2030-ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗോള സഹകരണം അനിവാര്യമെന്ന് വത്തിക്കാൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഐക്യരാഷ്ട്രസഭയുടെസാമ്പത്തിക- സാമൂഹ്യ കൗൺസിലിന്റെ (ECOSOC) ഉന്നതതല യോഗത്തിൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) വേഗത്തിൽ നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്ത് വത്തിക്കാൻ. "2030 ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അടിയന്തരവും പരിവർത്തനാത്മകവുമായ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക: മെച്ചപ്പെട്ട വിതരണം നടത്തുക"എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യ സംഘം നിലപാട് വ്യക്തമാക്കിയത്.
"ഓരോ വ്യക്തിയുടെയും അന്തസ്സിനെ നാം ഗൗരവമായി കാണുമ്പോൾ ചരിത്രത്തെ മെച്ചപ്പെട്ട രീതിയിൽ മാറ്റാൻ സാധിക്കും" എന്ന ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, മാനവ വികസനത്തിന്റെ പുരോഗതി പ്രധാനമായും ഭരണകൂടങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് വത്തിക്കാൻ പ്രതിനിധി സംഘം പ്രസ്താവനയിൽ പറഞ്ഞു.
വികസനത്തിന്റെ ശരിയായ അർത്ഥത്തേയും സംഘം ചൂണ്ടിക്കാണിച്ചു. വിശപ്പ്, രോഗം, നിരക്ഷരത, ദാരിദ്ര്യം എന്നിവയിൽ നിന്നുള്ള ജനങ്ങളുടെ സമ്പൂർണ്ണ മോചനമാണ് യഥാർത്ഥ വികസനമെന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടി. സാമ്പത്തികമായി ആഗോള പ്രക്രിയകളിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കണമെന്നും, സാമൂഹികമായി ഐക്യദാർഢ്യത്തിലധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. സ്വാതന്ത്ര്യവും സമാധാനവും ഉറപ്പുനൽകുന്ന ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നത് ഇതിന്റെ രാഷ്ട്രീയമായ അനിവാര്യതയാണെന്നും ദൗത്യം വ്യക്തമാക്കി.
കഴിഞ്ഞ ദശാബ്ദങ്ങളിൽ കൈവരിച്ച സാമ്പത്തിക വളർച്ച, കോടിക്കണക്കിന് ആളുകളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെങ്കിലും, രാജ്യങ്ങൾക്കിടയിലും രാജ്യങ്ങൾക്കുള്ളിലും വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ ഗൗരവകരമായ ആശങ്കയുണ്ടാക്കുന്നതായി ദൗത്യസംഘം പറഞ്ഞു. പുതിയ രൂപത്തിലുള്ള ദാരിദ്ര്യവും വികലമായ സാമ്പത്തിക വ്യവസ്ഥകളും സുസ്ഥിര വികസനത്തിന് തടസ്സമാണെന്നും ഇവയെ ചെറുക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും പ്രസ്താവനയിൽ പറയുന്നു. "മനുഷ്യന്റെ ലംഘിക്കാനാവാത്ത അന്തസ്സിലാകണം ഓരോ നീതിയുക്തമായ സമൂഹവും കെട്ടിപ്പടുക്കേണ്ടത്. ഇത് ഭരണകൂടങ്ങൾ നൽകുന്ന ഒരു ഔദാര്യമല്ല, മറിച്ച് മാറ്റമില്ലാത്ത സത്യമാണ്" എന്ന് ദൗത്യസംഘം ഓർമ്മിപ്പിച്ചു.
നിർമ്മിതബുദ്ധിയുടെ കടന്നുവരവ്, സുസ്ഥിര വികസന ലക്ഷ്യങ്ങളെ വേഗത്തിലാക്കാൻ സഹായിച്ചേക്കാമെങ്കിലും, ലാഭത്തിനോ സാങ്കേതിക മികവിനോ വേണ്ടി മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുന്ന ഒരു മാറ്റവും 'മികച്ച വികസനം' എന്ന് വിളിക്കപ്പെടാൻ അർഹമല്ലെന്നു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ സങ്കീർണ്ണതയിലല്ല, മറിച്ച് അത് എത്രത്തോളം മനുഷ്യന്റെയും പൊതുനന്മയുടെയും സേവനത്തിനായി വിനിയോഗിക്കപ്പെടുന്നു എന്നതിലാണ് പുരോഗതി അളക്കേണ്ടതെന്നും വത്തിക്കാൻ ദൗത്യസംഘം വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.