റാഞ്ചി അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇന്ത്യയിലെ റാഞ്ചി മെട്രോപൊളിറ്റൻ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി, അതേ അതിരൂപതാംഗവും, വികാരി ജനറലും, കത്തീഡ്രൽ ഇടവക വികാരിയുമായിരുന്ന റവ. ആനന്ദ് ഡേവിഡ് സാൽക്സോയെ പരിശുദ്ധ പിതാവ്, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. ജൂൺ മാസം ഇരുപത്തിനാലാം തീയതിയാണ് നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചത്.
ആനന്ദ് ഡേവിഡ് സാൽക്സോ 1975 നവംബർ 20 ന് റാഞ്ചിയിലെ മെട്രോപൊളിറ്റൻ അതിരൂപതയിലെ മന്ദറിലാണ് ജനിച്ചത്. കൊൽക്കത്തയിലെ സെന്റ് ജോൺ വിയാനി മൈനർ സെമിനാരി, സെന്റ് ആൽബർട്ട്സ് കോളേജ് മേജർ സെമിനാരി , റാഞ്ചിയിലെ സെന്റ് സേവ്യർ കോളേജ് എന്നിവിടങ്ങളിൽ പഠിച്ച ശേഷം, 2006, മെയ് മാസം പതിനഞ്ചാം തീയതി വൈദികനായി അഭിഷിക്തനായി.
മംഗലാപുരത്തെ മുള്ളേഴ്‌സ് ഹോസ്പിറ്റലിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജ്‌മെന്റിൽ ബിരുദാനന്തര പഠനവും അദ്ദേഹം. പൂർത്തിയാക്കിയിട്ടുണ്ട്. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ ആരോഗ്യപരിപാലന കമ്മീഷന്റെ, വിവിധ തസ്തികകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെ അദ്ദേഹം, സമിതിയുടെ സെക്രട്ടറി ജനറലായും സേവനം ചെയ്തിട്ടുണ്ട്. വൈദിക ശുശ്രൂഷയുടെ ആദ്യ മൂന്നുവർഷങ്ങളിൽ, കർദിനാൾ ടെലെസ്ഫോർ ടോപ്പോയുടെ പേഴ്‌സണൽ സെക്രട്ടറിയായും, ആനന്ദ് ഡേവിഡ് സേവനം ചെയ്തിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.