മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്നതിലൂടെ മാത്രമേ സമാധാനം സാധ്യമാകൂ: കർദ്ദിനാൾ പരോളിൻ
വത്തിക്കാൻ ന്യൂസ്
മെക്സിക്കോയിൽ, രാജ്യത്തുടനീളം സമാധാനം ഉറപ്പാക്കുവാൻ ബന്ധപ്പെട്ടിരിക്കുന്ന, 'നാഷണൽ ഡയലോഗ് ഫോർ പീസ്' പ്രതിനിധികളുമായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ കൂടിക്കാഴ്ച നടത്തി. മെക്സിക്കൻ മെത്രാൻ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദീകരിച്ചത്. അക്കാദമിക വിദഗ്ധർ, പൊതുഭരണ ഉദ്യോഗസ്ഥർ, മതനേതാക്കൾ, കാണാതായ പ്രിയപ്പെട്ടവരെ അന്വേഷിക്കുന്ന അമ്മമാർ, പോലീസ് ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിങ്ങനെ വിവിധ മേഖലയിലുള്ള ആളുകൾ യോഗത്തിൽ സംബന്ധിച്ചു.
സമാധാനം എന്നത് ഓരോ ദിവസവും ക്ഷമയോടെ പടുത്തുയർത്തേണ്ട ഒരു 'കരകൗശല വിദ്യ' പോലെയാണെന്ന് കർദ്ദിനാൾ വിശേഷിപ്പിച്ചു. പുവേബ്ലയിൽ മകനെ കാണാതായ ഒരു അമ്മയുടെ ഹൃദയസ്പർശിയായ സാക്ഷ്യം പരാമർശിച്ചുകൊണ്ട്, ദുരിതമനുഭവിക്കുന്നവരോടുള്ള സഹാനുഭൂതിയാണ് സമാധാന ശ്രമങ്ങളുടെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ നിന്നുള്ള സമാധാന ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിനിധികൾ കർദ്ദിനാളിനോട് പങ്കുവെച്ചു. എക്കാറ്റെപെക്കിലെ സാമൂഹിക പോലീസിംഗ് മാതൃകയും വിവിധ ക്രിസ്തീയ സഭകൾ തമ്മിലുള്ള സഹകരണവും യോഗത്തിൽ ചർച്ചയായി. അപായ സാദ്ധ്യതയുള്ള മേഖലയിൽ സേവനം ചെയുന്ന വൈദികർക്ക് നൽകുന്ന പിന്തുണയും യോഗത്തിൽ എടുത്തു പറഞ്ഞു.
സമാധാനത്തിനായി പ്രയത്നിക്കുന്നവരുടെ ശ്രമങ്ങളിൽ പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ച കർദ്ദിനാൾ, ഇക്കാര്യങ്ങളിൽ വത്തിക്കാന്റെ സഹകരണവും ഉറപ്പു നൽകി. അക്രമം മൂലം കഷ്ടപ്പെടുന്ന ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്കും മെക്സിക്കോയിലെ ഈ സമാധാന ശ്രമങ്ങൾ മാതൃകയും പ്രചോദനവുമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനത്തിന്റെ പാതയിൽ തളരാതെ മുന്നോട്ട് പോകാനും അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.