തിരയുക

പാപ്പാ ചാക്രികലേഖനത്തിൽ ഒപ്പു വയ്ക്കുന്നു പാപ്പാ ചാക്രികലേഖനത്തിൽ ഒപ്പു വയ്ക്കുന്നു  

സാങ്കേതിക വിദ്യകൾ ഒരിക്കലും നിഷ്പക്ഷമല്ല: പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക സംഘം

നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള സ്വതന്ത്ര അന്തർദേശീയ ശാസ്ത്രീയ സംഘത്തിന്റെ സഹാധ്യക്ഷന്മാരുമായി നടന്ന പൊതുസഭയുടെ പൂർണ്ണ സമ്മേളനത്തിൽ, ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യസംഘത്തിന്റെ പ്രസ്താവന വായിച്ചു. ദൗത്യസംഘത്തിന്റെ കൗൺസിലർ മോൺസിഞ്ഞോർ മാർക്കോ ഫോർമിക്കയാണ് പ്രസ്താവന വായിച്ചത്

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജൂൺ മാസം പത്തൊൻപതാം തീയതി, ന്യൂയോർക്കിൽ വച്ച്, നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള സ്വതന്ത്ര അന്തർദേശീയ ശാസ്ത്രീയ സംഘത്തിന്റെ സഹാധ്യക്ഷന്മാരുമായി നടന്ന പൊതുസഭയുടെ പൂർണ്ണ സമ്മേളനത്തിൽ, ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യസംഘത്തിന്റെ  പ്രസ്താവന വായിച്ചു. സംഘത്തിനു വേണ്ടി കൗൺസിലർ മോൺസിഞ്ഞോർ മാർക്കോ ഫോർമിക്ക പ്രസ്താവന സഭയിൽ അവതരിപ്പിച്ചു. നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കി, ഈ ആദ്യത്തെ സംവേദനാത്മക സംഭാഷണം വിളിച്ചുചേർത്തതിനെ പരിശുദ്ധ സിംഹാസനം സ്വാഗതം ചെയ്യുന്നുവെന്ന ആമുഖത്തോടെയാണ് പ്രസ്താവന ആരംഭിക്കുന്നത്.

തുടർന്ന് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനമായ, 'മഞ്ഞീഫിക്ക ഉമാനിത്താസ്', മുൻപോട്ടു വയ്ക്കുന്ന ആരോഗ്യപരമായ ആശയങ്ങളും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നവ സാങ്കേതിക വിദ്യകൾ പ്രവചനാതീതമാണെന്നും, അതിനാൽ, ഇവ വ്യക്തികളുടെ അന്തസ്സിലും, പൊതുനന്മയിലും ഉണ്ടാക്കിയേക്കാവുന്ന ദീർഘകാല പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാണിക്കുന്നുവെന്നുമുള്ള പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞു.

ഈ പരിഗണനകളുടെ വെളിച്ചത്തിൽ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ വിലയിരുത്തലുകൾ നടത്തുവാനും, നിർമ്മിത ബുദ്ധിയുടെ അപകടസാധ്യതകളും സ്വാധീനങ്ങളും ശ്രദ്ധാപൂർവ്വം വിലയിരുത്തുന്നതിനും ശാസ്ത്ര സംഘത്തെ ഏൽപ്പിക്കുവാനുള്ള ദൗത്യത്തെയും പരിശുദ്ധ സിംഹാസനം സ്വാഗതം ചെയ്യുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട അവസരങ്ങളുടെയും, അപകടസാധ്യതകളുടെയും  വിലയിരുത്തൽ പുരോഗതിക്ക് തടസ്സമായല്ല, മറിച്ച് ഉത്തരവാദിത്തത്തിന്റെ ഒരു പ്രവൃത്തിയായി കാണണമെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു. സാങ്കേതികവിദ്യ ഒരിക്കലും നിഷ്പക്ഷമല്ല എന്നും, ഇത് രൂപകൽപ്പന ചെയ്യുകയും ധനസഹായം നൽകുകയും നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ മുൻഗണനകളെയും അനുമാനങ്ങളെയും ഇത് സ്വാധീനിക്കുന്നുണ്ടെന്ന മുന്നറിയിപ്പും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. അതിനാൽ ഇവയുടെ ഉപയോഗത്തിലും, രൂപകൽപ്പനയിലും ധാർമ്മികമായ ഒരു വിവേചനം ഏറെ പ്രധാനപ്പെട്ടതാണെന്നും, പ്രസ്താവനയിൽ  അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

20 ജൂൺ 2026, 09:10