്‌കോയിൽ

റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നാലുവർഷങ്ങളായി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, പരിശുദ്ധ സിംഹാസനത്തിന്റെ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘറിന്റെ റഷ്യൻ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു.

വത്തിക്കാൻ ന്യൂസ്

ഓഗസ്റ്റ് മാസം ഇരുപത്തിനാലു മുതൽ ഇരുപത്തിയെട്ടു വരെ, പരിശുദ്ധ സിംഹാസനത്തിന്റെ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ, റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ സന്ദർശനവും, വിവിധ  കൂടിക്കാഴ്ച്ചകളും നടത്തിവരികയാണ്. റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നാലുവർഷങ്ങളായി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും ദൗത്യവുമായിട്ടാണ് അദ്ദേഹം റഷ്യൻ സന്ദർശനം നടത്തിവരുന്നത്.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ആർച്ചുബിഷപ്പ് നടത്തിയ കൂടിക്കാഴ്ചാവേളയിൽ, യുദ്ധവും, സാധാരണക്കാരുടെ ദുരിതങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന പാപ്പായുടെ  ആഹ്വാനം ആവർത്തിച്ചു. അന്താരാഷ്ട്ര തലത്തിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും വത്തിക്കാന്റെ പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സൈനിക നടപടികളിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും, രാഷ്ട്രീയവും നയതന്ത്രപരവുമായ ചർച്ചകളിലൂടെ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ എന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. തടവുകാരുടെ മോചനം, പരിക്കേറ്റവർക്കുള്ള ചികിത്സ, സാധാരണക്കാരുടെ സുരക്ഷ എന്നിവയിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വത്തിക്കാന്റെ സമാധാന ശ്രമങ്ങളെയും ചർച്ചകൾക്കുള്ള സന്നദ്ധതയെയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അഭിനന്ദിച്ചു. മാനുഷിക വിഷയങ്ങളിൽ വത്തിക്കാനുമായി സഹകരിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തിൽ വത്തിക്കാനും റഷ്യയും തമ്മിലുള്ള സംവാദം തുടരുന്നത് അത്യന്താപേക്ഷിതമാണെന്ന് ഇരുപക്ഷവും എടുത്തു പറഞ്ഞു.

റഷ്യയിലെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിശ്വാസികളുടെ അജപാലന ശുശ്രൂഷകളെക്കുറിച്ചും ആർച്ചുബിഷപ്പ് ചൂണ്ടികാണിച്ചു. കൂടാതെ, മോസ്കോ പാത്രിയർക്കേറ്റിന്റെ വിദേശബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന ആർച്ചുബിഷപ്പുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ, സഭകൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശികമായ വെല്ലുവിളികളും ചർച്ച ചെയ്തു. സമാധാനം കെട്ടിപ്പടുക്കുന്നതിൽ മതസമൂഹങ്ങൾക്കുള്ള വലിയ പങ്കിനെ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

27 ഓഗസ്റ്റ് 2026, 14:37