തിരയുക

ജർമ്മൻ മെത്രാന്മാർ ജർമ്മൻ മെത്രാന്മാർ   (ANSA)

അസാധാരണ സാഹചര്യങ്ങളിൽ പോലും അല്മായർക്ക് വിശുദ്ധ ബലി മധ്യേയുള്ള വചനപ്രഘോഷണം നടത്താനാവില്ല: വത്തിക്കാൻ

ജർമ്മനിയിൽ നിന്നുള്ള മെത്രാന്മാർ ഉന്നയിച്ച, അല്മായർക്ക് വിശുദ്ധ ബലി മധ്യേയുള്ള വചനപ്രഘോഷണം നടത്തുവാൻ ആകുമോ? എന്ന ചോദ്യത്തിന് ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയം, അതിനു സാധിക്കില്ല എന്ന മറുപടിയാണ് നൽകിയത്. ആരാധനാക്രമത്തിലെ വചനപ്രഘോഷണം, തിരുപ്പട്ടത്തിലൂടെ ലഭിക്കുന്ന ദൗത്യത്തിൽ നിന്നും വേർപെടുത്താനാവില്ലെന്ന് കാര്യാലയം വ്യക്തമാക്കി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

തിരഞ്ഞെടുക്കപ്പെടുന്ന  അല്മായർക്ക് അസാധാരണ സാഹചര്യങ്ങളിൽ വചനപ്രഘോഷണം  നടത്താൻ അനുവാദം നൽകണമെന്ന ജർമ്മൻ മെത്രാന്മാരുടെ ആവശ്യത്തിന്, 2026 ജൂൺ 17-ന് അയച്ച കത്തിലൂടെ വത്തിക്കാൻ കാര്യാലയം മറുപടി നൽകി. ജർമ്മൻ മെത്രാൻ സമിതി അധ്യക്ഷൻ  ഹൈനർ വിൽമറിന്  അയച്ച കത്തിൽ, മെത്രാന്മാരുടെ അജപാലനപരമായ ആശങ്കകളെ കാര്യാലയം പ്രത്യേകം പരിഗണനയിൽ ഉൾക്കൊണ്ടു. എങ്കിലും, ഇത്തരമൊരു അനുവാദം നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. "നിലവിലുള്ള നിയമങ്ങളിൽ ഇളവ് (Indult) വരുത്താൻ കഴിയില്ല. കാരണം, വചനപ്രഘോഷണം പുരോഹിതർക്കും ഡീക്കന്മാർക്കുമായി നിജപ്പെടുത്തിയിരിക്കുന്നത് വെറുമൊരു അച്ചടക്ക നിയമമല്ല, മറിച്ച് ആരാധനാക്രമത്തിന്റെ സ്വഭാവത്തിൽ നിന്ന് തന്നെ ഉത്ഭവിക്കുന്നതാണ്," എന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

 വചനപ്രഘോഷണം എന്നത് വിശുദ്ധ കുർബാനയിലെ വചനശുശ്രൂഷയുടെ  അവിഭാജ്യ ഘടകമാണ്. ഇത് സുവിശേഷ പ്രഖ്യാപനവുമായി ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്നു. തിരുപ്പട്ടം വഴി നിയുക്തരായ ശുശ്രൂഷകർക്ക് നൽകപ്പെട്ടിട്ടുള്ള 'പ്രബോധന അധികാര'മാണ് ഇവിടെ വിനിയോഗിക്കപ്പെടുന്നതെന്നും കാര്യാലയം വ്യക്തമാക്കി. വിശുദ്ധ കുർബാനയിലെ വചനഭാഗവും, കൂദാശാഭാഗവും  തമ്മിലുള്ള ഐക്യത്തിൽ നിന്നും, തിരുപ്പട്ടം വഴി ലഭിച്ച ദൗത്യത്തിൽ നിന്നും വചനപ്രഘോഷണത്തെ വേർപെടുത്താനാവില്ലെന്ന് കത്തിൽ  വ്യക്തമാക്കുന്നു.

എന്നാൽ അതേസമയം, തിരുപ്പട്ടം ലഭിച്ച ശുശ്രൂഷകരുടെ വചനപ്രഘോഷണം കൂടുതൽ ഫലപ്രദമാക്കുന്നതിനായി അവർക്ക് തുടർച്ചയായ പരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യവും കത്തിൽ  ഊന്നിപ്പറയുന്നു. അതോടൊപ്പം, വിശുദ്ധ കുർബാനയ്ക്കിടയിലെ വചനപ്രഘോഷണത്തിന് പുറമെ, സഭാ നിയമങ്ങൾക്കും പ്രബോധനങ്ങൾക്കും വിധേയമായി അല്മായർക്ക് പൊതുഇടങ്ങളിൽ സുവിശേഷപ്രഘോഷണം നടത്താൻ നിലവിൽ തന്നെ ധാരാളം അവസരങ്ങളുണ്ടെന്നും കാര്യാലയം ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

24 ജൂൺ 2026, 14:24