സഭയുടെ ആശയവിനിമയ ശൃംഖലയുടെ അടിസ്ഥാനം ദൈവമാണ്: ഡോ. പൗളോ റുഫീനി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിട്ടുകൊണ്ട്, കൂട്ടായ്‍മയുടെ സിനഡൽ ശൈലിയിൽ, ആശയവിനിമയം നടത്തുന്ന തീർത്ഥാടനത്തിലാണ് യേശുവിന്റെ മിഷനറിമാരായ ഏവരുമെന്നു എടുത്തു പറഞ്ഞു കൊണ്ട്, ബ്രസീലിയൻ സംസ്ഥാനമായ സാവോ പോളോയിലെ അപാരെസിഡ ദേവാലയത്തിൽ, ഒമ്പതാമത് ദേശീയ ആശയവിനിമയ ശൃംഖലയുടെ സമ്മേളനത്തിൽ, വത്തിക്കാൻ ആശയവിനിമയത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് ഡോ. പൗളോ റുഫീനി സന്ദേശം നൽകി. നമ്മുടെ വ്യക്തിഗത പ്രവർത്തനങ്ങളേക്കാൾ, കൂട്ടായ ശ്രമങ്ങൾ, ആശയവിനിമയ ശൃംഖലയുടെ സാമുദായിക സത്തയിലേക്ക് നമ്മെ നയിക്കുന്നുവെന്നു അദ്ദേഹം എടുത്തു പറഞ്ഞു.
ആശയവിനിമയത്തിന് നിരവധി മുഖങ്ങളുണ്ടെങ്കിലും, അവയുടെ വേരുകൾ ദൈവീകമായ ഒന്ന് മാത്രമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സഭയുടെ എക്കാലവുമുള്ള ശൃംഖലാശൈലി ഏറെ പ്രധാനപ്പെട്ടതാണെന്നും, അത്. ദൈവത്തിൽ നിന്നുമാണ് വരുന്നതെന്നും കൂട്ടിച്ചേർത്തു. സത്യത്തോടും അന്തസ്സിനോടുമുള്ള ജനങ്ങളുടെ നിസ്സംഗത ഇന്ന് ഏറെ കാണപ്പെടുന്നുവെങ്കിലും, ക്രൈസ്തവ ആശയവിനിമയം വ്യക്തിപരവും ഘടനാപരവുമായ പരിവർത്തനം ആവശ്യപ്പെടുന്നുവെന്നും, അത് സ്നേഹത്തിൽ അടിസ്ഥാനമുറപ്പിച്ച ഒന്നാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
സാങ്കേതികവിദ്യയ്ക്ക് മാനുഷിക അടിത്തറ നൽകുക. സ്വാതന്ത്ര്യത്തിൽ സത്യത്തിനായുള്ള അന്വേഷണത്തിന്റെ മൂല്യം പുനഃസ്ഥാപിക്കുക, ആശയവിനിമയ സമ്പദ് വ്യവസ്ഥയിൽ സാമൂഹിക നീതിയുടെ നിയമങ്ങൾ സ്ഥാപിക്കുക, എന്നിവയെല്ലാം ക്രൈസ്തവരെന്ന നിലയിൽ ഏവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിർമ്മിത ബുദ്ധി പോലെയുള്ള സാങ്കേതിക പുരോഗമനങ്ങൾ ഇന്ന് അറിവിനുള്ള അവിശ്വസനീയമായ അവസരങ്ങൾ തുറക്കുമ്പോൾ പോലും, ശരിയായവയെ എപ്രകാരം വേർതിരിച്ചറിയാമെന്നും, തിരഞ്ഞെടുക്കണമെന്നും, തീരുമാനിക്കണമെന്നും ഏവരും അറിഞ്ഞിരിക്കണമെന്നും ഡോ. പൗളോ പറഞ്ഞു. അതിനാൽ, മാധ്യമങ്ങളുടെ ഉപയോഗത്തിലെ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കി, ആശയവിനിമയത്തിന്റെ അജപാലന പരിചരണം ഉറപ്പുവരുത്തേണ്ടത് ഏറെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശയവിനിമയം എന്നത് ചിന്തകളുടെയും വികാരങ്ങളുടെയും കൈമാറ്റം മാത്രമല്ല, മറിച്ച് സ്നേഹത്തിന്റെ പ്രേരണയിൽ സ്വയം സമർപ്പിക്കുന്നത് കൂടിയാണെന്ന് പറഞ്ഞ അദ്ദേഹം, യന്ത്ര ആശയവിനിമയവും, മനുഷ്യ ആശയവിനിമയവും തമ്മിലുള്ള വ്യത്യാസം ഈ സ്വയം നൽകുന്നതിലാണ് പ്രധാനമായും അടങ്ങിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.