പ്രാദേശിക സഭകൾക്കുള്ള 2027 സിനഡൽ അസ്സംബ്ലി മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു
വത്തിക്കാൻ ന്യൂസ്
പ്രാദേശിക സഭകളുടെ, സിനഡൽ സമ്മേളനങ്ങൾ 2027 ൽ നടക്കാനിരിക്കെ, അവയ്ക്ക് ആവശ്യമായ , മാനദണ്ഡങ്ങളും പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങളും അടങ്ങിയ പഠന സഹായി, 'ഓർമ്മിക്കുക' എന്ന പേരിൽ, സിനഡിന്റെ ജനറൽ സെക്രട്ടേറിയേറ്റ് പ്രസിദ്ധീകരിച്ചു. www.synod.va എന്ന വെബ്‌സൈറ്റിൽ വിവിധ ഭാഷകളിൽ ഈ രേഖ ലഭ്യമാണെന്നു, സെക്രട്ടേറിയേറ്റിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു. "മൂല്യനിർണ്ണയം ഒരു സാങ്കേതിക വ്യായാമമല്ല, മറിച്ച് നന്ദിയുടെയും സത്യത്തിന്റെയും അനുഭവമാണെന്നും" വാർത്താകുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. പ്രാദേശിക സഭാകൂട്ടായ്മകളുടെ യാത്രയിൽ, കർത്താവ് കരം പിടിച്ചു മുൻപോട്ടു നടത്തിയത് തിരിച്ചറിയുകയും, അടുത്ത ഘട്ടത്തിലേക്ക് നീങ്ങുവാൻ സ്വയം അനുവദിക്കുകയും ചെയ്യുക എന്നതാണ് ഓർക്കുക എന്നതിനർത്ഥമെന്നും, ഇങ്ങനെയാണ് സഭ മാനസാന്തരപ്പെടാൻ കൂടുതൽ പ്രാപ്തയാകുന്നതെന്നും, സിനഡിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെച്ച് പറഞ്ഞു.
ഓർമ്മ എന്നത്, ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്കല്ല മറിച്ച്, വർത്തമാനകാലത്തെ അനുഭവങ്ങളെ വിവേചിച്ചറിയുന്നതിനും, ഭാവിയിലേക്ക് സ്വയം തുറക്കുന്നതിനുമായി ചരിത്രത്തിൽ ദൈവത്തിന്റെ പ്രവർത്തനങ്ങളെ തിരിച്ചറിയുക എന്നാണ്. അതിനാൽ സിനഡൽ കാലഘട്ടങ്ങളിൽ, നടത്തിയ യാത്ര പ്രാർത്ഥനാപൂർവ്വം നന്ദിയോടും ആത്മാർത്ഥതയോടും കൂടി പുനർവിചിന്തനം ചെയ്യാൻ എല്ലാ പ്രാദേശിക സഭകളെയും ആഹ്വാനം ചെയ്യുന്നതോടൊപ്പം, അതുവഴി പക്വത പ്രാപിച്ച ഫലങ്ങളിൽ അടിസ്ഥാനമാക്കി, തുടർ നടപടികളിലേക്കു കടക്കുവാനും പഠനരേഖ ഏവരെയും ക്ഷണിക്കുന്നു. ഒരു പ്രത്യേക മാതൃക നിർദേശിക്കുന്നതിനു പകരം, ഓരോ പ്രാദേശിക സന്ദർഭത്തിനും അനുയോജ്യമായ ചോദ്യങ്ങൾ, മാനദണ്ഡങ്ങൾ, പ്രായോഗിക മാർഗ്ഗനിർദ്ദേശം എന്നിവ രേഖ മുൻപോട്ടു വയ്ക്കുന്നു. സിനഡലിറ്റിയെ "ഒരു ആത്മീയ ശൈലി" എന്ന് വിശേഷിപ്പിച്ച ലിയോ പതിനാലാമൻ പപ്പയുടെ വാക്കുകളാണ് ഇവിടെ പ്രതിധ്വനിക്കുനത്.
ഈ രേഖ രണ്ടു ഭാഗങ്ങളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്നാമത്തെ ഭാഗം വിവരണമാണ്. ഓരോ പ്രാദേശിക സഭയും അത് നടത്തിയ യാത്ര വിവരിക്കുന്നു. രണ്ടാം ഭാഗം "അഗാധമായ ആത്മീയ" അനുഭവമായി മെത്രാൻ വിളിച്ചുചേർക്കുന്ന മൂല്യനിർണ്ണയ അസംബ്ലിയുടെ തയ്യാറെടുപ്പും, നടത്തിപ്പുമാണ്.
"ദാനങ്ങളുടെ കൈമാറ്റം" എന്ന മനോഭാവത്തോടെ, സഭയുടെ പൊതുവായ യാത്രയ്ക്കായി ഓരോ പ്രാദേശിക സഭയും നൽകുന്ന സംഭാവനകളാണ് വിവരണാത്മക റിപ്പോർട്ടും, കത്തും. മെത്രാന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഇവ ദേശീയ അല്ലെങ്കിൽ പ്രാദേശിക സിനഡൽ ടീമിന് കൈമാറുകയും, 2027 ജൂൺ 30-നകം സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റുമായി പങ്കുവെക്കുകയും ചെയ്യും.
രൂപതകളുടെ വിലയിരുത്തൽ സമ്മേളനങ്ങൾ കൂടുതൽ വിപുലമായ ഒരു യാത്രയുടെ തുടക്കത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇതിനെത്തുടർന്ന്, 2027-ന്റെ രണ്ടാം പകുതിയിൽ മെത്രാൻ സമിതികളുടെയും, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ഭരണസംവിധാനങ്ങളുടെയും സമ്മേളനങ്ങൾ നടക്കും. 2028-ലെ ആദ്യ നാല് മാസങ്ങളിൽ ഭൂഖണ്ഡാന്തര സമ്മേളനങ്ങളും, ഒടുവിൽ 2028 ഒക്ടോബറിൽ വത്തിക്കാനിൽ നടക്കുന്ന സഭാ സമ്മേളനത്തോടെ 2021-2028 സിനഡിന്റെ നടപ്പിലാക്കൽ പ്രക്രിയയ്ക്ക് സമാപ്തിയാവുകയും ചെയ്യും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.