ഡോ. മരിയ മോന്ത്സെറാത്ത് അൽവരാദോ ഡോ. മരിയ മോന്ത്സെറാത്ത് അൽവരാദോ 

വത്തിക്കാൻ കമ്മ്യൂണിക്കേഷൻ ഡിക്കസ്റ്ററിക്ക് പുതിയ പ്രീഫെക്ട്

വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പുതിയ പ്രീഫെക്റ്റായി, മെക്സിക്കൻ സ്വദേശിയും, അമേരിക്കൻ പൗരയുമായ ഡോ. മരിയ മോന്ത്സെറാത്ത് അൽവരാദോയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.

വത്തിക്കാൻ ന്യൂസ്

വത്തിക്കാനിലെ ആശയവിനിമയത്തിനുള്ള ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി,  ഡോ. മരിയ മോന്ത്സെറാത്ത് അൽവരാദോയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. മെക്സിക്കൻ വംശജയായ ഡോ. മരിയയ്ക്ക് അമേരിക്കൻ പൗരത്വം ആണ് ഉള്ളത്. ഇതുവരെ, അമേരിക്കയിലെ കത്തോലിക്കാ ചാനലായ ഇ ഡബ്ള്യു ടി എൻ ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനം അനുഷ്ഠിച്ചു വരവെയാണ് ഈ പുതിയ നിയോഗത്തിലേക്ക് ഡോ. മരിയയെ ക്ഷണിക്കുന്നത്.

നവംബർ 1 മുതലാണ്, പുതിയ സ്ഥാനം ഏറ്റെടുത്തു പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. മെക്സിക്കോ സിറ്റിയിൽ ജനിച്ച, ഡോ. മരിയ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത പഠനങ്ങൾ പൂർത്തിയാക്കി.

2009 മുതൽ 2023 വരെ, ബെക്കറ്റ് ഫണ്ട് ഫോർ റിലീജിയസ് ലിബർട്ടിയിൽ വിവിധ സേവനങ്ങൾ അനുഷ്ഠിച്ചു. 2023 മുതൽ, എറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ വാർത്താ വിഭാഗമായ EWTN ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി സേവനം ചെയ്തു. ടെലിവിഷൻ, പ്രിന്റ്, റേഡിയോ, ഡിജിറ്റൽ, സോഷ്യൽ മീഡിയ എന്നിവയിലുടനീളം ഏഴ് ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന നെറ്റ്വർക്ക് ശൃംഖലയുടെ നേതൃത്വം വഹിക്കുകയായിരുന്നു ഈ കാലയളവിൽ.

ഇതുവരെ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായിരുന്ന ഡോ. പൗളോ റുഫീനി സ്ഥാനം ഒഴിയുന്ന അവസരത്തിലാണ്, തത്‌സ്ഥാനത്തേക്ക് ഡോ. മരിയയെ പാപ്പാ നിയമിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജൂൺ 2026, 14:43