നിർമ്മിത ബുദ്ധിക്ക് യഥാർത്ഥ ജ്ഞാനത്തിനു ബദലാകുക അസാധ്യം: ഡോ. പൗളോ റുഫീനി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആശയവിനിമയത്തിന്റെ അടിസ്ഥാനം സാങ്കേതികവിദ്യയല്ല, മറിച്ച് മനുഷ്യരാണെന്ന് എടുത്തു പറഞ്ഞുകൊണ്ട്, റുവാണ്ടയിലെ കിഗാലിയിൽ നടക്കുന്ന സിഗ്നിസ് (SIGNIS) ആഗോള കോൺഗ്രസിൽ സംബന്ധിക്കുന്നവർക്ക്, വത്തിക്കാൻ ആശയ വിനിമയ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനി വീഡിയോ സന്ദേശം പങ്കുവച്ചു. ഡിജിറ്റൽ യുഗത്തിൽ മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകളുടെ പ്രാധാന്യം നാം മറന്നുപോകുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം ഡിജിറ്റൽ കൂടിച്ചേരലുകൾ, ഒരിക്കലും സ്നേഹബന്ധത്തിലധിഷ്ഠിതമായ ഒരു കൂട്ടായ്മയ്ക്ക് തുല്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു സ്ക്രീനിലൂടെ പരസ്പരം നോക്കുന്നത്, നേരിട്ട് കൈകൊടുക്കുന്നതിനോ ഒരാളുടെ സാമീപ്യത്തിന്റെ ഊഷ്മളത അറിയുന്നതിനോ പകരമാവില്ല. ഡിജിറ്റൽ ലോകത്തെ ഒരു 'ലൈക്ക്' എന്നത് നേരിട്ടുള്ള ഒരു പുഞ്ചിരിക്ക് തുല്യമല്ല," അദ്ദേഹം വ്യക്തമാക്കി. നിർമ്മിത ബുദ്ധി നമ്മുടെ സമൂഹത്തെ വലിയ രീതിയിൽ മാറ്റിക്കൊണ്ടിരിക്കുകയാണെങ്കിലും, നിർണ്ണായകമായ തീരുമാനങ്ങൾ അൽഗോരിതങ്ങൾക്ക് വിട്ടുകൊടുക്കരുതെന്നും, വിവരങ്ങൾ കണക്കുകൂട്ടാനും ഭാഷയെ അനുകരിക്കാനും സാങ്കേതിക വിദ്യകൾക്ക് കഴിയുമെങ്കിലും, മനുഷ്യാനുഭവങ്ങളിൽ നിന്നും, സ്നേഹത്തിൽ നിന്നും ഉടലെടുക്കുന്ന 'യഥാർത്ഥ ജ്ഞാനത്തെ' പകരം വയ്ക്കാൻ അതിന് കഴിയില്ലയെന്നും, നമ്മുടെ ജീവിതകഥകളുടെ രചയിതാക്കൾ നാം തന്നെയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഗ്നിസ് കേവലം ഒരു ഔദ്യോഗിക സംവിധാനമായി മാറാതെ, ഒരേ വിശ്വാസം പങ്കിടുന്ന പ്രൊഫഷണലുകളുടെ ഒരു ആഗോള ശൃംഖലയായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പത്രപ്രവർത്തനം, സിനിമ തുടങ്ങിയ മേഖലകളിൽ സത്യസന്ധമായ വിവരങ്ങൾ പങ്കുവെക്കാനും വിശ്വാസത്തിലധിഷ്ഠിതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും സംഘടന മുൻകൈ എടുക്കണമെന്നും ഡോ. പൗളോ ആഹ്വാനം ചെയ്തു.
ആശയവിനിമയത്തിന്റെ ഭാവി സാങ്കേതികവിദ്യയുടെ കരുത്തിലല്ല, മറിച്ച് മനുഷ്യബന്ധങ്ങളുടെ ആഴത്തിലാണെന്നും, അതിനാൽ കൂടുതൽ മാനുഷികമായ ആശയവിനിമയ രീതികളാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്നും അദ്ദേഹം സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ ലോകത്ത് മനുഷ്യശബ്ദങ്ങൾക്കും മുഖങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോകാൻ ലോകമെമ്പാടുമുള്ള കത്തോലിക്കാ ആശയവിനിമയ പ്രവർത്തകരെ അദ്ദേഹം ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.