തിരയുക

 വത്തിക്കാൻ ബാങ്ക്  വത്തിക്കാൻ ബാങ്ക്   (AFP or licensors)

വത്തിക്കാൻ ബാങ്ക് 2025-ലെ സുസ്ഥിരതാ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

കത്തോലിക്കാ വിശ്വാസ തത്വങ്ങളിൽ അധിഷ്ഠിതമായ നിക്ഷേപ നയങ്ങൾ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും, പ്രവർത്തനശൈലി ആക്കുകയും ചെയ്തിട്ടുള്ള വത്തിക്കാൻ ബാങ്കിന്റെ 2025 ലെ സുസ്ഥിരതാ റിപ്പോർട്ട് പ്രകാരം, മികച്ച സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചതായി എടുത്തുകാണിക്കുന്നു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വത്തിക്കാൻ ബാങ്ക് എന്നറിയപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ വർക്ക്സ് ഓഫ് റിലീജിയൻ (IOR), 2025-ലെ സുസ്ഥിരതാ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സഭയുടെ സാമൂഹിക പ്രബോധനങ്ങൾക്ക് അനുസൃതമായി സുതാര്യവും ഉത്തരവാദിത്തപൂർണ്ണവുമായ സാമ്പത്തിക നടത്തിപ്പ്  ഉറപ്പാക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് 2026 ജൂലൈ 28-ന് പുറത്തിറക്കിയ ഈ റിപ്പോർട്ട് അടിവരയിടുന്നത്. പരിസ്ഥിതി, സാമൂഹികം, ഭരണം എന്നീ ഘടകങ്ങളെ തൊഴിൽ മാതൃകയിൽ  ഉൾപ്പെടുത്തിക്കൊണ്ട് വ്യക്തികൾക്കും മാനുഷിക അന്തസ്സിനും പൊതുനന്മയ്ക്കും സേവനം ചെയ്യുന്ന ഒരു സാമ്പത്തിക വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണ് ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2025 സാമ്പത്തിക വർഷത്തിൽ ബാങ്ക് മികച്ച സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെ 67.6 ദശലക്ഷം യൂറോയുടെ സാമ്പത്തിക മൂല്യം ബാങ്ക് സൃഷ്ടിച്ചു, ഇത് മുൻവർഷത്തെ 50 ദശലക്ഷം യൂറോയേക്കാൾ ഉയർന്നതാണ്. ബാങ്കിന്റെ അറ്റാദായം 51 ദശലക്ഷം യൂറോയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഈ മൂല്യത്തിന്റെ 36 ശതമാനം പരിശുദ്ധ പിതാവിന്റെ പ്രവർത്തനങ്ങൾക്കും, 23 ശതമാനം ജീവനക്കാർക്കും, 14 ശതമാനം വിതരണക്കാർക്കും വിതരണം ചെയ്തു. ബാക്കി തുക ബാങ്കിന്റെ മൂലധനവും ദീർഘകാല സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി മാറ്റിെവച്ചു. കൂടാതെ, ബാങ്ക് കൈകാര്യം ചെയ്യുന്ന ആസ്തികളിൽ നിന്ന് ഏകദേശം 142.5 ദശലക്ഷം യൂറോ  ആഗോള സഭയുടെ ദൗത്യങ്ങളെ പിന്തുണയ്ക്കാനും ഉപയോഗിച്ചു.

കത്തോലിക്കാ വിശ്വാസ തത്വങ്ങളിൽ അധിഷ്ഠിതമായ നിക്ഷേപ നയമാണ് ബാങ്ക്  പിന്തുടരുന്നത്. മനുഷ്യജീവനോ പരിസ്ഥിതിക്കോ സമൂഹത്തിനോ ദോഷകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കമ്പനികളെ നിക്ഷേപങ്ങളിൽ നിന്ന് ബാങ്ക് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി ഡിജിറ്റലൈസേഷനും ഊർജ്ജ സംരക്ഷണത്തിനും ബാങ്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. 'IORPortal' എന്ന ഇൻ്റർനെറ്റ് ബാങ്കിംഗ് സേവനത്തിന്റെ വികസനവും രേഖകളുടെ സമ്പൂർണ്ണ ഡിജിറ്റലൈസേഷനും വഴി കടലാസ് വാങ്ങുന്നതിൽ 37 ശതമാനം കുറവുണ്ടാക്കാൻ ബാങ്കിന് സാധിച്ചു.  സാമ്പത്തിക ഉത്തരവാദിത്തവും പരിസ്ഥിതി സംരക്ഷണവും ജനങ്ങളോടുള്ള കരുതലും ഒരേപോലെ സംയോജിപ്പിച്ച് ദീർഘകാല സുസ്ഥിര മൂല്യം സൃഷ്ടിക്കാനാണ് ഐ.ഒ.ആർ ഈ റിപ്പോർട്ടിലൂടെ ലക്ഷ്യമിടുന്നത്. ബാങ്ക് പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

28 ജൂലൈ 2026, 13:52