സമ്മേളനത്തിൽ പങ്കെടുക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ  

ഭിന്നതയുടെ മതിലുകൾക്ക് പകരം 'പാലങ്ങൾ' പണിയണമെന്നാണ് സഭ ആഗ്രഹിക്കുന്നത്: കർദിനാൾ കൂവക്കാട്

സംവാദത്തിലൂടെയും സഹകരണത്തിലൂടെയും സാഹോദര്യം വളർത്തുക' എന്ന പ്രമേയത്തിൽ റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കൽ സർവകലാശാലയിൽ രണ്ടു ദിവസത്തെ സമ്മേളനം നടക്കുന്നു. സമാധാനം സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും വ്യത്യസ്ത മതപാരമ്പര്യങ്ങളുടെ പങ്കിനെക്കുറിച്ച് വത്തിക്കാൻ മതാന്തര സംവാദങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് സമ്മേളനത്തിന്റെ ഉദ്‌ഘാടന വേളയിൽ എടുത്തുപറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകം യുദ്ധങ്ങളാലും വിദ്വേഷങ്ങളാലും വിഭജിക്കപ്പെടുമ്പോൾ, സംവാദത്തിലൂടെയും സഹകരണത്തിലൂടെയും സാഹോദര്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ റോമിൽ അന്തർമത സമ്മേളനം ആരംഭിച്ചു. 'യൂറോപ്പിലെ ബുദ്ധ, ക്രിസ്ത്യൻ, ഹിന്ദു, ജൈന, സിഖ് മതവിഭാഗങ്ങൾ: സംവാദത്തിലൂടെയും സഹകരണത്തിലൂടെയും സാഹോദര്യം വളർത്തുക' എന്ന പ്രമേയത്തിൽ റോമിലെ സെന്റ് തോമസ് അക്വിനാസ് പോന്തിഫിക്കൽ സർവകലാശാലയിലാണ് (Angelicum) ദ്വിദിന സമ്മേളനം നടക്കുന്നത്.

വത്തിക്കാൻ മതാന്തര സംവാദങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട്  കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിച്ചു. മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധങ്ങളും വർദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ 'സാഹോദര്യം' എന്നത് പലപ്പോഴും അപ്രായോഗികമായ സ്വപ്നമെന്ന നിലയിൽ  മാറ്റിനിർത്തപ്പെടുകയാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടക്കം കുറിച്ച 'അസീസിയുടെ ആത്മാവിനെ' (Spirit of Assisi) കർദ്ദിനാൾ അനുസ്മരിച്ചു. വിശ്വസാഹോദര്യത്തിന്റെ അപ്പസ്തോലനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച്, ഫ്രാൻസിസ് പാപ്പായുടെ  'ഫ്രത്തെല്ലി തൂത്തി' എന്ന ചാക്രികലേഖനം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ അദ്ദേഹം ഊന്നിപ്പറഞ്ഞു. വിശ്വാസികൾക്കിടയിൽ ഭിന്നതയുടെ മതിലുകൾക്ക് പകരം 'പാലങ്ങൾ' പണിയണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്പിന്റെ സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങളെക്കുറിച്ച് സംസാരിക്കവെ, കുടിയേറ്റവും ആഗോളവൽക്കരണവും യൂറോപ്പിനെ വംശങ്ങളുടെയും ഭാഷകളുടെയും ഒരു സംഗമഭൂമിയാക്കി മാറ്റിയിട്ടുണ്ടെന്ന് കർദ്ദിനാൾ ചൂണ്ടിക്കാട്ടി. ഈ വൈവിധ്യത്തെ ഒരു ഭീഷണിയായി കാണാതെ, സമൂഹത്തിന്റെ പുരോഗതിക്കുള്ള സമ്പത്തായി കാണുവാനും അദ്ദേഹം ഏവരെയും ക്ഷണിച്ചു. സ്വന്തം മതത്തിൽ വിശ്വസിക്കുവാനും, അത്  പ്രകടിപ്പിക്കാനും ആചരിക്കാനുമുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള സംവാദം, പരസ്പര സ്നേഹവും ബഹുമാനവും വർദ്ധിപ്പിക്കുമെന്ന് കർദ്ദിനാൾ കൂവക്കാട് പറഞ്ഞു. ലോകം മുമ്പെങ്ങുമില്ലാത്തവിധം ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നീതി, സമാധാനം, മാനുഷിക സാഹോദര്യം എന്നിവയ്ക്കായി എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനിൽക്കണമെന്നും, അതിനാൽ  ഈ സമ്മേളനം വിശ്വാസവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തുന്ന പുതിയ വഴികൾ കണ്ടെത്താൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജൂൺ 23-ന് ആരംഭിച്ച സമ്മേളനം നാളെ സമാപിക്കും. വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

23 ജൂൺ 2026, 13:20