മതാന്തര സംവാദങ്ങൾക്കായുള്ള, വത്തിക്കാൻ  ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്,അസർബൈജാൻ രാഷ്ട്ര  തലവൻ, ഇൽഹാം ഓലിയേവുമായി കൂടിക്കാഴ്ച്ച നടത്തുന്നു മതാന്തര സംവാദങ്ങൾക്കായുള്ള, വത്തിക്കാൻ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്,അസർബൈജാൻ രാഷ്ട്ര തലവൻ, ഇൽഹാം ഓലിയേവുമായി കൂടിക്കാഴ്ച്ച നടത്തുന്നു  

സ്നേഹത്തിന്റെ നാഗരികത വളർത്തുകയും, പ്രോത്സാഹിപ്പിക്കുകയും വേണം: കർദിനാൾ കൂവക്കാട്

മതാന്തര സംവാദങ്ങൾക്കായുള്ള, വത്തിക്കാൻ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, ജൂൺ മാസം പതിനഞ്ചു മുതൽ പത്തൊൻപതു വരെ, അസർബൈജാൻ രാജ്യം സന്ദർശിക്കുകയും, രാഷ്ട്ര തലവൻ, ഇൽഹാം ഓലിയേവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, എദോവാർദോ ജിരിബാൾദി, വത്തിക്കാൻ സിറ്റി

പ്രാദേശിക കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളും വിവിധ സമൂഹങ്ങൾക്കിടയിൽ സമാധാനപരവും പരസ്പര ബഹുമാനപൂർണവുമായ സഹവർത്തിത്വം വളർത്തുന്നതിനായി സഹിഷ്ണുതയും ബഹുസാംസ്കാരികതയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും, എടുത്തു പറഞ്ഞുകൊണ്ട്,  മതാന്തര സംവാദങ്ങൾക്കായുള്ള, വത്തിക്കാൻ  ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, ജൂൺ മാസം പതിനഞ്ചു മുതൽ പത്തൊൻപതു വരെ, അസർബൈജാൻ രാജ്യം സന്ദർശിക്കുകയും, രാഷ്ട്ര  തലവൻ, ഇൽഹാം ഓലിയേവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.  ജൂൺ 18-ന് ഉച്ചകഴിഞ്ഞ്, ബാക്കുവിലെ കോക്കസസ് മേഖലയിലെ ഷെയ്ഖ് ഉൽ-ഇസ്ലാം അല്ലാഹ്ഷുകൂർ പാഷസാദെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ, തനിക്ക് ലഭിച്ച ഹൃദയംഗമമായ സ്വീകരണത്തിനും പരിശുദ്ധ സിംഹാസനത്തെയും അസർബൈജാനിലെ മതസമൂഹങ്ങളെയും ദീർഘകാലമായി ബന്ധിപ്പിച്ചിരിക്കുന്ന സൗഹൃദത്തിനും കർദിനാൾ നന്ദിയർപ്പിച്ചു.

രാജ്യത്തെ അപ്പസ്തോലിക പ്രിഫക്റ്റ് മോൺസിഞ്ഞോർ വ്‌ലാദിമിർ ഫെകേതെ, പരിശുദ്ധ സിംഹാസനത്തിലെ അസർബൈജാൻ സ്ഥാനപതി ഇൽഗാർ മുഖ്തറോവ്, പ്രാദേശിക ക്രൈസ്തവ-യഹൂദ സമൂഹങ്ങളുടെ പ്രതിനിധികൾ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. 2002-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നടത്തിയ സന്ദർശനവും 2016-ൽ ഫ്രാൻസിസ് പാപ്പ നടത്തിയ സന്ദർശനവും കർദിനാൾ അനുസ്മരിച്ചു. ഈ സന്ദർശനങ്ങളും, മറ്റു സംരംഭങ്ങളും, ഇരു വിഭാഗങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ശക്തമാക്കിയതായി കർദിനാൾ ചൂണ്ടിക്കാട്ടി. 

ക്രൈസ്തവേതര മതങ്ങളുമായുള്ള സഭയുടെ ബന്ധങ്ങളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രഖ്യാപനമായ നൊസ്ത്ര അയെത്താതെയുടെ പഠനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, “ക്രൈസ്തവരും മുസ്ലിംകളും സമാധാനത്തിന്റെ സേവനത്തിനായി ഒരുമിച്ച് സഞ്ചരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും,  അത്  ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ഏക ദൈവത്തെ നാം ആരാധിക്കുന്നുവെന്ന തിരിച്ചറിവിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്” എന്നതും കർദിനാൾ എടുത്തു പറഞ്ഞു.

എന്നാൽ ഇതുവരെ കൈവരിച്ച നേട്ടങ്ങൾ “സ്നേഹത്തിന്റെ നാഗരികത” കെട്ടിപ്പടുക്കുവാൻ വേണ്ടിയാണെന്നും, ഇതാണ് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, തന്റെ ചാക്രിക ലേഖനമായ, 'മഞ്ഞീഫിക്ക ഉമാനിത്താസ്', മുൻപോട്ടു വയ്ക്കുന്ന ആശയമെന്നും എടുത്തു പറഞ്ഞ കർദിനാൾ, അഞ്ച് പ്രധാന പ്രതിബദ്ധതകളും ചൂണ്ടിക്കാട്ടി.

വൈരവും വിഭജനവും വിതയ്ക്കുന്ന വാക്കുകളെ നിരായുധമാക്കുക;

ഓരോ വ്യക്തിയുടെയും അന്തസ്സിനെ സംരക്ഷിച്ച് നീതിയിലൂടെ സമാധാനം നിർമ്മിക്കുക;

ഇരകളുടെ കാഴ്ചപ്പാട് സ്വീകരിച്ച് ദുരിതമനുഭവിക്കുന്നവരുടെ നിലവിളി കേൾക്കുക;

മതങ്ങൾക്കും സംസ്കാരങ്ങൾക്കും ജനതകൾക്കും ഇടയിലുള്ള സംവാദം പുതുക്കുക;

സമകാലിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനായി നയതന്ത്രവും ബഹുകക്ഷി സഹകരണവും ശക്തിപ്പെടുത്തുക. എന്നിവയാണ് ആ പ്രതിബദ്ധതകൾ.

ജൂൺ 16-ന് ചൊവ്വാഴ്ചകർദിനാൾ, അസർബൈജാൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഇൽഹാം ഓലിയേവുമായും കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്റെയും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി  കർദിനാൾ പിയെത്രോ പരോളിന്റെയും ആശംസകൾ കർദിനാൾ കൈമാറി. സമാധാനവും മതാന്തര സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനായി സഹിഷ്ണുതയുടെയും ബഹുസാംസ്കാരികതയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, പരിശുദ്ധ സിംഹാസനവും നിലവിലെ പ്രസിഡന്റിന്റെ പിതാവിന്റെ പേരിൽ സ്ഥാപിതമായ ഹെയ്ദർ അലിയേവ് ഫൗണ്ടേഷനും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും ചർച്ച നടന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

20 ജൂൺ 2026, 09:12