ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ  (AFP or licensors)

റഷ്യയിൽ സഭ സമാധാനത്തിനായി പാലങ്ങൾ പണിയണം: ആർച്ചുബിഷപ്പ് ഗാല്ലഘർ

ഓഗസ്റ്റ് മാസം ഇരുപത്തിനാലു മുതൽ റഷ്യയിൽ സന്ദർശനം നടത്തുന്ന, പരിശുദ്ധ സിംഹാസനത്തിന്റെ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ, സമാധാനത്തിനായുള്ള ശ്രമങ്ങളിൽ സഭയുടെ പങ്കിനെ എടുത്തു പറഞ്ഞു. റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നാലുവർഷങ്ങളായി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു.

വത്തിക്കാൻ ന്യൂസ്

ഓഗസ്റ്റ് മാസം ഇരുപത്തിനാലു മുതൽ റഷ്യയിൽ സന്ദർശനം  നടത്തുന്ന, പരിശുദ്ധ സിംഹാസനത്തിന്റെ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ, രാജ്യത്തെ, വൈദികർ, സമർപ്പിതർ, അത്മായർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും, അമലോത്ഭവ മാതാവിന്റെ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ചു വചന സന്ദേശം നൽകുകയും ചെയ്തു. പലപ്പോഴും ദുഷ്‌കരമായ സാഹചര്യങ്ങളിൽ പോലും, സമർപ്പിതരായ ആളുകൾ, അജപാലന, വിദ്യാഭ്യാസ, ജീവകാരുണ്യ സേവനങ്ങൾ നിർവഹിക്കുന്നതിനും, മറ്റ് ക്രിസ്ത്യാനികളുമായുള്ള സഭാ കൂട്ടായ്മയും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിനും ആർച്ചുബിഷപ്പ്  പ്രത്യേകം നന്ദിയർപ്പിച്ചു.

ആധികാരിക സാക്ഷ്യങ്ങളിലാണ്, സഭ വളരുന്നതും കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നതും എന്ന് പറഞ്ഞ അദ്ദേഹം, ജീവിതത്തിലൂടെ സുവിശേഷം വെളിപ്പെടുത്തുവാനുള്ള ഉത്തരവാദിത്വമാണ് ഏവരിലും ഏല്പിക്കപ്പെട്ടിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കൂട്ടായ്മയും ഐക്യവും വാഴുന്നിടത്ത് മാത്രമാണ് സാക്ഷ്യം വിശ്വസനീയവും ഫലപ്രദവുമായിത്തീരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റ് ക്രിസ്ത്യൻ സഭകളുമായും സഭാ സമൂഹങ്ങളുമായും, മറ്റ് മതങ്ങളുമായും, എല്ലാവരോടുമായും, സംഭാഷണത്തിന്റെ പാതകൾ കെട്ടിപ്പടുക്കുന്നതിലുള്ള  സഭയുടെ പ്രതിബദ്ധതആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു. ഒരാളുടെ സ്വന്തം വ്യക്തിത്വം  ഉപേക്ഷിക്കാതെ തന്നെ , മറ്റൊരാളിൽ സന്നിഹിതമായ സത്യത്തിലേക്കും, ദാനങ്ങളിലേക്കും കടന്നു ചെന്ന് കൊണ്ട്, സംഭാഷണത്തിന്റെ  പാതകളെ ത്വരിതപ്പെടുത്തണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.

ഒരു പാലം പണിയുക എന്നതിനർത്ഥം രണ്ട് വശങ്ങൾക്കിടയിലുള്ള ദൂരം - ഭിന്നത, വിദ്വേഷം, തെറ്റിദ്ധാരണ - എന്നിവയെ തിരിച്ചറിയുകയും അത് മറികടക്കാനുള്ള പരിശ്രമങ്ങൾ നടത്തുകയും ചെയ്യുക എന്നതാണെന്ന് പറഞ്ഞ ആർച്ചുബിഷപ്പ്, സ്നേഹവും നീതിയും സമാധാനവും വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന്, പരിശുദ്ധ അമ്മ  ഏവരെയും സഹായിക്കട്ടെയെന്നു പ്രാർത്ഥിക്കുകയും ചെയ്തു.

നമ്മുടെ ദൈനംദിന ജീവിതത്തിൽ സമാധാനത്തിന്റെ യഥാർത്ഥ കരകൗശല വിദഗ്ധരാകുക, സംവാദത്തിന്റെയും ധാരണയുടെയും പാലങ്ങൾ പണിയുക, ഹൃദയങ്ങളെ നിരായുധമാക്കുക, അടുപ്പം, ക്ഷമ, ദയ എന്നിവയാൽ മുറിവുകൾ സുഖപ്പെടുത്തുക എന്നിങ്ങനെയുള്ള ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനങ്ങളും ആർച്ചുബിഷപ്പ് ഗാല്ലഘർ അനുസ്മരിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

28 ഓഗസ്റ്റ് 2026, 13:21